
പ്രതീകാത്മക ചിത്രം | Photo: Ajith Sankaran / Mathrubhumi
പത്തനംതിട്ട: കർഷകരുടെ ക്ഷേമത്തിനായി തുടങ്ങിയ കേരള കർഷകക്ഷേമനിധിബോർഡിനെ പുതിയ യു.ഡി.എഫ്.സർക്കാർ വളർത്തുമോ തളർത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് കർഷകർ. കർഷകർ അടച്ച തുകയ്ക്ക് തുല്യമായ ഫണ്ടുപോലും ബോർഡിന് നൽകാതെയാണ് കഴിഞ്ഞസർക്കാർ പടിയിറങ്ങിയത്. കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലാണ് കർഷകക്ഷേമനിധി ബോർഡ് രൂപവത്കരിച്ചത്.
കർഷകരുടെ ക്ഷേമനിധിയിലെ അംഗത്വം അഞ്ചുവർഷം പൂർത്തിയാകുന്നത് 2026 ഡിസംബറിലാണ്. അന്നുമുതൽ പെൻഷൻ ഉൾപ്പെടെ കൊടുക്കേണ്ടിവരും. എന്നാൽ, ഇതുവരെ ഇതിനുള്ള ഫണ്ട് എത്തിയിട്ടില്ല. പെൻഷൻ നൽകാൻ തീരുമാനിച്ചാൽ ഇതുവരെയുള്ള സർക്കാർ വിഹിതം മുഴുവൻ നിലവിലെ സർക്കാർ നൽകേണ്ടിവരും.
കർഷകൻ 100 രൂപ അടച്ചാൽ സർക്കാർ തുല്യമായ തുക ബോർഡിന് നൽകണമെന്നാണ് വ്യവസ്ഥ. കർഷകർ എത്ര കൂടിയ തുക അടച്ചാലും, പരമാവധി 250 രൂപയാണ് ഓരോ കർഷകനുംവേണ്ടി ബോർഡിന് സർക്കാർ നൽകേണ്ടിയിരുന്നത്. 2023-ൽ നിലവിലുള്ള ഡയറക്ടർബോർഡിന്റെ കാലാവധി തീർന്നെങ്കിലും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അതിന് തുടരാൻ സർക്കാർ അനുമതി നൽകി.
അംഗമാകുന്നവർക്ക് പെൻഷൻ, അനാരോഗ്യ ആനുകൂല്യം, ചികിത്സാസഹായം, വിവാഹ-വിദ്യാഭ്യാസ സഹായം, മരണാനന്തരസഹായം, കുടുംബപെൻഷൻ തുടങ്ങിയവ വാഗ്ദാനംചെയ്താണ് കർഷകരെ അംഗങ്ങളാക്കിയത്. 15,000-ത്തിനുമുകളിൽ കർഷകർ അംഗങ്ങളായി. എന്നാൽ, പദ്ധതിയുടെ അനിശ്ചിതത്വം കാരണം പിന്നീട് പുതിയ അംഗങ്ങളെ ചേർക്കുന്നത് നിർത്തി. പുതുതായി കർഷകർ ചേരാതെയുമായി.
അഞ്ചു സെന്റുമുതൽ 15 ഏക്കർവരെ കൃഷിയുള്ളവർക്കും വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. സർക്കാരിൽനിന്ന് നേരിട്ട് പണം വാങ്ങാതെ ബോർഡിന്റെ പ്രവർത്തനത്തിന് തുക കണ്ടെത്താനുള്ള വഴിയും ബോർഡിന്റെ രൂപവത്കരണസമയത്ത് നിർദേശിച്ചിരുന്നു.
മണ്ണെടുക്കുമ്പോഴും, കാർഷിക സാധനങ്ങൾ ഉത്പന്നങ്ങളാക്കുമ്പോഴും മറ്റും സെസ് മാതൃകയിൽ ഒരു ചെറിയ തുക ബോർഡിലെത്തുന്ന രീതിയാണ് അവതരിപ്പിച്ചത്. എന്നാൽ, അതിന് സർക്കാർ അന്ന് അനുമതി നൽകിയില്ല.
Content Highlights: Kerala Farmers Welfare Fund Board struggles with funding gaps as 2026 pension deadlines approach.
Published: 10 Jun 2026, 07:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented