
ഷിബുവും റോയിയും കൃഷിയിടത്തിൽ | Photo: Screengrab/Mathrubhumi News
ഒരുകാലത്ത് കേരളത്തിലെ കൃഷിയിടങ്ങളിൽ വളരെ സജീവമായിരുന്ന എള്ള്, ഇന്ന് നാമമാത്രമായി ചുരുങ്ങിപ്പോയ ഒരു വിളയാണ്. എന്നാൽ, അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന ഈ വിളയെ വീണ്ടും സജീവമാക്കാനുള്ള വലിയ ദൗത്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇടുക്കിയിലെ കരിമണ്ണൂർ സ്വദേശികളായ രണ്ട് കർഷകർ. ഷിബുവും റോയിയും ചേർന്നാണ് ആധുനിക രീതിയിൽ എള്ള് കൃഷി നടത്തുന്നത്.
തൊടുപുഴയിലെ ഒരു ബന്ധുവിന്റെ വീടിനടുത്തുള്ള പ്ലോട്ട് എള്ള് കൃഷിക്ക് വളരെ അനുയോജ്യമായ സ്ഥലമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഷിബുവും റോയിയും ചേർന്ന് ഒരു തമാശയ്ക്ക് എന്നോണം ഈ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ, അവർ കൃഷി ചെയ്ത രീതി പരമ്പരാഗതമല്ല.
കൃഷിയുടെ 80% ഭാഗത്തും ഇവർ യന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് കാർഷികവൃത്തികൾ നടത്തിയത്. എള്ള് സാധാരണയായി ചെറിയ പ്ലോട്ടുകളിൽ വിതയ്ക്കുകയാണ് പതിവ്. എന്നാൽ ഒരു ഏക്കറിൽ എള്ള് നടുന്നത് ശ്രമകരമായ ജോലി ആയതിനാൽ കായിക അധ്വാനം കുറയ്ക്കുന്ന, ആയാസം കുറഞ്ഞ ചില മാർഗ്ഗങ്ങൾ ഇവർ ഉപയോഗിച്ചു.
എള്ള് കൃഷിക്ക് വേണ്ട ബെഡ് ഒരുക്കുക എന്നത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കായിക അധ്വാനമാണ്. എന്നാൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യുമ്പോൾ, ഒന്നോ രണ്ടോ പേർക്ക് ദിവസങ്ങൾക്കുള്ളിൽ വളരെ നിസ്സാരമായി ചെയ്തു തീർക്കാവുന്ന ജോലിയായി അത് മാറുന്നു.
രാസവളം മണ്ണിൽ ഉപയോഗിക്കുന്ന രീതി ഇവർ പൂർണ്ണമായും ഒഴിവാക്കി. ഒരു തരി രാസവളം പോലും വാങ്ങി മണ്ണിൽ ഉപയോഗിച്ചിട്ടില്ല. പകരം, ഇലകളിൽ നേരിട്ട് സ്പ്രേ ചെയ്യുന്ന രീതിയിലുള്ള, ന്യൂട്രീഷ്യസ് ആയ വളപ്രയോഗമാണ് (ഫോളിയർ ആപ്ലിക്കേഷൻ) ഇവർ തിരഞ്ഞെടുത്തത്. ഈ ആധുനിക രീതിയിലുള്ള കൃഷി കാരണം നല്ല വിളവ് ലഭിച്ചുവെന്നും കീടനാശിനിയുടെ പ്രയോഗം കാര്യമായി വേണ്ടിവന്നില്ല എന്നും കർഷകർ പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി എള്ള് കൃഷി ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. ചെയ്യുന്നവർ പോലും സ്വന്തം ആവശ്യത്തിനായി ചുരുങ്ങിയ ഇടങ്ങളിൽ മാത്രമാണ് കൃഷി ചെയ്യുന്നത്. കൃഷി ലാഭകരമല്ലാത്തതായതാണ് കർഷകർ ഈ വിളയിൽ നിന്ന് പിന്മാറാൻ ഒരു കാരണം. എങ്കിലും, എള്ള് കൃഷി ഇല്ലാതാകരുത്, അന്യം നിന്ന് പോകരുത് എന്ന നിശ്ചയദാർഢ്യത്തോടെയാണ് ഷിബുവും റോയിയും മുന്നോട്ട് വരുന്നത്.
Content Highlights: Discover how farmers in Karimannoor, Idukki are reviving sesame cultivation using modern, chemical-free methods and technology. Learn about their innovative approach to boosting yields and sustainability.
Published: 27 Nov 2025, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented