ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാ ജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്. ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉൾപ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാൽ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല.
കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറിൽ പൂക്കൃഷിയുണ്ട്. 3,000 വനിതാ കർഷകസംഘങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഓണക്കാലത്ത് മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടിവരുന്നതു കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്. ഒട്ടേറെ കർഷകരും വ്യാപകമായി പൂക്കൃഷി ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലൊന്ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. മുൻപരിചയമുള്ളവർ വിപണി കണ്ടെത്തുന്നുണ്ടെങ്കിലും പുതുതായെത്തിയവർ ബുദ്ധിമുട്ടുകയാണ്.
കഞ്ഞിക്കുഴിയിൽ ബന്ദിപ്പൂവിന് കിലോയ്ക്ക് 100-150 രൂപ വിലയുണ്ട്. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും 50 രൂപയ്ക്കുപോലും പൂ വിൽക്കുന്നുണ്ട്. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തിൽ സംവിധാനമില്ല. ചിലയിടങ്ങളിൽ കുടുംബശ്രീ സി.ഡി.എസുകൾ പൂക്കൾ ശേഖരിച്ച് ഒന്നിച്ചു വിൽക്കുന്നുണ്ട്. ഓണത്തിന് ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയതും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നുവെച്ചതും അപ്രതീക്ഷിത പ്രതിസന്ധിയായി.
വിപണിസാധ്യത മനസ്സിലാക്കാൻ മൊബൈൽ ആപ്പ്
സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ടു കർഷകരിലെത്തിക്കാനും സേവനങ്ങൾ എളുപ്പത്തിൽ കിട്ടാനുമായി മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്. അതു പ്രവർത്തിച്ചു തുടങ്ങിയാൽ ഭാവിയിൽ വിപണി സാധ്യതകളെക്കുറിച്ചു മനസ്സിലാക്കാനാകും. ലാഭത്തിൽ കൊണ്ടുപോകാവുന്നതാണ് പൂക്കൃഷി. സർക്കാരിന്റെയും കുടുംബശ്രീയുടെയും ഓണവിപണികളിൽ കർഷകരുടെ പൂക്കൾ വിൽക്കാനുള്ള അവസരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. -പി. പ്രസാദ്, കൃഷിമന്ത്രി.
Content Highlights: Kerala witnesses a bumper harvest of flowers, especially marigold, for Onam festival
Published: 11 Sept 2024, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented