മണ്ണഞ്ചേരി : തിരക്കേറിയ ജീവിതത്തിനിടയിൽ അല്പനേരം കായൽക്കാറ്റേറ്റ് വിശ്രമിക്കാനാഗ്രഹിക്കുന്നവർക്ക് പുത്തൻവിരുന്നൊരുക്കുകയാണ് വേമ്പനട്ടുകായലിന്റെ തീരത്തുള്ള മണ്ണഞ്ചേരി അഞ്ചാംവാർഡിലെ കായൽ മുഖാരം. വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട്, ചുരുങ്ങിയകാലംകൊണ്ട് സംസ്ഥാനത്തെ സഞ്ചാരികൾക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ് ഈ മനോഹരതീരം.

To advertise here,

അവധിദിവസങ്ങളിലും വൈകുന്നേരങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടേക്കൊഴുകിയെത്തുന്നത്. കായൽത്തീരത്ത് സ്വസ്ഥമായിരുന്ന് ചൂണ്ടയിടാനും കാഴ്ചകൾകണ്ട് സമയം ചെലവഴിക്കാനും ഇവിടെ സൗകര്യമുണ്ട്.

കായൽയാത്ര ഇഷ്ടപ്പെടുന്നവർക്കായി മോട്ടോർ ബോട്ടുകളും ആവേശം ഇഷ്ടപ്പെടുന്നവർക്കായി സ്പീഡ് ബോട്ടുകളും ഇവിടെ സജ്ജമാണ്. സ്പീഡ് ബോട്ടിൽ കായലിലൂടെ ചുറ്റിയടിക്കാൻ സഞ്ചാരികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഒരുമണിക്കൂർനേരം മോട്ടോർ ബോട്ടിൽ കായൽസൗന്ദര്യമാസ്വദിച്ചു മടങ്ങുന്നതിന് ഒരാൾക്ക് 100 രൂപ മാത്രമാണ് നിരക്ക്.

സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ കായൽത്തീരത്ത് തട്ടുകടകളും ചെറുകിട കച്ചവടങ്ങളും സജീവമായിക്കഴിഞ്ഞു. ചൂടുചായയും ചെറുകടികളും മുതൽ നാടൻ രുചികളായ കപ്പയും കക്കയിറച്ചിയും ദോശ, കുലുക്കി സർബത്ത് എന്നിവയെല്ലാം തീരത്തെ കടകളിൽ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. മണ്ണഞ്ചേരി ജങ്‌ഷനിൽനിന്നു കിഴക്കോട്ടുതിരിഞ്ഞ് കിഴക്കേ ജുമാ മസ്ജിദ് റോഡിലൂടെ സഞ്ചരിച്ചാൽ പ്രകൃതിരമണീയമായ കായൽമുഖാരത്ത് എത്തിച്ചേരാം. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി മുതലെടുത്ത് ആളുകളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നവിധത്തിൽ സൗകര്യമൊരുക്കുമെന്നും അടിയന്തരമായി ഉയരവിളക്ക് സ്ഥാപിക്കുമെന്നും എ.ഡി. തോമസ് എം.എൽ.എ. പറഞ്ഞു.