ജാജ്-ട്രയംഫ് കൂട്ടുക്കെട്ടില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഒരു ബൈക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഈ വരവ് വര്‍ഷങ്ങള്‍ നീണ്ടുപോയെങ്കിലും ഒടുവില്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് സമയം കുറിച്ചിരിക്കുകയാണ്. ജൂലായ് അഞ്ചാം തീയതി ബജാജ്-ട്രയംഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആദ്യ ബൈക്ക് പ്രദര്‍ശിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പൂനെയിലെ ചകാനിലാണ് ഈ ബൈക്കിന്റെ ആദ്യ പ്രദര്‍ശനം. 

To advertise here,

ഇരുകമ്പനികളുടെയും മേല്‍നോട്ടത്തില്‍ ഒരുങ്ങുന്ന ഈ ബൈക്കിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പല തവണ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ്. സ്‌ക്രാംബ്ലര്‍ ഡിസൈനിലുള്ള വാഹനമായിരിക്കും ഇതെന്നാണ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കിയിരുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പും റിയര്‍വ്യൂ മിററില്‍ നിന്നും റെട്രോ ഭാവത്തിന്റെ സൂചന നല്‍കുന്നവയായിരുന്നു. ലളിതമായി ഒരുങ്ങിയിട്ടുള്ള പെട്രോള്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, അലോയി വീലുകള്‍, അപ്പ്സെപ്റ്റ് എക്സ്ഹോസ്റ്റ്, മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും വലിപ്പമുള്ള ടയറുകള്‍ എന്നിവ ചിത്രം നല്‍കിയ സൂചനയാണ്.

ആഡംബര ബൈക്കുകള്‍ക്ക് സമാനമായ എന്‍ജിന്‍ ഏരിയയായാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ പ്രീ-ലോഡ് അഡ്ജെസ്റ്റ് സംവിധാനമുള്ള മോണോഷോക്ക് സസ്പെന്‍ഷനുമാണ് ഇതില്‍ നല്‍കുന്നത്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് സുരക്ഷ ഉറപ്പാക്കുന്നത്. സ്‌റ്റൈലിഷായി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ചതുരാകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാന്റ് ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍ ബ്രാസ് എന്നിവയും ഈ ബൈക്കിലുണ്ട്.

മിഡ്-സൈസ് ബൈക്ക് ശ്രേണിയില്‍ 350 സി.സിക്കും 500 സി.സിക്കും ഇടയിലുള്ള ബൈക്കുമായായിരിക്കും ബജാജ്-ട്രയംഫ് കൂട്ടുകെട്ട് എത്തുകയെന്നാണ് വിലയിരുത്തല്‍. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുമായി മത്സരിക്കുന്നതിനായി 350 സി.സി. ബൈക്ക് ആയിരിക്കും ഇതെന്നും വിലയിരുത്തലുണ്ട്. മെക്കാനിക്കലായ വിവരങ്ങള്‍ രണ്ട് കമ്പനികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022-ല്‍ ഈ ബൈക്ക് ഇന്ത്യയില്‍ എത്തുമെന്നായിരുന്നു പ്രഥമിക വിവരം. എന്നാല്‍, അടുത്ത വര്‍ഷത്തോടെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുതിയ സൂചന.

ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ ആഗോള വിപണിയില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് ഈ കൂട്ടുകെട്ടില്‍ നടക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് എന്‍ട്രി ലെവല്‍ ബൈക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം.  ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.