
തൃശ്ശൂർ: ഇസ്രയേലിലെ ഇന്ത്യൻ എംബസി വിസ നിഷേധിച്ചതിനെത്തുടർന്ന് പലസ്തീൻ അനുകൂല ഇസ്രയേൽ നാടകസംഘത്തിന് തൃശ്ശൂരിൽ നടക്കുന്ന ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിൽ അരങ്ങിലെത്താനായില്ല. ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായി നിശ്ചയിച്ച അവതരണം മാറ്റി. പലസ്തീൻ നാടകവേദിയുടെ വർത്തമാനകാല അവസ്ഥ പ്രമേയമാക്കിയ ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ’ എന്ന നാടകസംഘത്തിനാണ് വിസ നിഷേധിച്ചത്.
ബോംബാക്രമണത്തിൽ തകർന്ന ഗാസയിലെ നാടകശാലയായ ‘തിയേറ്റർ ഫോർ എവരിബഡി’യിൽ അവസാനമായി അവതരിപ്പിച്ച ‘ദി എമിഗ്രന്റ്സ്’ എന്ന നാടകത്തിന്റെ പുനരവതരണവും തുടർച്ചയുമാണ് ‘ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ’. പ്രശസ്ത ഇസ്രയേലി ഡോക്യു നാടക സംവിധായകയും ചലച്ചിത്രനടിയുമായ ഐനറ്റ് വീസ്മാനാണ് സംവിധായക.
പലസ്തീൻ രാഷ്ട്രീയം മുഖ്യപ്രമേയമാക്കിയ ഐനറ്റിന്റെ കലാസൃഷ്ടികൾ നേരത്തേയും ഇസ്രയേലിന്റെ സെൻസർഷിപ്പും എതിർപ്പുകളും നേരിട്ടിരുന്നു. യാത്രാനുമതിക്കായി നേരിട്ട് ഇന്ത്യൻ എംബസിയിലെത്തി കാത്തുനിന്നിട്ടും അകത്തേക്ക് കടത്തിവിട്ടില്ലെന്ന് െഎനറ്റ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. രണ്ടുമാസംമുൻപ് വിസയ്ക്ക് അപേക്ഷിച്ചിരുന്നു. നാടകത്തിന്റെ സംഗ്രഹവും നൽകിയിരുന്നു.
ഇറ്റ്ഫോക് കഴിയുംമുൻപേ നാടകസംഘത്തിന് എത്തിച്ചേരാനായാൽ നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റിൽ കാണാമെന്നും അല്ലാത്തപക്ഷം തുക തിരിച്ചുനൽകുമെന്നുമാണ് സംഘാടകർ അറിയിച്ചത്. നാടകസംഘത്തിന് യാത്രാനുമതി കിട്ടാൻ പൊളിറ്റിക്കൽ ക്ലിയറൻസ് വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിരുന്നുവെന്ന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
Content Highlights: Indian Embassy Denies Visa to Israeli Theatre Troupe, 'The Last Play in Gaza' Misses Thrissur Festival
Published: 28 Jan 2026, 08:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented