
പന്തളം: പഴുത്ത അടയ്ക്കയുടെ വില താഴ്‍ന്നുതുടങ്ങി. കുട്ടനാടൻ അടയ്ക്ക വിപണിയിലെത്തിയതോടെയാണിത്. കുട്ടനാട് കൈനകരി പഞ്ചായത്തിലെ ആർ ബ്ലോക്കിൽനിന്നു ആറ് ക്വിന്റൽ അടയ്ക്കയാണ് മധ്യതിരുവിതാംകൂറിലെ മലഞ്ചരക്ക് വ്യാപാരകേന്ദ്രമായ പറക്കോട്ട് കഴിഞ്ഞദിവസം എത്തിച്ചത്.
അടയ്ക്ക ഒരെണ്ണത്തിന് 13 രൂപ കടന്നതായുള്ള ‘മാതൃഭൂമി’ വാർത്ത കണ്ടതോടെയാണ്, ആർ ബ്ലോക്കിലെ കർഷകരായ സണ്ണി ജോസഫും സഹോദരൻ ഓസ്റ്റിനും അടയ്ക്കയുമായി പറക്കോട്ടെത്തിയത്. കിലോയ്ക്ക് 100 രൂപ മൊത്തവിലയിൽ ഇത് വിറ്റു. മഴക്കാലമായതിനാൽ, വിളവെടുക്കാൻ പാകമായ അടയ്ക്ക എവിടെ വിൽക്കുമെന്ന വിഷമത്തിലായിരുന്നു ആർ ബ്ലോക്കിലെ കർഷകർ. ബാക്കിയുള്ള അടയ്ക്കകൂടി പറക്കോട്ടുള്ള വിപണിയിൽ വിൽക്കാനുള്ള ആലോചനയിലാണ് ഇവിടത്തെ കർഷകർ.
1500 ഏക്കറിലാണ് ആർ ബ്ലോക്കിലെ കൃഷി. കായലിലെ എക്കൽ കയറി വളക്കൂറുള്ള മണ്ണിൽ ഒന്നരവർഷംകൊണ്ട് കായ്ച്ചുതുടങ്ങുന്ന കമുകിലെ അടയ്ക്കയ്ക്കാണ് പുതിയ വിപണി ലഭിച്ചത്. നാടൻ പാക്കിനേക്കാൾ വലുപ്പവുമുണ്ട്. 25 ഏക്കറിൽ തെങ്ങും കമുകും ഇടവിളയായി വാഴയും ഇവർ കൃഷിചെയ്യുന്നു.
ചന്തയിലേക്ക് നാടൻ അടയ്ക്കയുടെ വരവ് കുറഞ്ഞതോടെയാണ് വില ഉയർന്നത്. മംഗളൂരു, മേട്ടുപ്പാളയം, സത്യമംഗലം, ആനമല, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് സീസണല്ലാത്ത സമയങ്ങളിൽ വിപണികളിൽ എത്തിയിരുന്നത്. ഇപ്പോൾ മേട്ടുപ്പാളയം, കോഴിക്കോടൻ അടയ്ക്കയും വിപണിയിലുണ്ട്. ഇതിൽ മേട്ടുപ്പാളയം അടയ്ക്കയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇതിന് വിലയും കൂടുതലാണ്.
ഓഗസ്റ്റ് അവസാനം വീണ്ടും നാടൻ അടയ്ക്ക വിപണിയിലെത്തും. കഴിഞ്ഞയാഴ്ചവരെ കിലോയ്ക്ക് 260 രൂപയ്ക്കാണ് മൊത്തവിൽപ്പനക്കാർ അടയ്ക്ക വാങ്ങിയിരുന്നത്. ചില്ലറ വിൽപ്പന, എണ്ണമനുസരിച്ചാണ് നടത്തുന്നത്. ഒരെണ്ണത്തിന് എട്ടുരൂപയിൽ കിടന്ന അടയ്ക്കയുടെ വില ഒരാഴ്ചകൊണ്ട് 13 വരെ കുതിച്ചുയർന്നിരുന്നു. കാലാവസ്ഥാവ്യതിയാനം കാരണം അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും ഉള്ള കാലതാമസവും വിപണിയിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Content Highlights: Kuttanad Areca Nut Arrivals Cool Down Soaring Prices
Published: 10 Aug 2025, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented