നടുവിൽ: ഇടനിലക്കാരില്ലാത്ത വ്യാപാരം ലക്ഷ്യമാക്കി വാട്സാപ്പ് മാർക്കറ്റ് ഗ്രൂപ്പുകൾ മലയോരഗ്രാമങ്ങളിൽ സജീവമാകുന്നു. ഗ്രൂപ്പുകൾ വഴി ദിവസം ആയിരക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. കാർഷികോത്പന്നങ്ങൾ ഉൾപ്പെടെ ഏത്‌ സാധനങ്ങളുടെയും പടമോ വീഡിയോയോ ഗ്രൂപ്പിലിട്ട് വിലയും ഫോൺനമ്പറും നൽകിയാൽ മതി. ആവശ്യക്കാർ വിളിച്ച് ഇടപാട് ഉറപ്പിക്കും. ഇടനിലക്കാരെ ഒഴിവാക്കിയുള്ള വാങ്ങലും വിൽപ്പനയും നടക്കുന്നതിനാൽ കൂടുതൽ ആളുകൾ ഗ്രൂപ്പുകളിൽ അംഗങ്ങളാകുന്നുണ്ട്.

To advertise here,

‘കേളകം മാർക്കറ്റ്’ എന്ന പേരിൽ തുടക്കമിട്ട ഗ്രൂപ്പ് ഇപ്പോൾ 15 ഇടങ്ങളിൽ വ്യാപിച്ചു. കേളകം മാർക്കറ്റ് തന്നെ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഒരു ഗ്രൂപ്പിൽ 1025 പേരെയേ ഉൾപ്പെടുത്താൻ പറ്റൂ. എല്ലാ ഗ്രൂപ്പിലുമായി 13,000 അംഗങ്ങളുണ്ട്. കേളകം മാർക്കറ്റിനൊപ്പം തുടങ്ങിയതാണ് ചെമ്പന്തൊട്ടി മാർക്കറ്റ് ഗ്രൂപ്പ്. ചുങ്കക്കുന്ന്, കൊട്ടിയൂർ, പേരാവൂർ, ഇരിട്ടി, പയ്യാവൂർ, ശ്രീകണ്ഠപുരം, ആലക്കോട് തുടങ്ങിയ മാർക്കറ്റ് ഗ്രൂപ്പുകളിൽ ധാരാളം വിൽക്കലും വാങ്ങലും നടക്കുന്നുണ്ട്. കുടിയാന്മല മാർക്കറ്റ് ഗ്രൂപ്പും നിലവിലുണ്ട്.

ഇതിനുപുറമേ തേങ്ങയിടാൻ ആളെ വേണമെങ്കിലോ എ.സി. നന്നാക്കണമെങ്കിലോ ഗ്രൂപ്പിലിട്ടാൽ മതി. ആളെ കിട്ടും. കന്നുകാലികൾ, കോഴി, പട്ടി, പൂച്ച, തേൻ, ആട്ടിൻകൂട് തുടങ്ങി എന്തും ഗ്രൂപ്പിലൂടെ അന്വേഷിക്കാം. വാടകയ്ക്ക് വീട് വേണ്ടവർക്കും സ്ഥലം വിൽക്കേണ്ടവർക്കും ഉപകാരപ്പെടുന്നുണ്ട്. ജോലി അന്വേഷണത്തിനും കുടുംബശ്രീ, കുടിൽവ്യവസായം എന്നിവയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനും ഗ്രൂപ്പുകൾ സഹായകരമാണെന്ന്‌ കൃഷിക്കാരുൾപ്പെടെ പറയുന്നു.

കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവർക്കുവരെ ഗ്രൂപ്പുകൾ ഉപകരിക്കുന്നതായി അഡ്മിൻമാർ പറയുന്നു.

നാട്ടിലെ വിഭവങ്ങൾ പാഴാകില്ല

നാട്ടിലെ വിഭവങ്ങളും മറ്റു സേവനങ്ങളും ചുറ്റുപാടുമുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മകളാണ് മാർക്കറ്റ് ഗ്രൂപ്പുകൾ. ചെറുതും വലുതുമായുള്ള ആവശ്യങ്ങൾ പലതും സാധ്യമാക്കാൻ ഈ ഗ്രൂപ്പിലൂടെ കഴിയും. ഇടനിലക്കാരെ ഒഴിവാക്കി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഗ്രൂപ്പുകളെ പ്രയോജനപ്പെടുത്താം.

-തോമസ് കൊന്നക്കൽ, അഡ്മിൻ, ചെമ്പന്തൊട്ടി മാർക്കറ്റ് ഗ്രൂപ്പ്

ഉപകാരപ്രദം

എന്തിനും ഏതിനും ഇടനിലക്കാരെ സമീപിക്കുന്നതിന് മാറ്റംവരുത്തുന്നതാണ്‌ മാർക്കറ്റ് ഗ്രൂപ്പുകൾ. കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇത്തരം ഗ്രൂപ്പുകളെ പ്രയോജനപ്പെടുത്താം. വീട്ടമ്മമാർക്കും ഗുണകരമാകും.

- ഷെറിൻ, അധ്യാപകൻ, നടുവിൽ