
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനവും സംസ്ഥാനതല നിരീക്ഷണ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. കർഷകരുടെ പരാതികളും സംശയങ്ങളും അടിയന്തരമായി പരിഗണിച്ച് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുള്ള ഈ സംവിധാനം കർഷക സമൂഹത്തിന് വലിയ ആശ്വാസമാകും.
ഇതിനോടനുബന്ധിച്ച്, എയിംസ് (AIMS) പോർട്ടൽ മുഖേന കർഷകർ സമർപ്പിക്കുന്ന അപേക്ഷകളുടെയും നഷ്ടപരിഹാര നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാൻ കഴിയുന്ന ഡാറ്റാബേസും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷിനാശ റിപ്പോർട്ടുകൾ, അപേക്ഷകളുടെ നില, നഷ്ടപരിഹാര വിതരണ പുരോഗതി തുടങ്ങിയ വിവരങ്ങൾ ഇനി മുതൽ സംസ്ഥാന തലത്തിൽ നേരിട്ട് വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും. കേന്ദ്രികൃത നിരീക്ഷണ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന കർമ്മം കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് നിർവഹിച്ചു. ഉദ്‌ഘാടന യോഗത്തിൽ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ, മരുതോങ്കര എന്നിവിടങ്ങളിൽ ഉണ്ടായ കൃഷിനാശനഷ്‌ടത്തിന് അടിയന്തിരമായി നഷ്‌ടപരിഹാരം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
പ്രകൃതിക്ഷോഭം, രോഗ-കീടബാധ, വന്യജീവി ആക്രമണം തുടങ്ങിയ കാരണങ്ങളാൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് കൈത്താങ്ങാകുന്ന സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയും പ്രകൃതിക്ഷോഭ നഷ്ടപരിഹാര സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ സജ്ജീകരണങ്ങൾ ലക്ഷ്യമിടുന്നത്. നിലവിൽ പ്രകൃതിക്ഷോഭം/ വിള ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലവിളംബം നേരിട്ടിരുന്നു. അത് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൃഷി വകുപ്പ് ഇത്തരത്തിൽ ഒരു സംവിധാനം ഏർപ്പെടുത്തിയത്.
പ്രകൃതിക്ഷോഭമുണ്ടാകുന്ന സാഹചര്യങ്ങളിൽ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും പ്രവർത്തനസജ്ജമാകുന്നതോടെ കർഷകരുടെ പരാതികൾക്കും അപേക്ഷകൾക്കും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പരിഹാരം കാണാൻ സാധിക്കും. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇൻഷുർ ചെയ്ത വിളകൾക്ക് പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുമ്പോൾ കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കും. കൂടാതെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള വിഹിതവും പ്രകൃതിക്ഷോഭങ്ങൾക്കായുള്ള അടിയന്തര സഹായ പദ്ധതിയിലൂടെയുള്ള സഹായവും കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
എയിംസ് പോർട്ടൽ മുഖേന പൂർണമായും ഓൺലൈനായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ, പ്രകൃതിക്ഷോഭം ഉണ്ടായാൽ ബന്ധപ്പെട്ട കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി 24 മണിക്കൂറിനുള്ളിൽ എഫ്ഐആർ (FIR) തയ്യാറാക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടം സംഭവിച്ച കർഷകർക്ക് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 15 ദിവസത്തിനുള്ളിലും, പ്രകൃതിക്ഷോഭ നഷ്ടപരിഹാര പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനായി 10 ദിവസത്തിനുള്ളിലുമാണ് എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടത്.
കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽ ഉടൻ എത്തിക്കുകയും നഷ്ടപരിഹാര നടപടികൾ കാലതാമസമില്ലാതെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ സംവിധാനം കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾക്കിടയിലും കർഷകരെ ചേർത്തുപിടിക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണെന്ന് അധികൃതർ പറഞ്ഞു. നിരീക്ഷണ കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി റ്റി. വി. സുഭാഷ് ഐ.എ.എസ്, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്, പ്രൈവറ്റ് സെക്രട്ടറി എ. ആർ.അജയ് കുമാർ ഐ.എ.എസ്.(റിട്ട.), കൃഷി അഡിഷണൽ ഡയറക്ടർ സപ്ന എസ്.,മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Content Highlights: Kerala Agriculture Department launches a state-level helpline and monitoring center to ensure fast crop loss compensation. assistance via AIMS portal.
Published: 12 Jun 2026, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented