കടുത്തുരുത്തി: നാളികേരത്തിന് പത്തുവർഷത്തിനിടെ വർധിച്ചത് 68 രൂപ. 2015-ലെ ഒരുകിലോയ്ക്ക് ശരാശരി വില 25 രൂപയായിരുന്നത് ഇപ്പോൾ 93 രൂപ വരെയായി. കഴിഞ്ഞവർഷം 60 രൂപവരെ എത്തിയ നാളികേരവില ഒറ്റ വർഷംകൊണ്ട് 30 രൂപയാണ് വർധിച്ചത്. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില വൻതോതിൽ വർധിച്ചത്.
നാളികേരത്തിന്റെ വരവും നാട്ടിലെ ഉത്പാദനവും കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. പാലക്കാട്, പൊള്ളാച്ചി, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും എത്തിയിരുന്നത്. രണ്ടുമാസമായി തേങ്ങാ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് കുറുപ്പന്തറയിലെ വിഎസ് വെജിറ്റബിൾ ഉടമയായ സത്താർ പറയുന്നു.
മുമ്പ് ഒരുവർഷം 35,000 തേങ്ങാ വിറ്റിരുന്ന സ്ഥാനത്ത്, ഇന്ന് ആകെ 15,000 തേങ്ങായേ ലഭിക്കുന്നുള്ളൂവെന്ന് നാളികേര കർഷകനായ ഉദയനാപുരം മണിപ്പാടത്ത് എം.ജെ. വർഗീസ് പറയുന്നു. 2012-ൽ രൂപവത്കരിച്ച ഉദയനാപുരം സർവോദയ നാളികേര ഉത്പാദക സംഘം കേരകർഷകർക്ക് പരമാവധി വില നൽകിയാണ് സംഭരിക്കുന്നത്. നേരിയ ലാഭംമാത്രം എടുത്താണ് വിപണനമെന്ന് സംഘം പ്രസിഡന്റ് വർഗീസ് പറയുന്നു.
നാലുമുതൽ അഞ്ചുവർഷം വരെയുള്ള കാലയളവിൽ തെങ്ങിനെ പരിപാലിച്ച് വളർത്തിയെടുത്താലേ വിളവിലേക്ക് എത്തൂ. ഈ സമയത്ത് രോഗങ്ങൾ മൂലവും ചെല്ലി ആക്രമണത്തിലും മുകൾഭാഗം നശിക്കുന്നതായി കർഷകനായ ഏറ്റുമാനൂർ സ്വദേശി സിബി പറയുന്നു. 10 വർഷംമുമ്പ് 400-ലേറെ അധികം തെങ്ങിൽനിന്ന് ആദായം ലഭിച്ചിരുന്നു. ഇപ്പോൾ ആകെയുള്ളത് 40-ൽ താഴെ തെങ്ങുകൾ മാത്രമാണെന്നും സിബി പറയുന്നു.
കൊപ്രയുടെ ക്ഷാമമാണ് വെളിച്ചെണ്ണവില കൂടാൻ കാരണമെന്ന് വൈക്കം വട്ടത്തറ ഓയിൽ മിൽ ഉടമയായ പാപ്പച്ചൻ പറഞ്ഞു. നിലവിൽ കിലോയ്ക്ക് 470 രൂപയ്ക്കാണ് വെളിച്ചെണ്ണ വിൽക്കുന്നത്. ഒരുകിലോ വെളിച്ചെണ്ണ ലഭിക്കാൻ ഒന്നരക്കിലോ കൊപ്രാ വേണം. കൊപ്രായ്ക്കുതന്നെ 450 രൂപ കിലോയ്ക്ക് കൊടുക്കണം. മറ്റ് ചെലവുകൾകൂടി കഴിഞ്ഞാൽ മില്ലുകാർക്ക് ലാഭമൊന്നും കിട്ടാത്ത അവസ്ഥയാണെന്ന് പാപ്പച്ചൻ പറയുന്നു.
കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ കർഷകന് ലഭിച്ച ശരാശരി വിലയും പൊതുവിപണിയിലെ വിലയും (1 കിലോഗ്രാമിന്റെ വില രൂപയിൽ)
| വർഷം | കർഷകന് ലഭിച്ച ശരാശരി വില | പൊതുവിപണിയിലെ വില |
| 2025 | 74 | 93 |
| 2024 | 49 | 60 |
| 2023 | 29 | 37 |
| 2022 | 25 | 33 |
| 2021 | 40 | 50 |
| 2020 | 31 | 40 |
| 2019 | 29 | 35 |
| 2018 | 29 | 35 |
| 2017 | 32 | 40 |
| 2016 | 18 | 27 |
| 2015 | 17 | 25 |
Content Highlights: Coconut and coconut oil prices surge in Kerala due to a sharp decline in production
Published: 11 Jul 2025, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented