
തെന്മല: തേങ്ങവില വാനോളമുയരുന്നതിന്റെ സന്തോഷത്തിൽ തമിഴ് കർഷകർ. ഏക്കറുകണക്കിന് തെങ്ങിൻതോപ്പ് ഉള്ളവർപോലും രണ്ടുവർഷംമുൻപുവരെ ഇടവിളക്കൃഷിയെ ആശ്രയിച്ചാണ് വിലത്തകർച്ചയെ നേരിട്ടത്. എന്നാൽ തെങ്ങ് നൂറുമേനി ലാഭം നൽകുന്നതായി തെങ്കാശി സാംബവർവടകരയിലെ കർഷകർ പറയുന്നു. കിലോയ്ക്ക് 20-25 രൂപ ലഭിച്ച സ്ഥാനത്ത് നിലവിൽ 58 രൂപവരെ ലഭിക്കുന്നുണ്ടെന്ന് കർഷകനായ കന്തസ്വാമി പറയുന്നു. അദ്ദേഹത്തിന് 3000 തെങ്ങുണ്ട്. മൂന്നുമാസം കൂടുമ്പോൾ 8000 തേങ്ങ ലഭിക്കും.
രണ്ടു രീതിയിലാണ് വ്യാപാരികൾ കർഷകരിൽനിന്ന് തേങ്ങ വാങ്ങുന്നത്. ഒരു തേങ്ങയ്ക്ക് 20 രൂപ എന്ന രീതിയിലും കിലോയ്ക്ക് 53-58 രൂപയ്ക്കുമാണ് വിറ്റുപോകുന്നത്. നാടൻ തെങ്ങായതിനാൽ കായ്ഫലം കുറവാണ്. എങ്കിലും 40-45 വർഷം ആദായം ലഭിക്കും. സങ്കരയിനം തെങ്ങ് കൃഷിചെയ്താൽ ആദ്യ പത്തുകൊല്ലംമാത്രമാണ് നല്ല വിളവ് ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു.
തേങ്ങ അടർത്തുന്നവർക്ക് ദിവസം 900 രൂപവരെയാണ് കൂലി. മൊത്തവ്യാപാരികൾ കൃഷിയിടത്തിലെത്തി നേരിട്ടാണ് വില ഉറപ്പിക്കുന്നത്. ഒരു തേങ്ങ പൊതിക്കുന്നതിന് 80 പൈസയാണ് കൂലി. സംഭരണകേന്ദ്രത്തിലേക്ക് ചുമന്നിടുന്ന തൊഴിലാളികൾക്ക് 300 രൂപയും 20 തേങ്ങയും നൽകണമെന്ന് 400 തെങ്ങുള്ള കർഷകനായ കറുപ്പസ്വാമി പറയുന്നു.
കേരളത്തിൻെറ വിവിധ ഭാഗങ്ങളിലേക്കും തമിഴ്നാട്ടിലെ എണ്ണമില്ലുകളിലേക്കും തേങ്ങ കയറ്റിപ്പോകുന്നുണ്ട്. വർഷത്തിൽ രണ്ടുതവണ വളപ്രയോഗവും കൃത്യമായി വെള്ളവും നൽകിയാൽ നല്ല കായ്ഫലം ലഭിക്കും. മഴ ലഭിച്ചതിനാൽ കഴിഞ്ഞ വിളവെടുപ്പിലും മികച്ച നേട്ടമുണ്ടായെന്ന് കർഷകർ പറയുന്നു.
Content Highlights: Tamil Nadu Coconut Farmers Rejoice as Prices Soar to New Heights
Published: 12 Aug 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented