ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏതാനും മോഡലുകള്‍ നിരത്തൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സംശയം കൂടുതല്‍ ബലപ്പെടുത്തി ഹോണ്ട ഗ്രാസിയ, ഏവിയേ്റ്റര്‍ എന്നീ ബൈക്കുകളുടെ വിവരം ഹോണ്ടയുടെ വെബൈസൈറ്റില്‍ നിന്ന് നീക്കം ചെയ്തു. 

To advertise here,

ഇന്ത്യന്‍ നിരത്തുകളില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മോഡലാണ് ഹോണ്ട ഏവിയേറ്റര്‍. അതേസമയം, 2017-ലാണ് ഗ്രാസിയ എത്തുന്നത്. ഒന്നുകില്‍ ഈ മോഡലുകള്‍ ഉത്പാദനം അവസാനിപ്പിച്ചു, അല്ലെങ്കില്‍ ബിഎസ്6-ലേക്ക് മാറുന്നതിന് മുന്നോടിയായി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. എന്നിങ്ങനെയാണ് ഇക്കാര്യത്തിലെ വിലയിരുത്തലുകള്‍.

ഡിയോ, ആക്ടീവ 6ജി, ആക്ടീവ 125 എന്നീ മൂന്ന് സ്‌കൂട്ടറുകളുടെ വിവരം മാത്രമാണ് ഇപ്പോള്‍ ഹോണ്ടയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഗ്രാസിയ മികച്ച വരവേല്‍പ്പ് ലഭിച്ച മോഡലാണെന്നും ബിഎസ്-6 എന്‍ജിനില്‍ ഉടന്‍ മടങ്ങിയെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഏവിയേറ്ററിന്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണ്.

aviator

ആക്ടീവ 125-ല്‍ നല്‍കിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഗ്രാസിയയ്ക്ക് കരുത്തേകുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനും എന്‍ജിന്‍ ഫ്രിക്ഷന്‍ കുറയ്ക്കുന്നതിനും ഹോണ്ട ഇക്കോ ടെക്‌നോളജിയും ഇതിലുണ്ടായിരുന്നു.

2012-ല്‍ ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങിയ സ്‌കൂട്ടറാണ് ഏവിയേറ്റര്‍. 109 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ സ്‌കൂട്ടര്‍ 8 ബിഎച്ച്പി പവറും 8.94 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്‍സ്മിഷനിലുള്ള ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്.

Source: NDTV Car and Bike

Content Highlights: Honda Grazia, Aviator Taken Off From Honda India Official Website