പന്തളം: പഴുത്ത അടയ്ക്കയുടെ വില കേട്ടാൽ ഞെട്ടും. ഒരെണ്ണത്തിന് 13 രൂപയിലേറെ നൽകണം. ചന്തയിൽ നാടൻ അടയ്ക്ക വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്. ഇപ്പോൾ മംഗലാപുരം, മേട്ടുപ്പാളയം, സത്യമംഗലം, ആനമല തുടങ്ങിയ സ്ഥലങ്ങളിലെ അടയ്ക്കയാണ് കേരളവിപണികളിൽ എത്തുന്നത്. ഏത് സീസണിലും ഇവിടങ്ങളിൽനിന്ന് അടയ്ക്ക ലഭിക്കും. നാടനേക്കാൾ വലുപ്പവും ഉണ്ട്.
ചില വിപണികളിൽ ശ്രീലങ്കൻ അടയ്ക്കയും എത്തുന്നു. കിലോയ്ക്ക് 260 രൂപയ്ക്കാണ് മൊത്തവിൽപ്പനക്കാർ അടയ്ക്ക വാങ്ങുന്നത്. എണ്ണിയാണ് വിൽക്കുന്നത്. എട്ടുരൂപയായിരുന്ന അടയ്ക്കവില ഒരാഴ്ചകൊണ്ടാണ് കുതിച്ചുയർന്നതെന്ന് പന്തളം ചന്തയിലെ വ്യാപാരി അരുൺകുമാർ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം കാരണം, അടയ്ക്ക മൂക്കുന്നതിനും പഴുക്കുന്നതിനും കാലതാമസം വരുന്നു. ഇതും വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്.
ഏപ്രിൽ, മേയ് മാസത്തോടെ കേരളത്തിലെ അടയ്ക്ക തീർന്നാൽ മറയൂർ, കോഴിക്കോട് ഭാഗത്തുനിന്നുള്ള അടയ്ക്ക വിപണിയിലെത്തും. ഓഗസ്റ്റ് പകുതിയോടെ വീണ്ടും നാടൻ അടയ്ക്ക എത്തും.
മരത്തിൽ കയറി അടയ്ക്ക പറിക്കുന്നതിനുള്ള ബുദ്ധിമുട്ടും കൊട്ടപ്പാക്കിനുള്ള പ്രിയവും കാരണം കൂടുതലാളുകളും താഴെവീഴുന്നവ ഉണക്കി തൊണ്ട് പൊളിച്ച് വിൽക്കുകയാണ്. മുമ്പ് മലബാർ മേഖലയിലായിരുന്നു ഇത്തരം അടയ്ക്കയ്ക്ക് ഡിമാൻണ്ടെങ്കിൽ ഇപ്പോൾ മധ്യതിരുവിതാംകൂറിലും ഉണങ്ങിയതാണ് വിപണിയിലെത്തുന്നത്. കൊട്ടപ്പാക്കിന് കിലോയ്ക്ക് 400-ന് മുകളിൽ വില വന്നിരുന്നു.
മുറുക്കാൻ, ദക്ഷിണ എന്നിവയ്ക്കാണ് കേരളത്തിൽ പഴുത്ത അടയ്ക്ക കൂടുതലും ഉപയോഗിക്കുന്നത്.
എന്നാൽ, അടയ്ക്കയ്ക്ക് മറ്റുപയോഗങ്ങളുള്ളതുകൊണ്ടാണ് വില എപ്പോഴും താഴാതെ നിൽക്കുന്നത്. വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാൻമസാലയ്ക്കുവേണ്ടിയാണ് ഇത് കൂടുതലും കയറ്റി അയയ്ക്കുന്നത്.
വ്യാവസായിക മേഖലയിൽ പല ഉപയോഗങ്ങളും ഉണ്ട്. ആയുർവേദത്തിലുംമറ്റും ഔഷധങ്ങളുണ്ടാക്കാൻ അടയ്ക്ക വേണം.
മൗത്ത് ഫ്രെഷ്നെർ ആയും ഉപയോഗിക്കുന്നു. പെയിന്റ് വ്യവസായത്തിലും തുകൽ വ്യവസായത്തിലും പ്ലൈവുഡ് നിർമാണത്തിലും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാൽ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ് എന്നിവിടങ്ങളിലും അടയ്ക്ക കൂടുതലായി ഉപയോഗിക്കുന്നു. ഇവിടെയെല്ലാം വ്യാവസായിക ആവശ്യത്തിനാണിത്.
Content Highlights: Arecanut prices have skyrocketed in Kerala, reaching ₹13 per nut due to a shortage of local supply
Published: 20 Jul 2025, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented