കറ്റാനം : കറ്റാനത്ത് അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിന് ഭൂമിയേറ്റെടുക്കൽ വേഗത്തിലാകും. ജങ്ഷനു സമീപമുള്ള സർക്കാർവിളയിൽ ഒരേക്കർ റവന്യൂ പുറമ്പോക്ക് സർക്കാർ ഭൂമിയുണ്ട്. അഗ്നിരക്ഷാനിലയത്തിനാവശ്യമായ സ്ഥലം ഇതിൽനിന്നേറ്റെടുത്ത് കെട്ടിടം നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെട്ടിടം നിർമിക്കുന്നതിന്റെ കാലതാമസം അഗ്നിരക്ഷാനിലയം തുടങ്ങുന്നതിനെ ബാധിക്കില്ല.
കറ്റാനം ജങ്ഷനു സമീപം കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താത്കാലികമായി ഉടൻ അഗ്നിരക്ഷാനിലയം സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരേക്കർ റവന്യൂ പുറമ്പോക്കു ഭൂമിയിൽ നിലവിൽ കറ്റാനം വില്ലേജ് ഓഫീസ്, ഭരണിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് എന്നിവയുണ്ട്. എക്സൈസ് ഓഫീസിനും ഇവിടെ ഭൂമി ആവശ്യപ്പെട്ട് അടുത്തിടെ റവന്യൂ അധികൃതർക്ക് എക്സൈസ് ഡിപ്പാർട്ട്മെന്റ് കത്തു നൽകിയിരുന്നു. ഇതിനായി 30 സെന്റ് ഭൂമി മാറ്റിയിട്ടിട്ടുണ്ട്.
കായംകുളം-പുനലൂർ റോഡരികിൽ കറ്റാനം ജങ്ഷനിൽനിന്നു കഷ്ടിച്ച് നൂറുമീറ്റർ മാത്രം ദൂരമാണ് സർക്കാർവിള ഭൂമിയിലേക്കുള്ളത്. കെ.പി. റോഡരികിലായതിനാൽ വലിയ വാഹനങ്ങൾക്കു കയറാനും ഇറങ്ങാനും കഴിയുന്ന വഴിയുള്ള ഈ ഭൂമി അഗ്നിരക്ഷാനിലയത്തിന് അനുയോജ്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇവിടെ കെ.പി. റോഡരികിലായാണ് വില്ലേജ് ഓഫീസും സബ് രജിസ്ട്രാർ ഓഫീസും പ്രവർത്തിക്കുന്നത്.
ഇതിനു പിന്നിലുള്ള സ്ഥലമാണ് അഗ്നിരക്ഷാനിലയത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. നിർദിഷ്ട സ്ഥലത്തിന്റെ ഒരു ഭാഗം കാടുവളർന്നും ബാക്കിഭാഗം യുവാക്കൾ കളിസ്ഥലമായും ഉപയോഗിക്കുകയാണ്. കൂടാതെ, കറ്റാനം വൈദ്യുതി സെക്ഷൻ ഓഫീസിലെ കേബിളുകളും വൈദ്യുതിക്കമ്പികളും ട്രാൻസ്ഫോർമറുകളും സൂക്ഷിക്കുന്നതും ഇവിടെയാണ്.
അഗ്നിരക്ഷാനിലയങ്ങൾക്ക് ഇപ്പോൾ താഴെ വാഹനം പാർക്കുചെയ്യുന്നതിനുള്ള സൗകര്യവും മുകളിലത്തെ നിലയിൽ ഓഫീസ് സംവിധാനവുമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ഇതുമൂലം അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനത്തിനു സ്ഥലം കുറച്ചുമതി എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കറ്റാനത്ത് അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിന് ആഭ്യന്തരവകുപ്പ് അനുമതി നൽകി ഉത്തരവിട്ടത്. മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് അനുമതി ലഭിച്ചത്.
കറ്റാനം കേന്ദ്രമാക്കി അഗ്നിരക്ഷാനിലയം ആരംഭിക്കണമെന്നത് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നാളുകളായുള്ള ആവശ്യമായിരുന്നു. ജില്ല പഞ്ചായത്തംഗം ബി. രാജലക്ഷ്മിയടക്കം ഒട്ടധികം ജനപ്രതിനിധികളും വ്യാപാരി വ്യവസായികളും മന്ത്രിക്ക് ഈ ആവശ്യമുന്നയിച്ച് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്തയും നൽകിയിരുന്നു. കഴിഞ്ഞ മേയ് മാസത്തിൽ കറ്റാനം ജങ്ഷനിലെ വ്യാപാരസമുച്ചത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ വലിയവീട്ടിൽ ഹോംഷോപ്പിയും ജിമ്മും പൂർണമായും കത്തിനശിച്ചു.
സമീപത്തുണ്ടായിരുന്ന മെട്രോ ഫാൻസി കടയുടെ ഒന്നാംനില പൂർണമായും കടയുടെ താഴത്തെനില ഭാഗികമായും കത്തിനശിച്ചു. സമീപത്തുള്ള മൂന്നു വീടുകൾക്ക് തീപ്പിടിത്തത്തിൽ ഭാഗികമായും നാശമുണ്ടായിരുന്നു. ചാരുംമൂട് കരിമുളയ്ക്കൽ സ്വദേശി ബെന്നി ജോർജിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു നാലുനിലകളിലായുള്ള വ്യാപാര കെട്ടിടസമുച്ചയം. പത്തുകോടിയേളം രൂപയുടെ നാശനഷ്ടമാണ് തീപ്പിടിത്തത്തിൽ സംഭവിച്ചത്. തീയണയ്ക്കാൻ അഗ്നിരക്ഷാസേന എത്താൻ വൈകിയെന്ന് ആരോപണമുയർന്നിരുന്നു. കൂടാതെ, മുൻപ് ചാരുംമൂട് ജങ്ഷനിലും സമീപപ്രദേശങ്ങളിലും തുടർച്ചയായി തീപ്പിടിത്തമുണ്ടായപ്പോഴും അഗ്നിരക്ഷാസേനയെത്താൻ കാലതാമസമുണ്ടായതായി ആക്ഷേപമുണ്ടായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്ത് വള്ളികുന്നം കേന്ദ്രമാക്കി അഗ്നിരക്ഷാസേനയുടെ യൂണിറ്റ് തുടങ്ങാൻ സ്ഥലപരിശോധനയുൾപ്പെടെ നടത്തിയിരുന്നു. പിന്നീടുവന്ന ഇടതുമുന്നണി സർക്കാർ ചാരുംമൂട് കേന്ദ്രമാക്കി ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. ചാരുംമൂട്, വള്ളികുന്നം മേഖലകളിൽ തീപ്പിടിത്തം, റോഡപകടം, കെട്ടിടാപകടം, മഴക്കെടുതി തുടങ്ങിയ അടിയന്തര സാഹചര്യത്തിൽ മാവേലിക്കര, കായംകുളം, അടൂർ എന്നീ യൂണിറ്റുകളിൽനിന്നുവേണം അഗ്നിരക്ഷാസേനയെത്താൻ.
കിലോമീറ്ററുകൾ ദൂരത്തുനിന്ന് ഇവിടേക്ക് അഗ്നിരക്ഷാസേനയെത്തുന്നതിനു കാലതാമസമുണ്ടാക്കുന്ന നിലയിലായിരുന്നു. കറ്റാനം കേന്ദ്രമാക്കി യൂണിറ്റാരംഭിച്ചാൽ വള്ളികുന്നം, ഭരണിക്കാവ്, താമരക്കുളം, ചുനക്കര, പാലമേൽ, നൂറനാട് പഞ്ചായത്തുകളിലും സമീപപ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിൽ അഗ്നിരക്ഷാസേനയുടെ സേവനം ലഭ്യമാക്കുന്നതിന് സഹായകരമാകുമെന്നതിനാലാണ് ഇവിടെ പുതുതായി അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിന് ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തത്.
Published: 23 Nov 2026, 01:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented