കേരളത്തിൽ ചരിത്രപരമായി സംഘടിത കുടിയേറ്റം നടന്ന  പ്രദേശങ്ങളാണ്  രാജപുരവും മടമ്പവും. 1943 രാജപുരം കുടിയേറ്റ കാലഘട്ടത്തിൽ 72 കുടുംബങ്ങളാണ് കോട്ടയം ഭാഗത്ത് നിന്നും അന്ന് ഏച്ചിക്കോൽ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ രാജപുരത്തേക്ക് കൂടിയേറിയത്. വന്യമൃഗങ്ങളോട് പോരാടി നിലനിൽപ്പിനായി യുദ്ധം ചെയ്ത പൂർവികരുടെ ഭൂമി എന്നാണ് ഈ ഐതിഹാസിക കുടിയേറ്റ പ്രദേശത്തെ സമൂഹം വിശേഷിപ്പിക്കുന്നത്. അന്നും കാട്ടുപന്നി ആയിരുന്നു വില്ലൻ. പക്ഷേ ഭക്ഷണത്തിനായി കെണിവെച്ച് ഉപയോഗിച്ചതിനാൽ കൃഷിയെ ബാധിച്ചില്ല എന്ന് കുടിയേറ്റക്കാർ  സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് പെറ്റ് പെരുകുന്ന പന്നിയെ കൊല്ലാനും ഭക്ഷിക്കാനും അനുവാദമില്ല എന്നത് കൃഷിയെയും അതിജീവനത്തെയും മറ്റൊരു രീതിയിൽ ബാധിച്ചിരിക്കുന്നു.

To advertise here,

എന്നാൽ ഈ കാലഘട്ടത്തിലും കാട്ടുപന്നിയെ  കബളിപ്പിക്കുന്ന  പുതിയ സൂത്രവിദ്യയുമായി  പഴയ തലമുറയുടെ കൂട്ടായ്മയെ ഓർമിപ്പിച്ചു മത്താനം കുടുംബം രാജപുരത്ത് നടത്തിയ കപ്പ വാട്ടൽ  ചടങ്ങ് കൗതുകണർത്തി.

എന്താണ് കപ്പ വാട്ടൽ?

പട്ടിണിക്ക് പ്രതിമരുന്ന് എന്ന് വിളിക്കാവുന്ന ഏക കൃഷി ആണ് കപ്പ. ധാരാളമായി വിളവ്  നൽകും. വാണിജ്യാടിസ്ഥാനത്തിൽ വലിയ സാധ്യത ഇല്ലെങ്കിലും ഭക്ഷണമായി യഥേഷ്ടം ഉപയോഗിക്കാം. വിളവ് ലഭിച്ചതിനുശേഷം തുടർന്ന് ഒരു വർഷം വരെ വാട്ടു കപ്പ  റഫ്രിജറേറ്ററിൻറെ സഹായമില്ലാതെ തന്നെ കേടുകൂടാതെ സാധാരണ ചാക്കിൽ കെട്ടി ആവശ്യം പോലെ ഉപയോഗിച്ച് വിശപ്പകറ്റാം. ആ രീതിയിൽ ചിന്തിച്ചാൽ കപ്പയ്ക്ക് തുല്യം മറ്റൊരു കാർഷിക വിളയില്ല. 

കുടിയേറ്റ  പൂർവികർ കപ്പ തണ്ട് നട്ട്, വളർത്തി ഭക്ഷണത്തിന് ആവശ്യമായത് കപ്പയിലൂടെ കണ്ടെത്തി, മറ്റ് ആവശ്യങ്ങൾക്ക് വാണിജ്യത്തിന് അനുകൂലമായ മറ്റ് കൃഷികൾ  ചെയ്തു നൽകിയ മാതൃക  ഇന്ന് ഈ പ്രദേശത്തെ സമ്പന്ന ദേശങ്ങളിൽ  ഒന്നാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. നട്ട കപ്പ വിളയാകുമ്പോൾ  പറിച്ച് , ചെരണ്ടി , അരിഞ്ഞ് , വാട്ടി ചാക്കിൽ സൂക്ഷിക്കുന്ന പ്രത്യേകതരം ആഘോഷമാണ് കപ്പ വാട്ടൽ.

പിൻതലമുറക്കാർ ഭൂരിഭാഗവും വിദേശത്ത് കുടിയേറിയപ്പോൾ, വിദേശ നാണ്യം രാജപുരം പോലുള്ള പല കുടിയേറ്റ  മേഖലകളിലും പരിഷ്കാരം  കൊണ്ടുവന്നപ്പോൾ ഇന്ന് നടന്ന കപ്പ വാട്ടൽ  അവിസ്മരണീയമായ ഒന്നായി മാറി. കുടിയേറ്റവും, ത്യാഗവും, പോരാട്ടവും, കൂട്ടായ്മയും ഒന്നിക്കുന്ന മഹനീയ നിമിഷത്തെ  ഓർമ്മിപ്പിച്ച മത്താനം കുടുംബത്തിന് ആധുനിക ഭാഷയിൽ ഒരു ലൈക്ക്.

കാരണഭൂതൻ

രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ നിന്നും 6 വർഷങ്ങൾക്കു മുൻപ് വിരമിച്ച എം.ടി. ഫിലിപ്പ് മത്താനത്ത് രാജപുരത്തിന് സമീപം ഒന്നാം മൈലിൽ 30 സെന്റ് സ്ഥലത്ത്  സഹോദരങ്ങളോടൊപ്പം നടത്തിയ കൃഷിയാണ് ഇന്ന് കപ്പ വാട്ടലായി പരിണമിച്ചത്. കാട്ടുപന്നി ആക്രമണം തടയുവാൻ സാരിവേലികെട്ടി എന്നുള്ള തന്ത്രം കൗതുകം ഉണർത്തി. കളർ ഉള്ള സാരി കാണുമ്പോൾ പന്നി കൃഷിയിടത്തിൽ എത്തില്ല എന്നാണ് ഫിലിപ്പിന്റെ പക്ഷം.

കപ്പ കൃഷിയെ കുറിച്ച് ഫിലിപ്പിന്റെ വാക്കുകൾ

മെയ് അവസാന വാരം ആദ്യമഴ പെയ്യുമ്പോൾ തന്നെ കപ്പ കൃഷി ചെയ്യണം. തുടർന്നുള്ള രണ്ട് പ്രധാനപ്പെട്ട ഘട്ടം ഇട കിളക്കുക, പുല്ലു ചെത്തൽ എന്നിവയാണ്. പുല്ല് ചെത്തിക്കളഞ്ഞ് ചുവടിനോട്  ചേർത്ത് മണ്ണിടുന്നതാണ് പുല്ലു ചെത്തൽ എന്ന പ്രധാന ഘട്ടം. പിന്നെ കപ്പ തന്നെ വളർന്നോളും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കപ്പ മൂത്തു  എന്ന് വിലയിരുത്താം. പൂവും കായും വരും എന്നതാണ് കപ്പ മൂത്തതിന്റെ ലക്ഷണം. അപ്പോൾ കപ്പ പറിക്കുക. ചൂടു കാലാവസ്ഥയായാൽ കപ്പ കേടാകും. ആയതിനാൽ അനുയോജ്യമായ ദിവസം കണ്ടെത്തി ബന്ധുക്കളെയും അയൽപക്കക്കാരെയും കൂട്ടി കപ്പ പറിച്ച്, ചിരണ്ടി,അരിഞ്ഞ്, വാട്ടി, ഉണക്കുന്ന മഹനീയ ആഘോഷമാണ് മത്താനം കുടുംബക്കാരും അയൽപക്കക്കാരും  അവിസ്മരണീയമാക്കിയത്. ശരാശരി  വിളവ് ആണെങ്കിൽ ഒരു കുടുംബത്തിന് ഒരു വർഷം ഭക്ഷണമായി ഉപയോഗിക്കാൻ 30 സെന്റിലെ കപ്പ മതി. ശരാശരിയിലും ഉയർന്ന വിളവ് ആണെങ്കിൽ വിൽക്കാനുള്ള കപ്പയും കിട്ടും. പ്രസ്തുത വിൽപ്പനയിലൂടെ വീടും സ്ഥലവും വാങ്ങാൻ പറ്റില്ലെങ്കിലും അധ്വാനത്തിലൂടെ  ലഭിക്കുന്ന ലാഭം എപ്പോഴും ജീവിതത്തിന്  ആവേശം നൽകും.

ഇന്നത്തെ കപ്പ വാട്ടലിന് 13 കുടുംബങ്ങളിലെ   മുപ്പതോളം  അംഗങ്ങൾ ഭാഗഭാക്കുകളായി. 65 വയസ്സിന് മുകളിൽ പ്രായമുള്ള 8 പേരും13 സ്ത്രീകളും,17 പുരുഷന്മാരും പങ്കെടുത്തു. കപ്പ വാട്ടലിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഫിലിപ്പിന്റെ ഇളയ മകൾ 22 വയസ്സുള്ള ബി എസ് സി നഴ്സിംഗ് ബിരുദം പൂർത്തിയാക്കി രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയ ലെന ഫിലിപ്പ് ആണ്. ഏറ്റവും പ്രായം കൂടിയ വ്യക്തി ഫിലിപ്പിന്റെ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മൂത്ത സഹോദരൻ ജോസ് മത്താനത്ത് ആണ്.ഭാര്യ ലിസി ഫിലിപ്പ് ഒരേസമയം കപ്പ വാട്ടലിലും പാചകത്തിലും പങ്കാളിയായി. 8 സഹോദരങ്ങളുടെ കുടുംബങ്ങൾ കൂടാതെ 5 അയൽപക്ക കുടുംബങ്ങളും ഒത്തു ചേർന്ന് ആഘോഷിച്ചപ്പോൾ പുനർജനിച്ചത് കുടിയേറ്റ  ജീവിതങ്ങളാണ്.