ആലത്തൂർ: ഇന്ത്യയിൽ നെല്ലിന് പ്രോത്സാഹനവിഹിതം ഉൾപ്പെടെ ഏറ്റവും ഉയർന്നവില ലഭിക്കുന്നത് കേരളത്തിലാണെന്നാണ് ഭക്ഷ്യമന്ത്രിയുടെ വാദം. എന്നാൽ, ഒഡിഷയിൽ 32 രൂപയ്ക്കും ഛത്തീസ്ഗഢിൽ 31 രൂപയ്ക്കുമാണ് സംഭരണമെന്ന് സ്വതന്ത്ര കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. നെൽക്കർഷകർക്ക് എത്രകൊടുത്താലും അധികമാകില്ലെന്ന നിലപാടാണ് കൃഷിമന്ത്രിക്കെങ്കിലും, ഖജനാവിലെ ഞെരുക്കംമൂലം അധിക സാമ്പത്തികബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്.

To advertise here,

കഴിഞ്ഞ ഒന്നും രണ്ടും വിളകളിൽ ഉത്പാദനം കുറഞ്ഞ്, ഏക്കറിന് ശരാശരി വിളവ് 1,750 കിലോഗ്രാമായിരുന്നു. നെല്ലുസംഭരിച്ച് രസീത് നൽകിയാൽ 48 മണിക്കൂറിനകം വില നൽകണമെന്നും ഒരുകാരണവശാലും ഏഴുദിവസത്തിനകം വൈകാൻ പാടില്ലെന്നും കേന്ദ്രസർക്കാർ ചട്ടമുണ്ടെങ്കിലും പാലിക്കുന്നില്ല.

രാജ്യത്തെ കർഷകരുടെ വരുമാനം ദിവസം ശരാശരി 27 രൂപ മാത്രമാണെന്നാണ് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ കഴിഞ്ഞവർഷത്തെ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞത്. അഗ്രിക്കൾച്ചറൽ ഹൗസ്‌ഹോൾഡ് ആൻഡ് ഹൗസ്‌ഹോൾഡ് ഇൻ ഇന്ത്യയുടെ കണക്കുപ്രകാരം രാജ്യത്തെ കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്. ദിവസം 340 രൂപമാത്രം.

നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രസർക്കാർ 69 രൂപയുടെ വർധന വരുത്തിയതോടെ ക്വിന്റലിന് 2,369 രൂപയായി. ഇതുപ്രകാരം സംസ്ഥാനത്തെ സംഭരണവില കിലോഗ്രാമിന് 28.89 രൂപയാകും. നിലവിൽ ഒരുകിലോഗ്രാം നെല്ലിന് കേന്ദ്ര താങ്ങുവിലയായ 23 രൂപയോടൊപ്പം സംസ്ഥാന പ്രോത്സാഹനവിഹിതമായ 5.20 രൂപയും ചേർത്ത് 28.20 രൂപയ്ക്കാണ് സംഭരിക്കുന്നത്. 2021 മുതൽ സംസ്ഥാന സർക്കാർ പ്രോത്സാഹനവിഹിതത്തിൽ വെട്ടിക്കുറച്ച 3.40 രൂപ പുനഃസ്ഥാപിച്ചാൽ സംഭരണവില 32.29 രൂപയാകും. 12 പൈസ കൈകാര്യച്ചെലവായി അനുവദിക്കുന്നതും ചേർത്താൽ 32.41 രൂപ ലഭിക്കും. 

'മാതൃഭൂമി' പ്രതിനിധികളോട് കർഷകരുടെ പ്രതികരണങ്ങൾ

അധ്വാനത്തിനുള്ള വില ലഭിക്കുന്നില്ല

നെൽക്കൃഷിയിൽ കർഷകന്റെ അധ്വാനത്തിനുള്ള മൂല്യം വിലയായി ലഭിക്കുന്നില്ല. വളം, പണിക്കൂലി, വാഹനവാടക തുടങ്ങിയവയെല്ലാം വർധിച്ചു. നെല്ലിന് കിലോഗ്രാമിന് 40 രൂപ ലഭിക്കണം. അല്പം ആശ്വാസം പകരുന്നതാണ് താങ്ങുവില. കേന്ദ്രം പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്ക് ആനുപാതികമായി ഇത്തവണയെങ്കിലും സംസ്ഥാനസർക്കാർ സംഭരണ വില വർധിപ്പിക്കണം. യഥാസമയം നെല്ലുവില നൽകണം. ഈ സാഹചര്യമില്ലാത്തതുകൊണ്ടാണ് പലരും കൃഷി ഉപേക്ഷിക്കുന്നത്. - എ.കെ. മോഹൻദാസ്, അപ്പക്കാട്, പുതുക്കോട്

വർധിപ്പിക്കാത്തത് നിരാശാജനകം

പ്രതീക്ഷിക്കാതെ എത്തിയ മഴയിൽ ഒന്നാംവിളതന്നെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ്. കേന്ദ്രവർധനയ്ക്കനുസരിച്ച് സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നും സഹായം ഉണ്ടായില്ലെങ്കിൽ നിലനിൽപ്പ് പ്രതിസന്ധിയിലാകും. വളത്തിനും കീടനാശിനിക്കും കൂലിയിനത്തിലും വലിയ ചെലവുണ്ടാകുന്നു. ഇതുവരെയായും സംസ്ഥാനവിഹിതം കുറയ്ക്കുകയല്ലാതെ, വർധിപ്പിക്കാൻ മുൻകൈയെടുക്കാത്ത സർക്കാർ നടപടി നിരാശാജനകമാണ്. - കൃഷ്ണമൂർത്തി, കല്ലാണ്ടിച്ചള്ള പാടശേഖരസമിതി, ചിറ്റൂർ

കുറയ്ക്കാനുള്ള വഴിതേടരുത്

കേന്ദ്രസർക്കാർ 69രൂപ കൂട്ടിയതിൽ സന്തോഷം. സംസ്ഥാനസർക്കാർ 100 രൂപ കുറയ്ക്കാനുള്ളവഴി തേടരുത്. വെള്ളനെല്ല് മില്ലുകാർ എടുക്കുന്നില്ല. വിത്തിൽ കലർപ്പ് വരുന്നു. നല്ല അരി കയറ്റിയയച്ച് ഇതരസംസ്ഥാന അരി നമുക്ക് നൽകുന്നു. കൃഷിഭവനുകൾ കർഷകർക്ക് ഗുണകരമാകുന്നില്ല. ഒന്നാംവിളയിൽനിന്ന് ഓരോ വർഷവും കൂടുതൽ കർഷകർ പിൻമാറുകയാണ്. കൊയ്ത്ത് കഴിഞ്ഞാൽ സംഭരണത്തിന് കാലതാമസം. വില ലഭിക്കുന്നതിന് പിന്നെയും താമസം. കഴിഞ്ഞവർഷം നാലേക്കർ കൃഷി ചെയ്തു. 50,000 രൂപ നഷ്ടം വന്നു. 10 ടണ്ണിലേറെ നെല്ലുലഭിക്കേണ്ട സ്ഥാനത്ത് നാല് ടൺ മാത്രമാണ് ലഭിച്ചത്. - ഗോപാലരാമൻ, പനയംകണ്ടത്ത്മഠം, തൃക്കങ്ങോട് (റിട്ട. ആർമി, കർഷകൻ)

സംഭരണവില ഉയർത്തണം

കേന്ദ്ര താങ്ങുവില വർധനയ്‌ക്ക്‌ ആനുപാതികമായി സംസ്ഥാനസർക്കാർ പ്രോത്സാഹന വിഹിതം വർധിപ്പിക്കണം. നേരത്തേതന്നെ വർധിപ്പിക്കേണ്ടതായിരുന്നു. വർധിച്ച കൂലിച്ചെലവ്, വളം-കീടനാശിനി വിലവർധന, രാസവളത്തിന്റെ ലഭ്യതക്കുറവ്, കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് യഥാസമയം കിട്ടാതിരിക്കൽ, കൃഷിനാശം, വന്യമൃഗശല്യം തുടങ്ങിയ പ്രശ്‌നങ്ങൾ കർഷകൻ നേരിടുകയാണ്. പരിഹാരം വിലവർധന മാത്രമാണ്. -പൊന്നുള്ളി മോഹനൻ, സെക്രട്ടറി, ചാലിശ്ശേരി കോതമംഗലം പാടശേഖരസമിതി