കർഷകരിൽനിന്ന് ദിവസേന പാൽ സംഭരിക്കുക എന്ന ദൗത്യത്തിൽമാത്രം പ്രവർത്തനം പരിമിതപ്പെടുത്താതെയുള്ള ഇടപെടലുകളാണ് വയനാട് മീനങ്ങാടി ക്ഷീരസഹകരണസംഘത്തിന്റെ പ്രത്യേകത. വർഷം മുഴുവനും പാലിന് പ്രോത്സാഹനവില നൽകുന്നതുമുതൽ സ്വന്തമായി മൃഗാശുപത്രിവരെയുള്ള സംഘത്തിന്റെ പ്രവർത്തനങ്ങളിൽ വൈവിധ്യമേറെയുണ്ട്. ഏറ്റവും മികച്ച ആനന്ദ് മാതൃക (ആപ്‌കോസ്) ക്ഷീരസഹകരണസംഘത്തിനുള്ള സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ കഴിഞ്ഞവർഷത്തെ ഡോ. വർഗീസ് കുര്യൻ പുരസ്കാരങ്ങളിലൊന്നിന് സംഘത്തെ അർഹമാക്കിയതും ഈ മികവുതന്നെ. മീനങ്ങാടിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സംഘത്തിന്റെ ആസ്ഥാനമായ ക്ഷീരഭവൻ പാൽമികവിന്റെ കേന്ദ്രമാണ്. മൂന്നുനിലകളിലായുള്ള ഇവിടെ വിശാലമായ ഓഫീസ്, കോൺഫറൻസ് ഹാൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഡെയറി ലബോറട്ടറി, വെറ്ററിനറി ക്ലിനിക്, വെറ്ററിനറി മെഡിക്കൽ ഷോപ്പ് മുതൽ പാൽസംഭരണ കേന്ദ്രംവരെ പ്രവർത്തിക്കുന്നു.

To advertise here,

മുപ്പതു ലിറ്റർ പാലിൽനിന്ന്‌ പതിനേഴായിരത്തിലേക്ക്

1973 നവംബറിൽ 26-ന്‌ ക്ഷീരകർഷകരിൽനിന്ന്‌ കേവലം 30 ലിറ്റർ പാൽ സംഭരിച്ചായിരുന്നു തുടക്കം. ഇന്ന് 17,500 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുന്ന സംഘമായി വളർന്നു. ഇത്രയും അളവ് പാൽ സംഭരിക്കുന്നത് മീനങ്ങാടി പഞ്ചായത്തിൽനിന്നു മാത്രമാണ്. നിത്യേന പാൽ അളക്കുന്ന 1100-ഓളം വരുന്ന സജീവാംഗങ്ങളാണ് സംഘത്തിന്റെ ജീവനാഡി. പാൽസംഭരണവുമായി ബന്ധപ്പെട്ട കണക്കും കാര്യങ്ങളും കാര്യക്ഷമമാക്കാൻ പൂർണമായും കംപ്യൂട്ടർവത്‌കരിച്ച കേരളത്തിലെ ആദ്യ ക്ഷീരസംഘങ്ങളിൽ ഒന്നുകൂടിയാണിത്. ശീതീകരിച്ച് സംഭരിക്കുന്നതിനായി 15,000 ലിറ്റർ കപ്പാസിറ്റിയുള്ള പാൽ ശീതീകരണ ടാങ്കും അത്രതന്നെ ശേഷിയുള്ള മിൽക്ക് സൈലോയുമുണ്ട്. 20 കിലോവാട്ട് ശേഷിയുള്ള സൗരനിലയം, 20,000 ലിറ്റർ ശേഷിയുള്ള മലിനജലസംസ്കരണ കേന്ദ്രം എന്നിവയുമുണ്ട്.

‘വറ്റുകാല’ത്തും കർഷകന് പിന്തുണ

പാൽ സംഭരണത്തിനായി 250-ഓളം പാൽ കളക്‌ഷൻ സെൻററുകളുണ്ട്. ദിവസേന നൽകുന്ന പാലിൻറെ അളവ്, ഗുണനിലവാരം, ലിറ്റർ വില, മൊത്തം വില എന്നിവ ഉൾപ്പെട്ട സമഗ്രസന്ദേശം അതേദിവസംതന്നെ കർഷകർക്ക് എസ്എംഎസ് ആയി എത്തും. വർഷം മുഴുവൻ ലിറ്ററിന് ഒരു രൂപ 30 പൈസവീതം ഇൻസെന്റീവ് നൽകുന്നുണ്ട്. സംഘത്തിൽ ദിവസം 50 ലിറ്ററോ അതിനുമുകളിലോ പാൽ അളക്കുന്ന കർഷകർക്ക് ഫാം സപ്പോർട്ട് എന്നനിലയിൽ പാൽ വിലയുടെ പുറമേ ലിറ്ററിന് 50 പൈസ നിരക്കിൽ അധികമായി നൽകും. പ്രതിദിനം സംഭരിക്കുന്ന പാലിൽ 2500 ലിറ്റർ പ്രാദേശിക വിൽപ്പനനടത്തി ബാക്കിമുഴുവൻ മിൽമയ്ക്ക് കൈമാറും.

പാൽ അളക്കുന്ന കർഷകരുടെ പശുക്കൾക്ക് ഏതെങ്കിലുംതരത്തിലുള്ള അസുഖങ്ങൾ പിടിപെട്ടാൽ ഏറ്റവും വേഗത്തിൽ ചികിത്സ ഉറപ്പാക്കുന്നതിനായി സ്വന്തമായി ഒരു മൃഗാശുപത്രിയുണ്ട്. ഡോക്ടർ വീട്ടിലെത്തിയും ചികിത്സ നൽകും. ക്ലിനിക്കിനോടനുബന്ധിച്ച് വെറ്ററിനറി ലാബും മരുന്നുകൾക്ക് മേന്മ വെറ്ററിനറി മെഡിക്കൽ സ്റ്റോറുമുണ്ട്. സബ്സിഡിനിരക്കിൽ മരുന്നുകൾ ലഭിക്കും.

തടസ്സമില്ലാതെ പശുക്കളുടെ കൃത്രിമബിജാധാനസേവനം ഉറപ്പാക്കുന്നതിനായി രണ്ട് കാറ്റിൽ ഇൻസെമിനേറ്റർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കർഷകർക്ക് കൈത്താങ്ങാകാൻ മൃഗചികിത്സാസഹായപദ്ധതിയും നടപ്പാക്കി. ഇതിൽ പ്രതിമാസം 2500 രൂപവരെ പശുക്കളുടെ ചികിത്സാസഹായമായി അനുവദിക്കും. പ്രതിവർഷം പരമാവധി 30,000 രൂപ ചികിത്സാസഹായമായി ലഭിക്കും.

പി.പി. ജയൻ പ്രസിഡന്റും കെ.ബി. മാത്യു സെക്രട്ടറിയുമായ ഒൻപതംഗ ഭരണസമിതിയാണ് സംഘത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.