കൊച്ചി: കാപ്പി, തേന്‍, കുരുമുളക്, മഞ്ഞക്കൂവ, മഞ്ഞള്‍... ഒന്നിന്റെയും ഗുണമേന്മയുടെ കാര്യത്തില്‍ സംശയം വേണ്ട. എല്ലാത്തിന്റെയും ഉറവിടം ആദിവാസി കര്‍ഷകരുടെ കൃഷിയിടങ്ങളാണ്. ഗുണത്തിലും നിലവാരത്തിലുമുള്ള ഈ ഉറപ്പിന്മേലാണ് 'അതിരപ്പിള്ളി' എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഉത്പന്നങ്ങള്‍ യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നത്.

To advertise here,

'റീബില്‍ഡ് കേരള ഇനിഷ്യേറ്റീവി'ന്റെ സാമ്പത്തിക സഹായത്തോടെ കൃഷിവകുപ്പ് ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി നടപ്പിലാക്കിയ, അതിരപ്പിള്ളി ട്രൈബല്‍വാലി കാര്‍ഷിക പദ്ധതിയിലൂടെയാണ് 'അതിരപ്പിള്ളി' എന്ന ബ്രാന്‍ഡിന്റെ പിറവി. 

അതിരപ്പിള്ളി പഞ്ചായത്തിലെ ജനസംഖ്യയുടെ 30 ശതമാനവും ആദിവാസി വിഭാഗത്തില്‍നിന്ന് ഉള്ളവരാണ്. ഇവരില്‍ പ്രത്യേകിച്ച് കര്‍ഷകരുടെ സമഗ്ര ഉന്നമനത്തിനായി 2020-ലാണ് പദ്ധതി രൂപവത്കരിച്ചത്. വിളകളുടെ സംഭരണം, സംസ്‌കരണം, 'അതിരപ്പിള്ളി' എന്ന ബ്രാന്‍ഡിനു കീഴിലെ വില്‍പ്പന എന്നിവയായിരുന്നു ലക്ഷ്യം. 

പദ്ധതിമേഖലയിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി 2022 ജൂലായ് 23-ന് അതിരപ്പിള്ളി ട്രൈബല്‍വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി രൂപവത്കരിച്ചു. കമ്പനി വഴി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇ കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമുകളിലൂടെയും 41 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്. 

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ കൂടാതെ വനത്തില്‍നിന്ന് ശേഖരിക്കുന്ന തേന്‍, തെള്ളി, കുടംപുളി തുടങ്ങിയവയും അതിരപ്പിള്ളി ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്. 450-ല്‍ അധികമുള്ള ആദിവാസി കര്‍ഷകരാണ് കമ്പനിയുടെ നട്ടെല്ല്. ഇതില്‍ 205 പേര്‍ വനിതകളാണ്. ആദിവാസികള്‍ മാത്രം അംഗങ്ങളായ കമ്പനിയില്‍ 242 ഓഹരി ഉടമകളാണുള്ളത്. അതില്‍ 111 വനിതകളുണ്ടെന്ന് സിഇഒ എം.എ. റാണി പറഞ്ഞു. 

യൂറോപ്യന്‍ വിപണി പിടിക്കാന്‍

ആഗോള വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സ്വീഡനുമായി മാര്‍ച്ചിലാണ് കമ്പനി ധാരണയിലെത്തിയത്. ഉത്പന്നങ്ങളുടെ കയറ്റുമതി ആരംഭിക്കാനുള്ള പ്രാരംഭ നടപടികളിലാണെന്ന് നോഡല്‍ ഓഫീസറായ ചാലക്കുടി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജെലിറ്റ എല്‍സ ജേക്കബ് പറഞ്ഞു.