കൊല്ലം:പിഎം കിസാൻ ആനുകൂല്യങ്ങളടക്കം ലഭിക്കാൻ കർഷകർ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നടത്തണമെന്ന നിബന്ധന വന്നതോടെ കൃഷിഭവനുകളിൽ തിരക്കോടു തിരക്ക്. പദ്ധതി പ്രവർത്തനങ്ങളെല്ലാം മാറ്റിവെച്ച് ദിവസങ്ങളായി രജിസ്ട്രേഷനു പിന്നാലെയാണ് ഉദ്യോഗസ്ഥർ. സാങ്കേതിക തകരാറും വൈദ്യുതിമുടക്കവും കാരണം രജിസ്ട്രേഷന് മണിക്കൂറുകളോളമാണ് വയോധികരടക്കം കാത്തുനിൽക്കുന്നത്.
കർഷകർക്ക് ആനുകൂല്യങ്ങൾ വേഗം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്നതാണ് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ. സംസ്ഥാനത്തെ പിഎം കിസാൻ ഉപഭോക്താക്കളടക്കം 20 ലക്ഷം പേരെയാണ് അഗ്രിസ്റ്റാക്ക് രജിസ്റ്ററിൽ അംഗങ്ങളാക്കാൻ ഉദ്ദേശിക്കുന്നത്. രജിസ്ട്രേഷൻ നടത്തുന്നവർക്ക് ദേശീയതലത്തിൽ ഉപയോഗപ്പെടുത്താവുന്ന തിരിച്ചറിയൽ കാർഡ് ലഭ്യമാക്കും. ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ, മറ്റു രേഖകളൊന്നും ഹാജരാക്കാതെ നേടാനാകും.
പത്തുമണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾത്തന്നെ പലയിടത്തും വെബ്സൈറ്റിൽ സാങ്കേതികപ്രശ്നങ്ങൾ പതിവാണ്. രാജ്യം മുഴുവൻ ഒരേസമയം വെബ്സൈറ്റ് ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് തകരാറുണ്ടാകുന്നതെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്.
രജിസ്ട്രേഷൻ കൃഷിഭവനുകൾവഴി മാത്രമാക്കിയതാണ് തിരക്കേറാൻ ഇടയാക്കിയത്. അക്ഷയകേന്ദ്രങ്ങൾ വഴിയോ കർഷകർക്ക് നേരിട്ടോ സൗകര്യം ഏർപ്പെടുത്തിയിരുന്നെങ്കിൽ തിരക്കൊഴിവാക്കാൻ കഴിയുമായിരുന്നു. നിശ്ചിത ദിവസത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന നിബന്ധനയും ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
2022-ൽ കൃഷിക്കാർക്കെല്ലാം ഏകീകൃത തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്താനായി അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന അറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്തെ കർഷകരിൽ ഏറെപ്പേരും രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കൃഷിവകുപ്പ്, കർഷകർക്കുള്ള ആനുകൂല്യവിതരണത്തിനടക്കം കേരള അഗ്രിക്കൾച്ചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി (കതിർ ആപ്പ്) രജിസ്ട്രേഷൻ ആരംഭിച്ചത്. അതിപ്പോഴും തുടരുകയാണ്. ഒരേ വിവരങ്ങൾതന്നെയാണ് ഈ രജിസ്ട്രേഷനുകൾക്കായി ശേഖരിക്കുന്നത്. തൈകളുടെ വിതരണം, സമഗ്ര പച്ചക്കറിക്കൃഷി തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം രജിസ്ട്രേഷൻ പൂർത്തിയാകുംവരെ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ.
Content Highlights: farmers face delays in AgriStack registration, causing long queues at Krishibhavans.
Published: 26 May 2025, 07:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented