ആലത്തൂർ: ഒക്ടോബർ 11-നും 25-നും ഇടയിൽ ഞാറ്റടി തയ്യാറാക്കി, നവംബർ അഞ്ചിനും 15-നും ഇടയിൽ നടീൽ പൂർത്തിയാക്കണമെന്നാണ് കൃഷി വകുപ്പിന്റെ വിള കലണ്ടർ നിർദേശിക്കുന്നത്. സീഡ് അതോറിറ്റിയിൽനിന്ന് സബ്‌സിഡി നിരക്കിൽ ആവശ്യത്തിന് വിത്ത് നൽകാൻ ഒക്ടോബർ 27 ആയിട്ടും കൃഷിവകുപ്പിന് കഴിഞ്ഞിട്ടില്ല. ചില കൃഷിഭവനുകളിൽ ലഭിച്ച വിത്തിൽ കലർപ്പും പതിരും ഉള്ളതാണെന്നും ആക്ഷേപവുമുണ്ട്. ആവശ്യത്തിന് വിത്ത് ലഭിക്കാതെ കർഷകർ നെട്ടോട്ടത്തിലാണ്. രണ്ടാംവിള ജലസേചനം പൂർണമായും കനാൽ വെള്ളത്തെ ആശ്രയിച്ചായതിനാൽ നടീൽ വൈകുന്നത് വിളവിന് പ്രതികൂലമാകും.

To advertise here,

തദ്ദേശ സ്ഥാപനങ്ങളുടെ സബ്‌സിഡി ഉപയോഗപ്പെടുത്തി 30-31 രൂപയ്ക്കാണ് കൃഷിഭവനുകൾ നെൽവിത്ത് ലഭ്യമാക്കുന്നത്. സ്വകാര്യ ഏജൻസികൾ 40-45 രൂപയ്ക്കാണ് വിത്ത് വിൽക്കുന്നത്. ഇതിന്റെ ഗുണനിലവാരത്തിൽ ഉറപ്പില്ല. ചില ചെറുകിട മില്ലുകളും നെല്ല് ഏജന്റുമാരും കഴിഞ്ഞ വർഷത്തെ നെല്ലിലെ പതിരുനീക്കി വിത്തെന്ന പേരിൽ വിൽക്കുന്നുണ്ട്. കലർപ്പുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും വേറെ വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

കെഎസ്എസ്ഡിഎയുടെ കണ്ണാറ, എരുത്തേമ്പതി, ആലപ്പുഴ സൂക്ഷിപ്പ് കേന്ദ്രങ്ങളിൽ നെൽവിത്ത് ഉണ്ടങ്കിലും വിതരണ-സംഭരണ കരാറുകാരുമായുള്ള പ്രശ്നമാണ് വിത്ത് ക്ഷാമത്തിന് കാരണമെന്ന് പറയുന്നു. ഒരു കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തി ഒഴിവാക്കിയതും കരാറുകാരൻ ഇതിനെതിരേ കോടതി ഉത്തരവ് നേടിയതും നിയമപ്രശ്നം സൃഷ്ടിച്ചിരുന്നു. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വിത്തുക്ഷാമം രൂക്ഷമാണ്. ഉത്പാദിപ്പിച്ച വിത്ത് സംഭരിക്കാത്തതിനാൽ വിത്തു കർഷകർക്കും പ്രശ്നമുണ്ട്.

30 കിലോ വിത്തിൽ മൂന്ന് കിലോ പതിര്

കുഴൽമന്ദം കൃഷിഭവനിലൂടെ ഐശ്വര്യ പാടശേഖരത്തിൽ വിതരണം ചെയ്ത നാഷണൽ സീഡ് കോർപറേഷന്റെ നെൽവിത്തിന്റെ 30 കിലോ ഗ്രാം ചാക്കിൽ മൂന്നു കിലോ പതിരായിരുന്നുവെന്ന് കർഷകൻ. വിത്ത് മുളപ്പിക്കാനായി വെള്ളത്തിൽ ഇട്ടപ്പോൾ പൊങ്ങിവന്ന പതിര് എടുത്ത് തൂക്കിയപ്പോൾ മൂന്ന് കിലോഗ്രാം ഉണ്ടായിരുന്നതായി പാടശേഖരസമിതി സെക്രട്ടറി എ. സുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധ സൂചകമായി പതിര് പാക്കറ്റിലാക്കി കൃഷിഭവനിൽ തിരിച്ചേൽപ്പിച്ചു.

വിത്തുഗുണം പത്തു ഗുണം

ഗുണമില്ലാത്ത വിത്ത് നെൽക്കൃഷിയുടെ അടിവേരറക്കുന്ന സ്ഥിതിയിലേക്കാണ് പോക്ക്. വിത്തിന്റെ ഗുണനിലവാരക്കുറവ് മൂലം മുളയ്ക്കാകയും ഉത്പാദനക്കുറവും രോഗ-കീടബാധയും ഉത്‌പാദിപ്പിക്കുന്ന നെല്ലിൽ പല ഇനങ്ങളുടെ കലർപ്പും നേരിടുകയാണ് കർഷകർ. ചുവന്ന മട്ടനെല്ലിൽ വെള്ളനെല്ലിന്റെ കലർപ്പ് 20 ശതമാനത്തിലും കൂടുതലായതിനാൽ പാലക്കാട് ജില്ലയിൽ 17 ഇടത്ത് സപ്ലൈകോയ്ക്ക് അളക്കാൻ കർഷകർ തയ്യാറാക്കിവെച്ച നെല്ല് സംഭരണ ചുമതലയുള്ള മില്ലുകൾ നിരസിച്ചിരുന്നു. ഏക്കറിന് 2,000 കിലോഗ്രാം വരെ വിളവ് ലഭിക്കേണ്ട സ്ഥാനത്ത് വിത്തിന്റെ ഗുണനിലവാരക്കുറവിനൊപ്പം കാലാവസ്ഥാ വ്യതിയാനംകൂടി വന്നതോടെ 1,200-1500 കിലോഗ്രാം വരെയേ കിട്ടിയുള്ളൂവെന്ന് കർഷകർ പറയുന്നു.