കന്നുകാലികളൂടെയുള്ള മീഥെയ്ന്‍ പുറന്തള്ളലില്‍ ലോകം ആശങ്കയിലാണ്. ഇത് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമെങ്കിലും ലളിതമായ മാര്‍ഗങ്ങള്‍ തുറന്നുവെക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, കന്നുകാലികള്‍ക്ക് സ്വാഭാവിക തീറ്റനല്‍കി മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിരിക്കയാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും (കെ.വി.എ.എസ്.യു.) ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസര്‍ച്ചും നടത്തിയ പങ്കാളിത്ത ഗവേഷണം. കെ.വി.എ.എസ്.യു.വിലെ അനിമല്‍ ബ്രീഡിങ് ആന്‍ഡ് ജെനിറ്റിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. മുഹമ്മദ് എളയടത്തുമീത്തലും റോത്താംസ്റ്റഡ് റിസര്‍ച്ചിലെ പ്രൊഫസര്‍ മൈക്കല്‍ ലീയുമാണ് ഗവേഷണത്തിന് നേതൃത്വംനല്‍കിയത്.
കന്നുകാലികളും പരിസ്ഥിതിയും
ഭൂമി വിയര്‍ത്തുതുടങ്ങിയിട്ട് കാലമേറെയായി. ആഗോളതാപനത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ മുന്നിട്ടിറങ്ങുന്നു. കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള നെട്ടോട്ടത്തിലാണ് വികസിത, വികസ്വരരാജ്യങ്ങള്‍. ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനപ്പെട്ട മീഥെയ്‌ന്റെ പുറന്തള്ളല്‍ കുറയ്ക്കാന്‍ പ്രത്യേക പ്രതിജ്ഞതന്നെ 2021ലെ യു.എന്‍. കാലാവസ്ഥാ ഉച്ചകോടിയില്‍ രാജ്യങ്ങള്‍ (COP26) എടുത്തിരുന്നു. 2020ലെ നിലയില്‍നിന്ന് 2030 ആവുമ്പോഴേക്കും 30 ശതമാനം മീഥെയ്ന്‍ ഉത്പാദനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് പ്രതിജ്ഞയിലൂടെ രാജ്യങ്ങള്‍ നടത്തിയത്. എന്നാല്‍, ഇന്ത്യ വിട്ടുനിന്നു. കാരണം, മീഥെയ്ന്‍ പുറന്തള്ളലില്‍ പ്രധാന പങ്കുവഹിക്കുന്നത് കന്നുകാലികളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള രാജ്യമാണ് ഇന്ത്യ. ഒരു വലിയ വിഭാഗം ജനതയുടെ ജീവനോപാധിയായ കന്നുകാലി വളര്‍ത്തലില്‍ പെട്ടെന്ന് കൊണ്ടുവരുന്ന മാറ്റം ആ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവുകൊണ്ടാണത്.
കന്നുകാലികളും മീഥെയ്‌നും
ഭക്ഷണപദാര്‍ഥങ്ങള്‍ കന്നുകാലികളുടെ ആമാശയത്തിലെത്തുമ്പോള്‍ ദഹനപ്രക്രിയയുടെ ഉപോത്പന്നം എന്ന നിലയില്‍ അസിഡിറ്റി ഉണ്ടാകും. അസിഡിറ്റിയെ കുറയ്ക്കാനുള്ള സംവിധാനമെന്ന നിലയില്‍ ആമാശത്തില്‍ മീഥെയ്ന്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഇവയുടെ ശ്വാസത്തിലൂടെയും ചാണകത്തിലൂടെയും പുറന്തള്ളും. ശ്വാസത്തിലൂടെയാണ് 90 ശതമാനം മീഥെയ്‌നും കന്നുകാലികള്‍ പുറന്തള്ളുന്നത്.
പശു, എരുമ, ചെമ്മരിയാട്, ആട് എന്നിവയാണ് മീഥെയ്ന്‍ പുറന്തള്ളുന്ന കന്നുകാലികള്‍. പശുവാണ് കൂടുതല്‍ മീഥെയ്ന്‍ പുറന്തള്ളുന്നത്. എരുമകള്‍ ഒരുവര്‍ഷം ശരാശരി 50 കിലോഗ്രാം മീഥെയ്ന്‍ പുറന്തള്ളുമ്പോള്‍ പശുക്കള്‍ 68 കിലോഗ്രാമാണ് പുറന്തള്ളുന്നത്. ഇവയെക്കാള്‍ താരതമ്യേന കുറവാണ് അടുകളും ചെമ്മരിയാടുകളും പുറംതള്ളുന്ന മീഥെയ്ന്‍.
മീഥെയ്ന്‍ നന്നായി ജ്വലിക്കുന്ന നിറവും മണവുമില്ലാത്ത വാതകം. കാര്‍ബണും ഹൈഡ്രജനും കൂടിച്ചേര്‍ന്നുണ്ടാകുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനിയാണ് മീഥെയ്ന്‍. സൂര്യനില്‍നിന്ന്എത്തുന്ന പ്രകാശത്തെ ആഗിരണംചെയ്ത് ഇത് ഭൂമിയിലെ ചൂട് വര്‍ധിപ്പിക്കുന്നു. |
വെളിച്ചം വീശുന്ന കണ്ടെത്തല്‍
കന്നുകാലികള്‍ മീഥെയ്ന്‍ പുറന്തള്ളുന്നുവെന്ന് ലോകത്തിന് അറിയാമെങ്കിലും ഒരു പശു ഉത്പാദിപ്പിക്കുന്ന മീഥെയ്‌ന്റെ കൃത്യമായ അളവ് കണ്ടെത്തുക എളുപ്പമായിരുന്നില്ല. കന്നുകാലികളെ വലിയൊരു ചേംബറിനകത്തേക്ക് (ക്ലൈമറ്റ് ചേംബര്‍) കടത്തിവിട്ട് മീഥെയ്ന്‍ അളക്കുന്ന രീതിയായിരുന്നു സാധാരണമായുണ്ടായിരുന്നത്. എന്നാല്‍, ഇതില്‍ 30 മുതല്‍ 40 വരെ ശതമാനം വ്യത്യാസം പ്രകടമായിരുന്നു. ചേംബറിനകത്തേക്ക് കയറുമ്പോള്‍ പശുവിന് ആയാസം വര്‍ധിക്കുന്നതാണ് കണക്കിലെ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം. ശാസ്ത്രത്തിലെ ഈ സമസ്യയ്ക്ക് വെളിച്ചംപകരാനും കന്നുകാലികളിലെ മീഥെയ്ന്‍ പുറന്തള്ളലിനെ ക്ലേശമില്ലാതെ ചെറുക്കാനും കഴിയുമെന്നാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയും (കെ.വി.എ. എസ്.യു.) ഇംഗ്ലണ്ടിലെ റോത്താംസ്റ്റഡ് റിസര്‍ച്ചും പങ്കാളിത്ത ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.
കന്നുകാലികളില്‍നിന്നുള്ള മീഥെയ്ന്‍ ഉത്പാദനം കൃത്യതയോടെ കണ്ടെത്തുന്നത് കാലാവസ്ഥാപഠനങ്ങളില്‍ വലിയ വെല്ലുവിളിയാണ്. പശുക്കള്‍ക്ക് ഒരു സമ്മര്‍ദവുമുണ്ടാക്കാതെ, അവ ആഹാരം കഴിക്കുന്ന സമയത്ത് മീഥെയ്ന്‍ അളക്കാന്‍ ഞങ്ങളുടെ പരീക്ഷണത്തില്‍ സാധിച്ചു.
- ഡോ. മുഹമ്മദ്, എളയടത്തുമീത്തല്‍
വിവിധതരം ഭക്ഷണങ്ങള്‍ നല്‍കുമ്പോഴുള്ള പശുക്കളിലെ ദിവസവളര്‍ച്ചയും മീഥെയ്ന്‍ തീവ്രതയുമാണ് ഗവേഷണസംഘം കണ്ടെത്തിയത്. ഗ്രീന്‍ഫീഡ് എന്ന ഉപകരണം ഉപയോഗിച്ച് നൂറോളം പശുക്കളെ മാസങ്ങളോളം നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. ഇതില്‍ നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുമ്പോള്‍ കുറവ് മീഥെയ്ന്‍ തീവ്രതയും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതായും കണ്ടെത്തി. മൂന്നുതരം ഭക്ഷണരീതികളാണ് പരീക്ഷിച്ചത്. അന്താരാഷ്ട്ര ശാസ്ത്രജേണല്‍ 'അനിമല്‍' ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭക്ഷണരീതികള്‍ മാറ്റണം
വാണിജ്യാടിസ്ഥാനത്തില്‍ കന്നുകാലികളെ വളര്‍ത്തുമ്പോള്‍ പാലളവ് കൂട്ടാനും ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിക്കാനും പുല്ലിന്റെ അളവ് കുറച്ച് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കൂടുതലായി അടങ്ങിയ ഭക്ഷണം നല്‍കുന്ന രീതിയാണ് പൊതുവേയുള്ളത്. അപ്പോള്‍ സ്വാഭാവികമായും മീഥെയ്ന്‍ പുറന്തള്ളലും വര്‍ധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ഭക്ഷണരീതികള്‍ ക്രമപ്പെടുത്തിയാല്‍ കന്നുകാലികളിലെ മീഥെയ്ന്‍ ഉത്പാദനം കുറയ്ക്കാനാകുമെന്ന് നേരത്തേ തെളിയിച്ചിട്ടുണ്ടെങ്കിലും കണക്കുകളില്‍ കൃത്യതയുണ്ടായിരുന്നില്ല.
കടല്‍പ്പായല്‍ (seaweeds) പോലുള്ളവ കന്നുകാലികളുടെ ഭക്ഷണത്തില്‍ ചേര്‍ത്തുനല്‍കിയാല്‍ മീഥെയ്ന്‍ പുറന്തള്ളല്‍ കുറയുമെന്ന് മറ്റു പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എങ്കിലും ഇത്തരം കൃത്രിമമാര്‍ഗങ്ങള്‍ക്കുപകരം കന്നുകാലികളുടെ സ്വാഭാവിക അവസ്ഥയില്‍നിന്നുതന്നെ മീഥെയ്ന്‍ പുറന്തള്ളല്‍ കുറയ്ക്കാനാകുമെന്ന് ഗവേഷണം തെളിയിക്കുന്നു. കന്നുകാലികളുടെ സാധാരണതീറ്റയില്‍ വരുത്തുന്ന ക്രമപ്പെടുത്തലിലൂടെ മീഥെയ്ന്‍ ഉത്പാദനം കുറയ്ക്കാനാകുമെന്ന കണ്ടെത്തല്‍ മൃഗപരിപാലനരംഗത്ത് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. പതിനായിരക്കണക്കിന് കോടികളുടെ പദ്ധതി ആവിഷ്‌കരിക്കുന്നതിലും ഉചിതം കന്നുകാലികളുടെ സ്വാഭാവിക ഭക്ഷണരീതി ക്രമീകരിച്ചാല്‍മതിയെന്ന യാഥാര്‍ഥ്യം, ഈ ഗവേഷണഫലം ശാസ്ത്രലോകത്തിനുമുന്നില്‍ തുറന്നുവെക്കുന്നു.
പശുക്കളിലെ മീഥെയ്ന്‍ ഉത്പാദനം കണക്കാക്കുന്നതിനും വിവിധ തീറ്റകള്‍ ഉപയോഗിച്ച് മീഥെയ്ന്‍ ഉത്പാദനം കുറയ്ക്കുന്നതിനുമുള്ള സമാന പരീക്ഷണങ്ങള്‍ ആഗോളതലത്തില്‍ നടത്തുന്നതിന് ഞങ്ങളുടെ ഗവേഷണമാതൃക സഹായിക്കും
- പ്രൊഫ. മൈക്കല്‍ ലീ
ഇന്ത്യയില്‍ എന്തുചെയ്യാം?
2.5 കോടിയിലധികം ജനങ്ങള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. യു.കെ.യിലെ പശുക്കളിലാണ് പഠനം നടത്തിയത്. ഭക്ഷണം ക്രമീകരിച്ച് സ്വാഭാവികരീതിയില്‍ എങ്ങനെ കന്നുകാലികളിലെ മീഥെയ്ന്‍ തീവ്രത കുറച്ച് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനാകുമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍, ഗവേഷണസംഘം മുന്നില്‍ കാണുന്നത് ഈ മേഖലയില്‍ ഇന്ത്യയില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളാണ്. ഇന്ത്യയില്‍ പശുക്കളുടെ ഭക്ഷണരീതിയും പരിപാലനവും വ്യത്യസ്തമാണ്.
ഇന്ത്യയിലെ പശുക്കളിലെ പരമ്പരാഗത ഭക്ഷണരീതികളില്‍ മീഥെയ്ന്‍ തീവ്രതയും വളര്‍ച്ചനിരക്കും കണ്ടെത്തണം.
ഒരു പശു പ്രതിദിനം ഉത്പാദിപ്പിക്കുന്ന മീഥെയ്ന്‍ അളവ് കണക്കാക്കിയാണ് കന്നുകാലികളിലെ ആഗോളതാപനശേഷി കണക്കാക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ പാലുത്പാദനത്തിന് വേണ്ടിവരുന്ന മീഥെയ്ന്‍ അളവ് കണക്കാക്കി, മീഥെയ്ന്‍ തീവ്രത കുറഞ്ഞ, കൂടുതല്‍ വളര്‍ച്ചനിരക്കും കൂടുതല്‍ പാലും ഉത്പാദിപ്പിക്കുന്ന ഭക്ഷണക്രമം കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത് ലഭിക്കുന്ന പശുവിനത്തെയും കണ്ടെത്തി കര്‍ഷകര്‍ക്കിടയില്‍ അവയെ കൂടുതലായി വളര്‍ത്താനും ശ്രമങ്ങളുണ്ടാകണം.
Content Highlights: researchers found feeding natural food to cows can reduce methane emission on earth
Published: 27 May 2023, 10:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented