കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയില്‍നിന്ന് 60 ആയി ഉയര്‍ന്നു. ഈ വിലയ്ക്കുപോലും കിട്ടാത്ത സ്ഥിതിയുമുണ്ട്. മുന്‍വര്‍ഷത്തെ വിലയിടിവ്, കാട്ടുപന്നിശല്യം, കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാന്‍ കാരണം. അടുത്ത കാലത്തെ ഏറ്റവുംവലിയ വിലയാണിപ്പോള്‍. വിലക്കയറ്റം സംഭരണത്തെയും കപ്പകൊണ്ടുള്ള വിഭവനിര്‍മാണത്തെയും പ്രതികൂലമായി ബാധിക്കും.

To advertise here,

കഴിഞ്ഞ സീസണില്‍ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അന്ന് 20 രൂപയ്ക്കായിരുന്നു ചില്ലറവില്‍പ്പന. വാങ്ങാന്‍ ആളില്ലാതെ വന്നപ്പോള്‍ കിട്ടിയ വിലയ്ക്ക് കപ്പ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ചെലവാക്കിയ തുകപോലും കിട്ടാതെവന്നു. കൂലി വര്‍ധനവും രാസവളത്തിന്റെ വിലക്കൂടുതലും ചിലപ്രദേശങ്ങളില്‍ കാട്ടുപന്നി നാശം വരുത്തിയതും പ്രശ്‌നമായി. ഒരുചാക്ക് പൊട്ടാഷിന് 900 രൂപയില്‍നിന്ന് 1500 രൂപയായതും കൃഷി കുറയാന്‍ കാരണമായി.

സംഭരണം നിര്‍ത്തി

വില കുറയുമ്പോള്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ കപ്പ സംഭരിച്ചിരുന്നു. ഇപ്പോള്‍ ഇതില്ല. കപ്പ വാങ്ങാനാളില്ലാതെ വന്നപ്പോഴാണ് പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും ആറുരൂപവീതം നല്‍കി കര്‍ഷകരില്‍നിന്നും കിലോയ്ക്ക് 12 രൂപയ്ക്ക് കപ്പ സംഭരിച്ചത്. ഇത് ഉണക്കിയും വാട്ടിയും വിവിധ ഉത്പന്നങ്ങളാക്കി വിതരണംചെയ്തു. റേഷന്‍കട വഴിയുള്ള കിറ്റുകളിലും കപ്പ നല്‍കി. സംഭരണസമയത്ത് കര്‍ഷകര്‍ക്ക് ആദ്യം ആറുരൂപ നല്‍കി. ബാക്കി ആറുരൂപ പലര്‍ക്കും കിട്ടാനുമുണ്ട്.