മറയൂർ: കാന്തല്ലൂരിൽ ഇത്തവണ ശീതകാല പച്ചക്കറി കൃഷിക്ക് പകരം വ്യാപകമായി വെളുത്തുള്ളി കൃഷി. ഓണവിപണിയിൽ കാന്തല്ലൂരിൽനിന്നുള്ള പച്ചക്കറി ഇത്തവണ ഇല്ല. വന്യമൃഗശല്യവും വിപണിയില്ലാത്തതും സർക്കാർ സഹായത്തിന്റെ കുറവുമാണ് കാന്തല്ലൂരിലെ കർഷകരെ പച്ചക്കറി കൃഷിയിൽനിന്ന് അകറ്റുന്നത്. അറുന്നേറേക്കർ ഏക്കർ കൃഷിഭൂമിയിൽ 30 ഏക്കറിൽ മാത്രമാണ് ഇത്തവണ പച്ചക്കറി കൃഷി ഉള്ളത്. കഴിഞ്ഞവർഷം 150 ഏക്കറിൽ കൃഷിചെയ്തിരുന്നു. ഇതും താരതമ്യേന കുറവായിരുന്നു.

To advertise here,

കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണ് കേരളത്തിൽ ശീതകാല പച്ചക്കറികൾ വൻതോതിൽ കൃഷിചെയ്യുന്നത്. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ബ്രോക്കൊളി, വിവിധയിനം ബീൻസുകൾ തുടങ്ങിയവയാണ് കൃഷി. ഇതെല്ലാം മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മിക്കപ്പോഴും എത്തുന്നത്. വട്ടവടയിലും കാന്തല്ലൂരിലും ഓണം, വിഷു വിപണി ലക്ഷ്യമാക്കി രണ്ട് സീസണുകളായാണ് കൃഷി. അതിനാൽ, മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറികളുടെ വില അൽപ്പമെങ്കിലും പിടിച്ചുനിർത്താനും കഴിഞ്ഞു.

സഹായങ്ങൾ നിലച്ചു

ശീതകാലപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുമ്പ് സർക്കാർ നിരവധി ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്കിയിരുന്നു. സബ്സിഡികൾ ഇപ്പോൾ ഇല്ല. സൗജന്യവിത്തും വളവും വിതരണവും നിർത്തി. സർക്കാർ ഏജൻസികൾ സംഭരിക്കുന്ന പച്ചക്കറിക്ക് ഇൻസെന്റീവ് നല്കിയിരുന്നു. ഇപ്പോൾ അതുമില്ല. വായ്പയെടുത്ത് കൃഷിചെയ്ത പലരും വലിയ കടക്കെടിയിലാണ്. ഇതൊക്കെയാണ് കാന്തല്ലൂരിലെ കർഷകർ പച്ചക്കറികൃഷി ഉപേക്ഷിക്കാൻ കാരണം. വെളുത്തുള്ളിക്ക് അത്യാവശ്യം വില തമിഴ്നാട്ടിലെ വടുകുപെട്ടി, മേട്ടുപ്പാളയം ചന്തകളിൽനിന്ന് കിട്ടുന്നുണ്ട്.

പ്രശ്നങ്ങളേറെ...

ശീതകാല പച്ചക്കറി കർഷകർ സമാനതകളില്ലാത്ത ദുരിതമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വന്യജീവിശല്യമാണ് പ്രധാനം. അതാണ്, വന്യജീവികൾ അധികം അടുക്കാത്ത വെളുത്തുള്ളി കൃഷിയിലേക്ക് കർഷകർ തിരിയാൻ കാരണം. കാലാവസ്ഥാവ്യതിയാനവും പ്രശ്നമായി. സർക്കാർ ഏജൻസികളുെട നിസ്സഹകരണവും ദുരിതമാണ്. 2023-ലെ വിഷുവിന് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ചതേയില്ല. പച്ചക്കറിയെല്ലാം ഇടനിലക്കാർ ചുളുവിലയ്ക്ക് കൊണ്ടുപോയി. മുൻപ് സംഭരിച്ച ഇനത്തിൽ 24 ലക്ഷം രൂപ കർഷകർക്ക് നൽകാനുണ്ട്. മന്ത്രിക്കുൾപ്പെടെ പരാതി കൊടുത്തിട്ടും കുടിശ്ശിക കിട്ടുന്നില്ല.