കോട്ടയം : ഇറക്കുമതി ഇളവുകൾ തേടി ഓട്ടോമോട്ടീവ് ടയർ മാന്യുഫാക്ചേഴ്സ് അസോസിയേഷൻ (ആത്മ) രംഗത്തുവന്നതോടെ തദ്ദേശീയ റബ്ബർമേഖലയിൽ ഇരട്ടപ്രഹരഭീതി. അമേരിക്ക പകരച്ചുങ്കം 50 ശതമാനമാക്കിയത് ടയർ, റബ്ബറുത്പന്ന കയറ്റുമതിയെ മോശമായി ബാധിക്കുമെന്നാണ് അവരുടെ വാദം. 25 ശതമാനമാണ് ഇന്ത്യയിലേക്കുള്ള സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം.

To advertise here,

ടയർ കമ്പനികൾക്ക് കയറ്റുമതിക്ക് ആനുപാതികമായ ഇറക്കുമതിക്ക് നിലവിൽ ഇളവുകളുണ്ട്. അതിലപ്പുറമാണ് അവരുടെ നോട്ടം. അമേരിക്കൻ നയങ്ങളുടെ ചാഞ്ചാട്ടം ഭയന്ന് ചൈനീസ് കമ്പനികൾ അന്താരാഷ്ട്ര വിപണിയിൽനിന്ന് കുറേ ആഴ്ചകളായി വിട്ടുനിൽക്കുകയാണ്. അതിനാൽ അന്താരാഷ്ട്ര വിലയിൽ കാര്യമായ ഇടിവുണ്ട്. ഈ അവസരം മുതലാക്കി ടയർ കമ്പനികൾ ചരക്ക് ബുക്കുചെയ്യുന്നു. ഇത് തദ്ദേശീയ വില കൂടുതൽ ഇടിക്കുമെന്ന ഭീതി നിലനിൽക്കെയാണ് ചുങ്കത്തിൽ ഇളവ് ആത്മ ആവശ്യപ്പടുന്നത്. ഇത് വൻതോതിൽ റബ്ബർ ഇറക്കുമതിക്കിടയാക്കുമെന്നാണ് കർഷകരുടെ ഭീതി.

ഈ ഇരട്ടഭീഷണി കണക്കിലെടുത്ത് വാണിജ്യമന്ത്രാലയം ഇടപെടണമെന്നാണ് ഉത്പാദക സംഘങ്ങളുടെ ആവശ്യം. കേരളവിപണിയിൽ ആർഎസ്എസ് നാലിന്റെ വില 180 രൂപ വരെയായി. പോയവർഷം ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരുന്നിട്ടും ടയർ കമ്പനികൾ വിപണിയിൽനിന്ന് വിട്ടുനിന്ന് വില താഴ്ത്തി 160 രൂപ വരെ എത്തിച്ചിരുന്നു.

ഇന്ത്യൻ വ്യാവസായിക മേഖലയുടെ ആരോഗ്യത്തിനായിട്ടാണ് തങ്ങളുടെ ഇടപെടലെന്നാണ് ആത്മയുടെ വാദം. 2024-25 സാമ്പത്തിക വർഷം 25,051 കോടിയുടെ ടയർ കയറ്റുമതി നടത്തിയതിൽ 4300 കോടിയുടേതും അമേരിക്കൻ വിപണിയിലേക്കായിരുന്നു. ടയറും മറ്റ് ഉത്പന്നങ്ങളും ചേരുമ്പോൾ അമേരിക്കയിലേക്ക് 6000 കോടിയിലധികം രൂപയുടെ കയറ്റുമതിയുണ്ട്.

ഈ നഷ്ടം ഫാക്ടറികളെയും തൊഴിലിനെയും ബാധിക്കും. തായ്‌ലാൻഡ്‌, ഇൻഡൊനീഷ്യ, കമ്പോഡിയ, വിയറ്റ്നാം തുടങ്ങിയ റബ്ബറുത്പാദക രാജ്യങ്ങൾക്ക് താരതമ്യേന കുറച്ച് ഇറക്കുമതിച്ചുങ്കമാണ് അമേരിക്ക ഏർപ്പെടുത്തിയത്. ഈ അവസരം മുതലെടുത്ത് ആ രാജ്യങ്ങൾ അമേരിക്കൻ വിപണി പിടിക്കും. ഈ നഷ്ടം കുറയ്ക്കാൻ ചരക്കെടുപ്പിലെ ചെലവ് ചുരുക്കണം. അതിനാണ് ചുങ്കം ഇളവ് വേണ്ടതെന്ന് അവർ വാദിക്കുന്നു.

പകരച്ചുങ്ക വിഷയത്തിൽ മേഖലയിലെ എല്ലാവരും ചേർന്നുള്ള പരിഹാരം കാണലാണ് വേണ്ടതെന്നും ഇറക്കുമതി ശക്തമാക്കലല്ല അതിന്റെ മറുമരുന്നെന്നും ഉത്പാദകസംഘങ്ങളുടെ ജനറൽ സെക്രട്ടറി ബാബുജോസഫ് പറഞ്ഞു.

പകരച്ചുങ്കത്തിലെ ആശങ്കകൾ ശക്തമാണെങ്കിലും ബദൽ വിപണി അടക്കമുള്ള പല വഴികളും കേന്ദ്രസർക്കാർ തേടിവരുന്നതായി റബ്ബർ ബോർഡ് മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ പറഞ്ഞു. കൃഷിക്കാർ ആശങ്കപ്പെടാതെ വില ഉയരുന്നത് കാത്തിരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വിലയിരുത്തി.