യാത്രക്കാരുടെ സൗകര്യാര്‍ഥം ചെന്നൈ മെട്രോ റെയില്‍ സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വരുന്നു. സ്മാര്‍ട്ട് സൈക്കിളുകളുടെ മാതൃകയില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സേവനം മിനിറ്റിന് ഒരുരൂപ നിരക്കില്‍ ഉപയോഗിക്കാവുന്നതാണ്.

To advertise here,

ആദ്യഘട്ടത്തില്‍ ആലന്തൂര്‍, നന്ദനം, ഗിണ്ടി, ലിറ്റില്‍ മൗണ്ട് എന്നീ നാല് സ്റ്റേഷനുകളിലായിരിക്കും ലഭ്യമാകുക. വരുന്നമാസങ്ങളില്‍ ബാക്കിയുള്ള മെട്രോ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കും.

ഫ്‌ളൈ റെന്റല്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ ഫോണില്‍ 'ഫ്‌ളൈ' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് സേവനം ഉപയോഗിക്കാം. ഒരു സ്റ്റേഷനില്‍നിന്ന് സ്‌കൂട്ടര്‍ എടുത്താല്‍ യാത്രകഴിയുമ്പോള്‍ അടുത്തുള്ള 'ഫ്‌ളൈ സോണില്‍' വാഹനം തിരികെവെക്കാം.

രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് സേവനം ലഭ്യമായിരിക്കുക. പരിസ്ഥിതി സൗഹൃദപരമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെകൂടി ഭാഗമായാണ് പദ്ധതി കൊണ്ടുവരുന്നതെന്ന് സി.എം.ആര്‍.എല്‍. അറിയിച്ചു. 

നിലവില്‍ ഷെയര്‍ ഓട്ടോ, ഷെയര്‍ ടാക്‌സി, മെട്രോ ഫീഡര്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാണ്.

Content Highlights: E-Scooter Service IN Metro Stations