കൈതച്ചക്ക കൃഷിയിൽ-പ്രത്യേകിച്ച് വിപണി ലക്ഷ്യമാക്കിയുള്ള വാണിജ്യകൃഷിയിൽ ചെടികളുടെ ഏകകാലത്തിലുള്ള പുഷ്പിക്കലിനും കായ് പിടിത്തത്തിനും വലിയ പ്രാധാന്യമുണ്ട്. ഒരു തോട്ടത്തിലെ ബഹുഭൂരിപക്ഷം ചെടികളും ഒരേസമയം ഒരുമിച്ചുപുഷ്പിക്കാൻ ഹോർമോൺ പ്രയോഗം സഹായിക്കും. ഇത് വിപണിയിൽ സീസൺ അനുസരിച്ചു നല്ലവില കർഷകന് കിട്ടാനും ഉപകരിക്കും. കൈതച്ചക്കയിൽ ഇത്തരത്തിൽ കൃത്രിമപുഷ്പിക്കലിന് പലതരം ഹോർമോണുകൾ ഉപയോഗിക്കാമെങ്കിലും ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്നത് രണ്ട് ക്ളോറോ ഈഥൈൽ ഫോസ്‌ഫോണിക് അമ്ലം അടങ്ങിയ എത്രൽ അഥവാ എത്തിഫോൺ ആണ്. കേരള കാർഷിക സർവകലാശാലയുൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ ഗവേഷണകേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്.

To advertise here,

ഇത് സസ്യജീവജാലങ്ങൾക്കോ പരിസ്ഥിതിക്കോ ഒരുവിധ ദോഷവും ഇല്ലാത്തതാണെന്നും പഠനങ്ങളിൽനിന്ന് തെളിഞ്ഞിട്ടുണ്ട്. എത്തിഫോൺ ലായനിയിൽ എത്തിഫോൺ 25 പി.പി.എം., യൂറിയ രണ്ട് ശതമാനം, കാൽസ്യം കാർബണേറ്റ് 0.04 ശതമാനം എന്നിവ അടങ്ങിയിട്ടുണ്ട്. 50 ലിറ്റർ ലായനി തയ്യാറാക്കാൻ 3.25 ഗ്രാം എത്തിഫോൺ, ഒരുകിലോ യൂറിയ, 20 ഗ്രാം കാൽസ്യം കാർബണേറ്റ് എന്നിവവേണം. ഈ ലായനിയിൽനിന്ന് 50 മില്ലി വീതം 10-12 മാസത്തെ കായികവളർച്ചയെത്തിയ ചെടികളുടെ (32-42 ഇലകൾ) നടുക്കൂമ്പിൽ ഒഴിച്ചുകൊടുക്കണം. ഇങ്ങനെചെയ്യുമ്പോൾ നടുക്കൂമ്പിൽ വെള്ളം കെട്ടിനിൽപ്പില്ല എന്നുറപ്പാക്കണം.

ഹോർമോൺ പ്രയോഗം കഴിഞ്ഞു 40 ദിവസമാകുമ്പോൾ ചെടികൾ പുഷ്പിക്കാൻ തുടങ്ങും. ഏകദേശം 70 ദിവസമാകുമ്പോൾ 98 ശതമാനം ചെടികളും പുഷ്പിക്കുന്നതു കാണാം. 130-140 ദിവസമാകുന്നതോടെ കായ്‌കൾ പഴുത്തുകിട്ടുകയും ചെയ്യും. ഈയൊരു കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ ഒരു തോട്ടത്തിലെ ചെടികളുടെ പുഷ്പിക്കൽ വിപണിയും വിലയും നോക്കി ക്രമീകരിക്കാനാകും എന്നതാണ് ഈ പരിചരണത്തിന്റെ അധികമേന്മ. രണ്ടു കാര്യമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്ന് ഉപയോഗിക്കുന്ന എത്തിഫോൺ നല്ല ഗുണനിലവാരമുള്ളതാകണം. രണ്ട് ഇതിന്റെ അളവ് ഒരു കാരണവശാലും കൂടരുത്.

തയ്യാറാക്കിയത്: സുരേഷ് മുതുകുളം