രക്തദാനം മഹാദാനം എന്നു കേട്ടിട്ടില്ലേ... മനുഷ്യര്‍ക്കുമാത്രമല്ല, മൃഗങ്ങള്‍ക്കും രക്തം ആവശ്യമായി വരാറുണ്ട്. നായകള്‍ക്ക് രക്തം വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ സഹായകമായ വെബ്‌സൈറ്റ് തയ്യാറാക്കി യുവ വെറ്ററിനറി ഡോക്ടര്‍. നേരത്തേ നായകള്‍ക്കായി പെറ്റ് മാട്രിമോണിയൊരുക്കിയ ഡോ. എബിന്‍ ജോയിയാണ് ഈ വെബ്‌സൈറ്റും തയ്യാറാക്കിയത്.

To advertise here,

ശസ്ത്രക്രിയ, വിളര്‍ച്ച, കൊക്കപ്പുഴുവിന്റെ ശല്യം, ചെള്ളുപനി തുടങ്ങി പല സന്ദര്‍ഭങ്ങളിലും നായകള്‍ക്കും രക്തം നല്‍കേണ്ടിവരാറുണ്ട്. എന്നാല്‍, പലപ്പോഴും രക്തദാതാക്കളെ ലഭിക്കാറില്ലെന്നതാണ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി. ഇതിനൊരു പരിഹാരമായാണ് വെബ്‌സൈറ്റ് രൂപവത്കരിച്ചതെന്ന് എബിന്‍ ജോയ് പറയുന്നു. നായകളെ ദാതാക്കളാക്കാനും ഇതില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

നായകള്‍ക്കിടയിലും പല രക്തഗ്രൂപ്പുകളുണ്ടെങ്കിലും മനുഷ്യനുള്ളതുപോലെ ആന്റിബോഡികളില്ല. അതുകൊണ്ട് ആദ്യതവണ ഏതു ഗ്രൂപ്പില്‍നിന്നും രക്തം സ്വീകരിക്കാം. എന്നാല്‍, പിന്നീട് രക്തം സ്വീകരിക്കേണ്ടിവരുകയാണെങ്കില്‍ ക്രോസ് മാച്ച് ചെയ്യേണ്ടിവരും. ഒന്നുമുതല്‍ എട്ടുവരെ വയസ്സുള്ള, 25 കിലോയിലധികം തൂക്കമുള്ള നായകള്‍ക്ക് രക്തം ദാനംചെയ്യാം. കൃത്യമായി വാക്‌സിനെടുക്കുകയും അണുബാധയൊന്നും ഇല്ലാതിരിക്കുകയും വേണം. ഒരു നായയുടെ ആകെ രക്ത അളവിന്റെ 10 ശതമാനംവരെ ദാനം ചെയ്യാം. 

ജില്ല തിരിച്ച്, പിന്‍കോഡടക്കമാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അതിനാല്‍ ദാതാക്കളെ കണ്ടെത്താന്‍ എളുപ്പമാകും. വൈബ്‌സൈറ്റ് വിലാസം: https://vetigo-7raddao.gamma.site/donate-blood