
നമുക്ക് വേണ്ട പച്ചക്കറികളുടെയും പഴങ്ങളുടെയും ഒരു ഭാഗമെങ്കിലും വീട്ടില്‍ ഉത്പാദിപ്പിക്കാം. അതു തുറന്നിടുന്നത് നമ്മെ വരിഞ്ഞുമുറുക്കുന്ന ഒട്ടേറെ ജീവിതശൈലീ രോഗങ്ങളില്‍നിന്നുള്ള മോചനവഴി കൂടിയാണ്. എല്ലാ വീട്ടിലും വിളയണം സുരക്ഷിത വിളകള്‍. മനസ്സുവെച്ചാല്‍ സ്ഥല-സമയപരിമിതികള്‍ ഒരു തടസ്സമേയല്ല. വീട്ടുകൃഷിയുടെ അനിവാര്യതയെയും ശാസ്ത്രീയമായും സൗന്ദര്യാത്മകമായും ചെലവ് കുറച്ചും കൃഷി ചെയ്യുന്നതിനെയുംകുറിച്ചുള്ള അന്വേഷണപരമ്പര തുടങ്ങുന്നു...
'കഴിക്കാന്‍ വേണ്ടത് കഴിയുന്നത്ര വീട്ടില്‍ത്തന്നെ വിളയിക്കുക'-തന്റെ കൃഷിയെക്കുറിച്ച് പെയിന്റിങ് തൊഴിലാളിയായ പി.ജെ. ജോണിന് പറയാനുള്ളത് ഇതാണ്. പച്ചക്കറിയും പഴവും മുട്ടയും മീനും തേനുമൊക്കെ വീടിനോട് ചേര്‍ന്ന 22 സെന്റില്‍നിന്ന് കിട്ടുന്നതിനാല്‍ ഇക്കാര്യത്തിലൊന്നും വിപണിയെ ആശ്രയിക്കേണ്ടതില്ലെന്ന് 59-കാരനായ മാങ്ങാട്ടിടം കുറുമ്പക്കല്‍ സ്വദേശിയായ ജോണ്‍ വ്യക്തമാക്കുന്നു. മഴക്കാലത്ത് പച്ചക്കറിക്കൃഷി മുടങ്ങാതിരിക്കാന്‍ മഴമറയുമുണ്ട്. വീടിനോട് ചേര്‍ന്ന പത്ത് സെന്റില്‍ പച്ചക്കറിക്കൃഷിയും കോഴിക്കൃഷിയും കറവപ്പശുവുമെല്ലാമുള്ള തെങ്ങുകയറ്റത്തൊഴിലാളിയും മാങ്ങാട്ടിടം പഞ്ചായത്തംഗവുമായ കെ. അശോകനും പങ്കുവെക്കാനുള്ളത് സമാനമായ ആശയമാണ്.
അളവില്ക്കവിഞ്ഞ് രാസവളങ്ങള്‍ ഉപയോഗിച്ചും മാനദണ്ഡങ്ങള്‍ പാലിക്കാതെ കീടനാശിനിയുടെയും പ്രയോഗവും നടത്തിയും ഉണ്ടാക്കുന്ന വിഷമയവും രോഗഹേതുവുമായ മറുനാടന്‍ പച്ചക്കറികളും പഴങ്ങളും വലിയതോതില്‍ വിപണിയിലെത്തുന്നു. ഇതില്‍നിന്ന് ഒരുപരിധിവരെ മോചനം നേടാനുള്ള പ്രധാന വഴി കഴിയുന്നത്ര സുരക്ഷിത ഭക്ഷണം വീട്ടിലൊരുക്കുകയെന്നതാണ്. ഏതു ജോലി ചെയ്യുന്നവര്‍ക്കും എത്ര കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ഇത്തിരിനേരവും കുറച്ച് സ്ഥലവും മാറ്റിവെച്ചാല്‍ ഇത് സാധ്യമാകും; മനസ്സുവെച്ചാല്‍ മാത്രം മതി. കൂടിവരുന്ന ജീവിതശൈലീരോഗങ്ങളില്നിന്നും മാരകരോഗങ്ങളില്‍നിന്നും മോചനത്തിനുള്ള ഒരു വഴി കൂടി ഈ വീട്ടുകൃഷി തുറന്നുതരുന്നുണ്ട്.
ആരോഗ്യസുരക്ഷയ്ക്ക് വീട്ടുവിളകള്
പഴം, പച്ചക്കറി എന്നിവ കഴിക്കുന്നതിലെ വലിയ കുറവും വിപണിയില്‍നിന്ന് വാങ്ങുന്ന ഇവയിലെ വിഷാംശ സാന്നിധ്യവുമാണ് നമ്മള് നേരിടുന്ന രണ്ട് പ്രശ്നം. ഒരാള്‍ ദിവസവും പഴവും പച്ചക്കറിയും കൂടി 400 ഗ്രാമെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) നിര്‍ദേശിക്കുന്നത് ഒരാള്‍ ദിവസവും 300 ഗ്രാം പച്ചക്കറിയും 100 ഗ്രാം പഴവും കഴിക്കണമെന്നാണ്. എന്നാല്‍, കേരളത്തിലെ ആളോഹരി പച്ചക്കറി ഉപഭോഗം 160 ഗ്രാം മാത്രമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അവലോകനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭക്ഷ്യനാരുകളും ജീവകങ്ങളും ധാതുക്കളും ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രക്താദിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, ഹൃദയധമനീരോഗങ്ങള്‍ തുടങ്ങിയ പല ജീവിതശൈലീരോഗങ്ങളെയും പ്രതിരോധിക്കാനും ശരിയായ ശരീരഭാരനിയന്ത്രണത്തിനുമുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ്. പ്രാദേശികമായി ലഭ്യമായ പുതിയതും (ഫ്രെഷ്) സീസണലുമായ പച്ചക്കറികള്‍ കഴിക്കണമെന്നാണ് ഐ.സി.എം.ആര്. ശുപാര്‍ശ ചെയ്യുന്നത്. കൂടാതെ, പല നിറങ്ങളിലുള്ള വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും ഐ.സി.എം.ആര്. കൂട്ടിച്ചേര്‍ക്കുന്നു.
15 ശതമാനത്തില്‍ കീടനാശിനി
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വിപണിയില്‍നിന്ന് ശേഖരിച്ച പഴം, പച്ചക്കറി സാമ്പിളുകളില്‍ 15.90 ശതമാനത്തിലും അനുവദനീയ പരിധിക്ക് മുകളില്‍ കീടനാശിനിയുണ്ടെന്നാണ് കണ്ടെത്തല്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ (പി.ആര്.ആര്.എ.എല്‍.) പരിശോധിച്ച 195 സാമ്പിളുകളില്‍ 31 എണ്ണത്തിലും കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുമുന്‍പത്തെ (ജനുവരി-മാര്‍ച്ച്) മൂന്നുമാസത്തെ പരിശോധനാറിപ്പോര്‍ട്ട് പ്രകാരം ഇത് 14.06 ശതമാനമായിരുന്നു. 2023 ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ വേര്‍തിരിച്ച കണക്കുപ്രകാരം 23.21 ശതമാനം പച്ചക്കറികളിലും 14.38 ശതമാനം പഴങ്ങളിലും കീടനാശിനിസാന്നിധ്യമുണ്ട്.
'സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്‍ഡ് രജിസ്ട്രേഷന് കമ്മിറ്റി ഓരോ വിളയ്ക്കും ശുപാര്‍ശ ചെയ്യുന്ന കീടനാശിനികളുണ്ട്. ഇത് പാലിക്കാതെയുള്ള കീടനാശിനിപ്രയോഗം, ശുപാര്‍ശ ചെയ്യുന്ന അളവിലും കൂടുതല്‍ കീടനാശിനി തളിക്കല്‍, ഓരോ കീടനാശിനിയും തളിച്ച ശേഷം പാലിക്കേണ്ട കാത്തിരിപ്പ് സമയം നോക്കാതെ ഫലങ്ങള്‍ നേരത്തെ വിളവെടുക്കല്‍ എന്നിവയൊക്കെയാണ് പച്ചക്കറികളും പഴങ്ങളുമെല്ലാം സുരക്ഷിതമാകാതിരിക്കാന് കാരണം'-പി.ആര്.ആര്.എ.എല്‍. ഡയറക്ടര്‍ ഡോ. മധു സുബ്രഹ്മണ്യന് പറയുന്നു. പഴം, പച്ചക്കറി എന്നിവയില്‍ ഒരു ഭാഗമെങ്കിലും വീട്ടില്‍തന്നെ ഉത്പാദിപ്പിക്കുകയാണ് ഫലപ്രദമായ ബദല്മാര്ഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: grow your own fruits and vegetables at home for a healthy lifestyle
Published: 05 Sept 2024, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented