2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബിഎസ്എൻഎലിന്  262 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുന്നതിനിടയാക്കിയത് വരവ്-ചെലവുകൾ കണക്കാക്കുന്ന രീതിയിലുണ്ടായ മാറ്റംകൊണ്ടാണെന്ന് റിപ്പോർട്ട്. ചിലവിലുണ്ടായ ഗണ്യമായ കുറവാണ് ഈ ലാഭത്തിന് കാരണമായതെങ്കിലും അത് ചെലവ് ചുരുക്കല്‍ കൊണ്ടോ കാര്യക്ഷമത വര്‍ധിപ്പിച്ചതുകൊണ്ടോ അല്ലെന്നും അത് കണക്കാക്കുന്ന രീതിയില്‍ വന്ന മാറ്റങ്ങള്‍ കാരണമാണെന്നും ദി പ്രിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

ഉദാഹരണത്തിന്, കമ്പനി ജീവനക്കാരുടെ ചെലവുകളില്‍ 337 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. എന്നാൽ, ശമ്പളവും പെൻഷനും മറ്റു ചെലവുകളും കുറച്ചത് മൂലമല്ലെന്നും മറിച്ച് ആ ചെലവുകളുടെ വലിയൊരു ഭാഗം ആസ്തിയായി കണക്കാക്കിയതിനാലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

സ്‌പെക്ട്രം ഫീസുകള്‍ക്കായുള്ള അക്കൗണ്ടിംഗ് രീതി കമ്പനി പരമ്പരാഗത സ്‌ട്രെയിറ്റ് ലൈന്‍ രീതിയില്‍ (SLM) നിന്ന് യൂണിറ്റ്-ബേസ്ഡ് അമോര്‍ട്ടൈസേഷന്‍ രീതിയിലേക്ക് (UBAM) മാറ്റി. വരാനിരിക്കുന്ന ചിലവുകള്‍ക്കായി ഫണ്ട് മാറ്റിവെക്കുകയും ചെലവുകള്‍ ഉണ്ടാകാത്തപക്ഷം അത് വരുമാനത്തിലേക്ക് കണക്കാക്കുകയും ചെയ്യുന്ന രീതിയിലൂടെ 'മറ്റ് വരുമാനത്തില്‍' വര്‍ധനവുണ്ടായതും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു

262 കോടിയുടെ ലാഭമാണ് ബിഎസ്എന്‍എലിനുണ്ടായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ലാഭം. ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തിലാണ് ഈ നേട്ടമെന്നാണ് പ്രധാന വിലയിരുത്തല്‍. താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ 50 ലക്ഷം വരിക്കാരെ ബിഎസ്എന്‍എലിന് ലഭിച്ചിട്ടുണ്ട്. അതിന് വേണ്ടി. വിവിധ നയ പരിപാടികളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. 4ജി സേവനങ്ങളുടെ അതിവേഗമുള്ള വിന്യാസം 5ജി പരീക്ഷണം, കസ്റ്റമര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

50 ലക്ഷം പുതിയ ഉപഭോക്താക്കളെ കിട്ടിയതിനൊപ്പം നെറ്റ് വര്‍ക്കിന്റെ സ്ഥിരത, കോള്‍ ഡ്രോപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്ന്  3 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ബി.എസ്.എന്‍.എല്ലിന് നഷ്ടപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ പുതിയ പ്രഖ്യാപനങ്ങളും ബി.എസ്.എന്‍.എല്‍ നടത്തിയിട്ടുണ്ട്. 

കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കാന്‍ 30,000 പുതിയ ബാറ്ററികള്‍ സ്ഥാപിച്ചതായും 15,000-ലേറെ പുതിയ പവര്‍ പ്ലാന്റുകള്‍ സജീവമാക്കിയതായും 2025 ജൂണോടെ 35,000-ലേറെ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും ടെലികോം വകുപ്പ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.