പതിനൊന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മാവ് പൂത്തു, കണ്ണിമാങ്ങകൾ വന്നു, മാങ്ങകൾ വലുതായി പാകമായി തുടങ്ങി. അത് ഒരു ഒന്നൊന്നര മാങ്ങയായി. വീടിനു മുന്നിലെത്തുന്നവരൊക്കെ അത്ഭുതത്തോടെ മുകളിലേക്ക് നോക്കി നിന്നു. ഒരു തേങ്ങയുടെ വലിപ്പമുള്ള മാങ്ങ.... തിരുവനന്തപുരം മരുതൂർ സ്വദേശി ആർ അജിത് കുമാറിന്റെ വീട്ടുമുറ്റത്താണ് ഈ അത്ഭുത മാവ്. മാവിന്റെ പേരും കുറച്ച് വെറൈറ്റിയാണ്. ഖുദാദത് ഇനമാണെന്നാണ് ഉടമയുടെ കണ്ടെത്തൽ.
അതിയായ ആഗ്രഹത്തിൽ കോഴിക്കോട്ടു നിന്ന് കൊണ്ടുവന്ന് നട്ടതാണ് മാവ്. അതിന് പിന്നിലെ പ്രയത്നവും ചെറുതല്ല. ഫയർ സർവീസിൽ വർക്ക് ചെയ്യുന്ന കാലത്ത് കോഴിക്കോട് ട്രാൻസ്ഫർ ലഭിച്ചെത്തിയപ്പോഴാണ് അജിത് കുമാറിന്റെ കണ്ണിൽ ഒരു മുത്തശ്ശി മാവ് ഉടക്കിയത്. കൗതുകത്തിന്റെ കെട്ടുതുറന്നപ്പോൾ നേരത്തെ ഫ്രഞ്ചുകാരുടെ സ്ഥലമായിരുന്നല്ലോ, അവർ വച്ച മാവാണെന്ന് കേട്ടറിഞ്ഞവർ പറഞ്ഞു. മാവിന് അടുത്ത തലമുറയില്ലെന്നും വിത്തിട്ട് നട്ടുകഴിഞ്ഞാൽ കിളിർക്കില്ല, നശിക്കുമെന്നും ആളുകൾ പറഞ്ഞെങ്കിലും അജിത് കുമാർ ബദൽ മാർഗം കണ്ടെത്തി. ബഡ് ചെയ്തു തൈകൾ ഉണ്ടാക്കി. തിരുവനന്തപുരത്തെ വീട്ടിലെത്തി നട്ടു നനച്ചു വളർത്തി.
കോഴിക്കോട് നിന്ന് ആദ്യമായി അജിത്കുമാർ കൊണ്ടുവന്ന മാങ്ങ അകലെ നിന്ന് കണ്ടപ്പോൾ പൊതിക്കാത്ത പച്ച തേങ്ങയായിട്ടാണ് തോന്നിയതെന്ന് ഭാര്യ വി അമ്പിളി പറയുന്നു. അടുത്ത് കണ്ടപ്പോഴാണ് തേങ്ങയല്ല, മാങ്ങയാണെന്ന് മനസിലായത്.
പിന്നീടുള്ള കാത്തിരിപ്പ് വർഷങ്ങൾ പിന്നിട്ടു. നീണ്ട 11 വർഷങ്ങൾക്ക് ശേഷം ആദ്യമായി കായ്ച്ചപ്പോൾ അക്ഷരാർത്ഥത്തിൽ നിലത്തൊന്നുമായിരുന്നില്ല അജിത് കുമാർ. മാങ്ങയ്ക്ക് എത്ര വലിപ്പം കൂടിയെന്നറിയാനുള്ള കൗതുകത്തോടെയാണ് ഓരോദിവസവും തുടങ്ങുന്നത്. അന്ന് കോഴിക്കോട് കണ്ട മാങ്ങയ്ക്ക് ഇതിലും അല്പം കൂടി വലിപ്പമുണ്ടായിരുന്നുവെന്നും അജിത് പറയുന്നു.
തമിഴ്നാട് സേലം ജില്ലയിൽ വ്യാപകമായി കാണപ്പെടുന്ന ഖുദാദത് ഇനമാണിതെന്ന് അജിത് പറയുന്നു. 11 മാങ്ങകളാണ് ആദ്യമായി കായ്ച്ചത്. എല്ലാ മാങ്ങകൾക്കും നല്ല വലിപ്പം. പിന്നീട് എത്രത്തോളം വലുതാകുമെന്ന കാത്തിരിപ്പ്. ഒരു ശക്തമായ മഴ പെയ്തപ്പോ കുറച്ചു മാങ്ങകൾ നിലംപതിച്ചു. ഭാരവും നോക്കി രുചിയും അറിഞ്ഞു. ഏറ്റവും വലിയ മാങ്ങയ്ക്ക് മൂന്നു കിലോയ്ക്ക് അടുത്തായിരുന്നു തൂക്കം. പഴുത്താൽ കേടുണ്ടാകുമെന്നാണ് ഗൃഹനാഥൻ പറയുന്നത്. എന്താണെങ്കിലും വരും വർഷങ്ങളിലും മാവ് കായ്ക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് കുടംബം.
Content Highlights: 11-year-old mango tree bears a giant mango, the size of a coconut
Published: 17 May 2025, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented