
പലതരം മുട്ടക്കോഴികളെ വളർത്തുന്നുണ്ട്. ഇവയുടെ പരിപാലനരീതികളും വ്യത്യസ്തമാണ്. അതുപോലെ ആഹാരത്തിന്റെ അളവിലും ഏറ്റക്കുറച്ചിലുണ്ടാകും. മുട്ട പോഷകസമ്പന്നമായ ഭക്ഷണമായതുകൊണ്ട് മുട്ടക്കോഴികളെ വളർത്താൻ എല്ലാവർക്കും താത്‌പര്യമാണ്. വീട്ടമ്മമാർക്കും തൊഴിൽരഹിതർക്കും വിശ്രമവേളയിൽ സമയം കണ്ടെത്തി ഇതിലൂടെ ആദായം നേടാം.
ചില കോഴിയിനങ്ങൾ
• ഗ്രാമലക്ഷ്മി: 160 ദിവസംകൊണ്ട് മുട്ടയിടുകയും 72 ആഴ്ചകൊണ്ട് 180 മുതൽ 200 മുട്ടകൾ ഇടുകയും ചെയ്യുന്നു. ശരാശരി ഭാരം 1.7 കിലോഗ്രാം.
• ഗ്രാമപ്രിയ: കേരളത്തിലെ വരണ്ടതും ചൂടുനിറഞ്ഞതുമായ കാലാവസ്ഥയുള്ള ഇടനാട്ടിലേക്ക് അനുയോജ്യമായ അത്യുത്‌പാദനശേഷിയുള്ള ഇനം. 175 ദിവസംകൊണ്ട് മുട്ടയിടുകയും 72 ആഴ്ചകൊണ്ട് 200-225 മുട്ടകൾ ഇടുകയും ചെയ്യുന്നു. ശരാശരി ഭാരം രണ്ടു കിലോഗ്രാം.
• ഗ്രാമശ്രീ: വെറ്ററിനറി സർവകലാശാല വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനം കോഴിയാണ്. മുട്ടയ്ക്കും ഇറച്ചിക്കും വളർത്താം. വർഷത്തിൽ ശരാശരി 180 മുട്ടകൾവരെ നൽകുന്നു. മുട്ടകൾ 55 ഗ്രാമിൽ കൂടുതൽ ഭാരമുള്ളതും ബീറ്റ കരോട്ടിൻ അടങ്ങിയ ഓറഞ്ച് നിറമുള്ള മഞ്ഞക്കരു ഉള്ളതുമാണ്. നാലുമാസത്തിനുള്ളിൽ 1.5 കിലോയിൽ കൂടുതൽ ഭാരമെത്തുന്നു. അടയിരിക്കില്ല, അതുകൊണ്ട് മുട്ട വിരിയിക്കാൻ നാടൻകോഴികളെയോ ഇൻക്യുബേറ്ററോ ഉപയോഗിക്കണം.
• കാവേരി: 17-19 ആഴ്ചകൾ ആകുമ്പോഴേക്കും മുട്ടയിട്ടു തുടങ്ങും. ഒരു വർഷം 220-250 മുട്ടകൾ ലഭിക്കും. പിടക്കോഴികൾ ഒന്നരക്കിലോയും പൂവൻ 2.15-2.30 കിലോയും ആകുമ്പോൾ ഇറച്ചിയാക്കാം.
• അതുല്യ: 123 ദിവസംകൊണ്ട് മുട്ടയിടും. 72 ആഴ്ചകൊണ്ട് 280-290 മുട്ടകളിടും. ശരാശരി ഭാരം 1.5 കിലോഗ്രാം ആണ്.
• ഗിരിരാജ: ഇരട്ട ആവശ്യങ്ങൾക്കുള്ള ഇനം. ആറുമാസം പ്രായമാകുമ്പോൾ മൂന്നുമുതൽ നാലു കിലോഗ്രാം ഭാരം ഉണ്ടാകുന്നു. മുട്ട ഉത്‌പാദനം പ്രതിവർഷം 180-190 എണ്ണമാണ്.
• ബിവി 380 ലെയർ കോഴികൾ: ഹൈബ്രിഡ് ഇനം മുട്ടക്കോഴികളാണ്. ഉയർന്ന മുട്ട ഉത്‌പാദനത്തിനും മികച്ച ഭക്ഷണപരിവർത്തന കാര്യക്ഷമതയ്ക്കും ദീർഘകാല ഉത്‌പാദനശേഷിക്കും പ്രസിദ്ധമാണ്. ഇവ തവിട്ടുനിറത്തിൽ കാണുന്നു. ശരാശരി പ്രായപൂർത്തി വയസ്സ് 18-20 ആഴ്ച. ആദ്യ മുട്ടയിടൽ പ്രായം 18-19 ആഴ്ച. പൂർണ ഉത്‌പാദനാവസ്ഥ എത്തുന്ന പ്രായം - 24-26 ആഴ്ച. മുട്ട ഉത്‌പാദനക്കാലം -ഏകദേശം 72-80 ആഴ്ചവരെ. ശരാശരി വാർഷിക ഉത്‌പാദനം 310-340 മുട്ടകൾ. മുട്ടയുടെ ഭാരം 55-62 ഗ്രാം. മുട്ടത്തോട് തവിട്ടുനിറത്തിൽ കാണുന്നു.
• അസീൽ: 196 ദിവസംകൊണ്ട് മുട്ടയിടുകയും വർഷത്തിൽ 92 മുട്ടകൾ ഇടുകയും ചെയ്യുന്ന ഇനമാണിത്. 20 ആഴ്ച പ്രായമാകുമ്പോൾ 1.2 കിലോഗ്രാം ഭാരമുണ്ടാകും.
• കരിങ്കോഴി: 180 ദിവസംകൊണ്ട് മുട്ടയിടും. വർഷത്തിൽ 105 മുട്ടകൾ. 20 ആഴ്ച പ്രായമാകുമ്പോൾ 0.9 കിലോഗ്രാം ഭാരമുണ്ടാകും.
• നേക്കഡ് നെക്ക് (കഴുത്തിൽ തൂവലില്ലാത്തത്): 201 ദിവസംകൊണ്ട് മുട്ടയിടും. വർഷത്തിൽ 99 മുട്ടകൾ. 20 ആഴ്ച പ്രായമാകുമ്പോൾ ശരാശരി ഒരു കിലോഗ്രാം ഭാരമുണ്ടാകും.
• ഫ്രിസിൽ: ഫ്രിസിൽ കോഴികൾ എന്നത് ഒരു വിശിഷ്ടമായ ചിറകുസ്വഭാവം ഉള്ളതാണ്. ഇവയുടെ ചിറകുകൾ സാധാരണ കോഴികളിലെപ്പോലെ ശരീരത്തോട് ചേർന്നിരിക്കാതെ പുറത്തേക്ക് വളഞ്ഞതാണ്. വെള്ള, കറുപ്പ്, തവിട്ട്, ചുവപ്പ് തുടങ്ങിയ വ്യത്യസ്തനിറങ്ങളിൽ ലഭ്യമാണ്. കാഴ്ചയ്ക്കും മിതമായ മുട്ടയിടലിനും വേണ്ടി വളർത്തുന്ന അലങ്കാരക്കോഴിയിനമാണ്. 185 ദിവസംകൊണ്ട് മുട്ടയിടും. വർഷത്തിൽ 110 മുട്ടകൾ. 20 ആഴ്ച പ്രായമാകുമ്പോൾ ഒരു കിലോഗ്രാം ഭാരമുണ്ടാകും.
മൂന്നുരീതിയിൽ വളർത്താം
1. ബാക്ക് യാർഡ് സമ്പ്രദായം: കോഴികളെ വീട്ടുവളപ്പിൽ അഴിച്ചുവിട്ട് മേയാൻ അനുവദിച്ചു വളർത്തുന്ന രീതിയാണിത്. വീട്ടുമുറ്റത്തെ കോഴിവളർത്തൽ സമ്പ്രദായം എന്നും പറയാം. നാടൻകോഴികളെയാണ് വളർത്താൻ താത്‌പര്യമെങ്കിൽ കരിങ്കോഴി, തലശ്ശേരി കോഴി, നേക്കഡ്നെക്ക്, അസീൽ, അരിക്കോഴി, തിത്തിരിക്കോഴി എന്നീ പ്രാദേശികയിനങ്ങളെ തിരഞ്ഞെടുക്കാം. വർഷം 80 മുതൽ 100 മുട്ടകൾ പ്രതീക്ഷിക്കാം. ഉത്‌പാദനശേഷി കൂടിയ ഇനങ്ങളെയാണ് വളർത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗൺ, ഗിരിരാജ, വനരാജ, എന്നിവ. തീറ്റനൽകുന്നതിൽ കൂടുതൽ ശ്രദ്ധിച്ചാൽ 190 മുതൽ 200 മുട്ടകൾവരെ ഒരു വർഷം ലഭിക്കും. ഒന്നരവർഷംവരെ പരമാവധി ഉത്‌പാദനം ലഭിക്കും.
2. കേജ് സമ്പ്രദായം: സ്ഥലപരിമിതിയുള്ളവർക്ക് അനുയോജ്യമായ രീതിയാണിത്. ഡീപ്പ് ലിറ്റർ സമ്പ്രദായത്തിൽ വർത്തുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി കോഴികളെ ഒരു നിശ്ചിതസ്ഥലത്ത് വളർത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തോ ടെറസുകളിലോ കൂടുവെച്ച് പാർപ്പിക്കാം. വിവിധതരത്തിലുള്ള കൂടുകൾ വിപണിയിൽ ലഭ്യമാണ്.
3. ഡീപ് ലിറ്റർ സമ്പ്രദായം: ഒരേ വർഗത്തിലും പ്രായത്തിലുമുള്ള കോഴികളെ നിലത്തുവിരിച്ച ലിറ്ററിൽ വളർത്തുന്ന രീതിയാണിത്. തുറന്നുവിടാതെ മുറിക്കുള്ളിൽമാത്രം വളർത്തുക. മുട്ടക്കോഴികൾക്ക് ഒരെണ്ണത്തിന് മൂന്ന് അടി നീളവും രണ്ടര അടി വീതിയിലും സ്ഥലംവേണം. കെട്ടിടത്തിലെ പാർശ്വഭിത്തികൾ രണ്ട് അടി (60 സെ.മീ.) ഉയരത്തിൽ കെട്ടി ബാക്കിഭാഗങ്ങൾ കമ്പിവലയോ എക്‌സ്‌പാന്റഡ് മെറ്റൽവലയോ ഉപയോഗിച്ച് മറയ്ക്കാം. കമ്പിവല 2.5 സെ.മീ.x2.5 സെ.മീ. നീളമുള്ളതും നല്ല ബലമുള്ളതും ആയിരിക്കണം. ലിറ്റർ ഈർപ്പമില്ലാതിരിക്കാൻ അത് ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. മഴക്കാലങ്ങളിൽ ആഴ്ചയിൽ ഒരിക്കൽവീതം ഇളക്കിക്കൊടുക്കണം.
തീറ്റ
ആറുമുതൽ 20 ആഴ്ചവരെ ഗ്രോവർ തീറ്റയും അതിനുമുകളിൽ പ്രായമുള്ളവയ്ക്ക് ലേയർ തീറ്റയും നൽകണം. തീറ്റനൽകുന്നതിനായി തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ് നല്ലത്. 35 സെ.മീ. വ്യാസമുള്ളതും 20 മുതൽ 25 കിലോഗ്രാം തീറ്റ ഉൾക്കൊള്ളാൻ കഴിവുള്ളതുമായ തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങൾ 100 മുട്ടക്കോഴികൾക്ക് അഞ്ചെണ്ണംവെച്ചു നൽകണം. നിലത്തുവെക്കുന്ന നീളത്തിലുള്ളതാണെങ്കിൽ ഒരു കോഴിക്ക് 12.5 സെ.മീ. എന്നതോതിൽ അനുവദിക്കണം. വെള്ളപ്പാത്രത്തിൽനിന്ന് മൂന്നുമീറ്ററെങ്കിലും അകലത്തിലായിരിക്കണം വെക്കേണ്ടത്. കുടിക്കാനുള്ള വെള്ളം എപ്പോഴും പാത്രത്തിൽ വേണം. ഗ്രോവർ-ലേയർ തീറ്റകൾ വിപണിയിൽ ലഭ്യമാണ്.
വിരമരുന്ന്
രണ്ടുമാസത്തിൽ ഒരുതവണ എന്ന കണക്കിലും പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിന് ഒരാഴ്ചമുൻപ് വിരയിളക്കാനുള്ള മരുന്നുകൾ നൽകണം. കോഴിപ്പേൻ ഉൾപ്പെടെയുള്ള ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിന് കൂട്ടിലും പരിസരത്തും മരുന്നുകൾ തളിക്കണം. ശരീരം മരുന്നുകലക്കിയ വെള്ളത്തിൽ മുക്കിയെടുക്കുകയും ചെയ്യണം. മുട്ടയിടാൻ തുടങ്ങുന്നതിനു തൊട്ടുമുൻപ് കോഴിവസന്തയ്ക്കെതിരേ കുത്തിവെപ്പുനടത്തണം. രോഗപ്രതിരോധത്തിനായി വാക്‌സിൻ യഥാസമയം നൽകണം. വിവരങ്ങൾക്ക്: 9947452708
Content Highlights: Learn to start a high-tech backyard poultry farm, choose egg-laying breeds, and master their care. Increase your income with profitable egg production.
Published: 15 Nov 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented