വടകര: കൊപ്രവില ക്വിന്റലിന് 23,250 രൂപ എന്ന റെക്കോഡ് ഉയരത്തിൽ നിൽക്കവേ താങ്ങുവിലയായ 11,582 രൂപയ്ക്ക് 30,000 ടൺ കൊപ്ര സംഭരിക്കാൻ മാർഗനിർദേശമിറക്കി സംസ്ഥാനസർക്കാർ. സാധാരണമായി താങ്ങുവിലയിലും വിപണിവില താഴുമ്പോഴാണ് സംഭരണത്തിനുള്ള നടപടികൾ സ്വീകരിക്കുക. എന്നാൽ, താങ്ങുവിലയെക്കാൾ ഇരട്ടിവില വിപണിയിൽ കിട്ടുന്ന സമയത്ത് സംഭരണത്തിന് നാല് സംസ്ഥാനതല ഏജൻസികളെ നിയമിച്ചാണ് കഴിഞ്ഞദിവസം കൃഷിവകുപ്പ് മാർഗനിർദേശം ഇറക്കിയത്. നിലവിലെ സാഹചര്യത്തിൽ സംഭരണം നടക്കില്ലെന്ന് മാത്രമല്ല, കർഷകർക്ക് ഇതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവുമില്ല.

To advertise here,

23,000 രൂപയുള്ള ഉണ്ടക്കൊപ്രയുടെ സംഭരണവില 12,100 രൂപയാണ്. താങ്ങുവില പദ്ധതിപ്രകാരം 2025-ൽ 30,000 ടൺ കൊപ്രയും 3000 ടൺ ഉണ്ടക്കൊപ്രയും സംഭരിക്കാൻ കേന്ദ്രം കേരളത്തിന് അനുമതിനൽകിയിരുന്നു. ഇതുപ്രകാരമാണ് സർക്കാർ സംസ്ഥാനതല സംഭരണ ഏജൻസികളായി വിഎഫ്പിസികെ, മാർക്കറ്റ്‌ഫെഡ്, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ, ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയെ തീരുമാനിച്ചത്.

കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും കുത്തനെ വിലയിടിഞ്ഞ 2022, 2023, 2024 സീസണുകളിൽപോലും സംഭരണത്തിന് ഇത്രയും ഏജൻസികളില്ലായിരുന്നു. സംഭരണം അന്ന് പരാജയപ്പെടുന്നതിലേക്ക് നയിച്ചതും ഇതുതന്നെ. സംഭരണത്തിന് പ്രസക്തിയില്ലാത്ത സമയത്താകട്ടെ ഇഷ്ടംപോലെ ഏജൻസികളും. ഇതിലെ വൈരുധ്യവും കർഷകർ ചൂണ്ടിക്കാട്ടുന്നു. കൊപ്രയ്ക്ക് 11,582 രൂപയും ഉണ്ടക്കൊപ്രയ്ക്ക് 12,100 രൂപയും താങ്ങുവില നിശ്ചയിച്ച കഴിഞ്ഞ ഡിസംബറിൽത്തന്നെ ഇവയുടെ കമ്പോളവില താങ്ങുവിലയെക്കാൾ മുകളിലെത്തിയിരുന്നു.