നിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്‌പ്ലെൻഡര്‍ എന്ന ബൈക്ക്. ഈ സിനിമയിലൂടെ ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെൻഡര്‍ യുവാക്കളുടെ ഹൃദയങ്ങളിലേക്കാണ് ഓടിക്കയറിയത്. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ സ്‌പ്ലെൻഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

To advertise here,

1997 മാര്‍ച്ച് 26-നാണ് ഫാസിലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍-ശാലിനി താരജോടികള്‍ അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് പുറത്തിറങ്ങി നാളെ 25 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത് സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമാക്കുകയാണ്. 

ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്‌പ്ലെൻഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. വാഹനം കണ്ടെത്തിയതിന് പിന്നാലെ ഷോറൂം ഉടമയായ കമാല്‍ എം. മാക്കിയിലുമായി സംസാരിച്ച് ബൈക്ക് ഇതുതന്നെയാണെന്ന് ഉറപ്പിച്ച ശേഷമാണ് കുഞ്ചാക്കോ ബോബന്‍ ഈ വാഹനം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

90-കളിലെ ബൈക്കുകളില്‍ വലിയ സ്വീകാര്യത നേടിയ ഹീറോ ഹോണ്ട സി.ഡി.100 എസ്.എസ്. എന്ന ബൈക്കിന്റെ പിന്മുറക്കാരനായാണ് സ്‌പ്ലെൻഡര്‍ വിപണിയില്‍ എത്തുന്നത്. 1994-ല്‍ നിര്‍മാണം ആരംഭിച്ചാണ് ഈ ബൈക്ക് നിരത്തുകളില്‍ എത്തിയത്. 1980-കളില്‍ വിദേശ നിരത്തുകളില്‍ എത്തിയിരുന്ന ഹോണ്ട സി.ബി.250 ആര്‍.എസ്. എന്ന ബൈക്കിന്റെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹീറോ ഹോണ്ട സ്‌പ്ലെൻഡര്‍ നിര്‍മാതാക്കള്‍ ഒരുക്കിയിരുന്നത്. 

1994-ല്‍ പുറത്തിറക്കിയ ഈ ബൈക്ക് അനിയത്തി പ്രാവ് എന്ന സിനിമയിലൂടെ കേരളത്തില്‍ വലിയ പ്രചാരം നേടിയിരുന്നു. പത്ത് വര്‍ഷത്തെ വിജയ പ്രയാണത്തിനൊടുവില്‍ 2004-ലാണ് സ്‌പ്ലെന്‍ഡര്‍ ആദ്യ മുഖം മിനുക്കല്‍ നടത്തുന്നത്. സ്‌പ്ലെന്‍ഡര്‍ പ്ലസ് എന്ന പേരിലാണ് ഈ വാഹനം എത്തിയത്. ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവയിലെ മാറ്റം പുതിയ ഡിസൈനിലുള്ള ഗ്രാഫിക്‌സുകള്‍ എന്നിവയായിരുന്നു ഈ ബൈക്കില്‍ വരുത്തിയിരുന്ന പുതുമ. 

97.2 സി.സി. ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനായിരുന്നു സ്‌പ്ലെന്‍ഡറിന്റെ ഹൃദയം. ഇത് 7.44 ബി.എച്ച്.പി. പവറും 7.95 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നത്. 60 കിലോമീറ്ററിന് മുകളില്‍ ഇന്ധനക്ഷമതയും സ്‌പ്ലെന്‍ഡര്‍ ഉറപ്പാക്കിയിരുന്നു. 2007-ലും 2011-ലും സാങ്കേതികമായും ഫീച്ചറുകളിലും പല മാറ്റങ്ങളും വരുത്തി സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തിയിരുന്നു. 2011 ഹീറോയും ഹോണ്ടയും പിരിഞ്ഞതിന് ശേഷവും ഹീറോ ലേബലിലും ഈ ബൈക്ക് തുടരുന്നുണ്ട്.