കല്ലും മുള്ളും താണ്ടി ഡോ.ശോശാമ്മ ഐപ്പ് തീര്‍ത്ത 'വെച്ചൂര്‍ വിപ്ലവം'


ഡോ. ടി.പി. സേതുമാധവന്‍

4 min read
Read later
Print
Share

ഡോ ശോശാമ്മ ഐപ്പ് | Photo: Matrubhumi

1980-ല്‍ ഒരു കൂട്ടം വെറ്ററിനറി ഡോക്ടര്‍മാര്‍ ഇടവഴികളും മണ്‍പാതകളും ടാറിട്ട റോഡുകളും താണ്ടി ഒഴുക്കിയ വിയര്‍പ്പാണ് ഇന്നത്തെ വെച്ചൂര്‍ പശു. വംശനാശത്തിന്റെ വക്കില്‍ നിന്ന് വെച്ചൂര്‍ പശുവിന് പുനര്‍ജന്മം നല്‍കാനായി അവര്‍ നിരത്തിലിറങ്ങുമ്പോള്‍ അതിന് നേതൃത്വം നല്‍കിയത് പത്തനംതിട്ടയിലെ നിരണത്ത് നിന്നുള്ള ഡോ.ശോശാമ്മ ഐപ്പ് ആയിരുന്നു. കര്‍ഷകനായ നാരയണ അയ്യര്‍ വഴി മനോഹരന്‍ എന്ന വ്യക്തിയുടെ വീട്ടില്‍ നിന്ന് ആദ്യമായി ഇവര്‍ക്ക് ഒരു വെച്ചൂര്‍ പശുവിനെ കിട്ടി. അതില്‍ നിന്ന് തുടങ്ങിയ വെച്ചൂര്‍ പശു പരിരക്ഷണ യഞ്ജം ഇന്നും മുന്നേറുകയാണ്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റില്‍ സജീവമാണ് ശോശാമ്മ. ഒടുവില്‍ രാജ്യത്തിന്റെ ആദരമായി പത്മശ്രീ പുരസ്‌കാരവും ശോശാമ്മയെ തേടിയെത്തിയിരിക്കുന്നു. പിന്നിട്ട വഴികളിലെ മുള്ളിനേയും കല്ലിനേയും കുറിച്ചും ആരും തിരഞ്ഞുവരാത്ത, പലര്‍ക്കും താത്പര്യം കുറഞ്ഞ ഈ മേഖയില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നും ശോശാമ്മ പറയുന്നു.

'വെച്ചൂര്‍ പശു സംരക്ഷണ സമിതി' തുടങ്ങാനുണ്ടായ കാരണങ്ങള്‍

1980-ലാണ് അന്യംനിന്നുപോകുന്ന നമ്മുടെ തനത് കന്നുകാലികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. സങ്കരയിനം പശുക്കളെ ഉരുത്തിരിച്ചെടുക്കുക, പാലുത്പാദനം വര്‍ധിപ്പിക്കുക, നാടന്‍ ഇനം വിത്തുകാളകളെ വന്ധ്യംകരണം നടത്തുക എന്നിവയായിരുന്നു 1960 മുതല്‍ സര്‍ക്കാറിന്റെ നയം. ഇതിനായി വിദേശ ജനുസ്സുകളായ ജഴ്‌സി, ബ്രൗണ്‍ സ്വിസ്, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ ഉപയോഗിച്ചിരുന്നു. 1961-ലെ കേരള ലൈവ്‌സ്റ്റോക്ക് ഇംപ്രൂവ്‌മെന്റ് ആക്ടനുസരിച്ചാണ് നാടന്‍ വിത്തുകാളകളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നത്.

അങ്ങനെ ഇവിടെ സങ്കരപ്രജനനം മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴാണ് വരുംതലമുറയ്ക്കുവേണ്ടി വെച്ചൂര്‍ പശുവിനെ സംരക്ഷിക്കണമെന്ന ആഗ്രഹവുമായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് ഞാനും ഒരുകൂട്ടം വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങിയത്. പത്തനംതിട്ടയിലെ നിരണത്താണ് എന്റെ സ്വദേശം. എന്റെ വീട്ടില്‍ 1950-കളില്‍ വെച്ചൂര്‍ പശുക്കളെ വളര്‍ത്തിയിരുന്നു. ഔഷധഗുണമുള്ള പാലാണ് വെച്ചൂരിന്റേതെന്ന് 1940-ലിറങ്ങിയ വേലുപ്പിള്ളയുടെ തിരുവിതാംകൂര്‍ മാന്വലിലും പ്രതിപാദിച്ചിരുന്നു.

വെച്ചൂര്‍ പശുക്കളുടെ സവിശേഷതകള്‍

കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത വെച്ചൂരിലാണ് ഇവ ഉരുത്തിരിഞ്ഞത്. എട്ടുമാസത്തോളം കറവക്കാലമുള്ള ഇവയില്‍നിന്ന് പ്രതിദിനം മൂന്നു ലിറ്ററോളം പാലുകിട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനമാണ്. അധികം ചെലവില്ലാതെ വളര്‍ത്താം. ശരാശരി ഉയരം 90 സെന്റീമീറ്ററേയുള്ളൂ. തൂക്കം 140 കിലോഗ്രാം വരെ. ചുവപ്പ്, കറുപ്പ്, വെളുപ്പ്, ചാരനിറം... ഇങ്ങനെ നാലുനിറങ്ങളിലുണ്ട്. പാലിലെ കൊഴുപ്പുകണികകള്‍ വളരെ ചെറുതാണ്. അതുകൊണ്ട് അത് എളുപ്പത്തില്‍ ദഹിക്കും. പാലിന് പോഷകമൂല്യവും കൂടും. ഇത് രോഗികള്‍ക്കും പ്രായമായവര്‍ക്കും വളരെ ഗുണം ചെയ്യും. ആയുര്‍വേദമരുന്നുകളില്‍ വെച്ചൂര്‍ പശുക്കളുടെ പാല്‍, നെയ്യ്, ഗോമൂത്രം മുതലായവ ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇവയുടെ പാലിലുള്ള ബീറ്റ കേസിന്‍ പ്രോട്ടീന്‍ എ 2 രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. പാലില്‍ ആര്‍ജിനിന്റെയും ലാക്ടോഫെറിന്റെയും അളവും കൂടുതലാണ്.

വെച്ചൂരിനെ തേടിയുള്ള യാത്രയെക്കുറിച്ച്

പശുക്കളെ അന്വേഷിച്ച് വെച്ചൂരിലെത്തിയപ്പോള്‍ ഒരൊറ്റ പശുവിനെപ്പോലും തുടക്കത്തില്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. വിദ്യാര്‍ഥികളായിരുന്ന അരുണ്‍ സക്കറിയ, ജയന്‍ കെ.സി., ജയന്‍ ജോസഫ് എന്നിവരും ഞാനും ചേര്‍ന്നുനടത്തിയ നീണ്ട അന്വേഷണത്തിലാണ് ഒരെണ്ണത്തെ കണ്ടെത്തിയത്. ഒരു വര്‍ഷംകൊണ്ട് 24 എണ്ണത്തിനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ആ പശുക്കള്‍ കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി ഫാമിലെത്തിയതു മുതല്‍ വിവാദങ്ങള്‍ നിരന്തരമായി പിന്തുടര്‍ന്നു.

അതൊന്ന് വിശദീകരിക്കാമോ

നമ്മുടെ നാടന്‍ പശുക്കളുടെ പരിരക്ഷ സര്‍ക്കാറിന്റെ 'സങ്കരപ്രജനന നയ'ത്തിനെതിരായിരുന്നു. അതുകൊണ്ട് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനം ലഭിച്ചില്ല. സര്‍വകലാശാലയിലെ ചില അധ്യാപകരുടെ എതിര്‍പ്പ്, സര്‍വകലാശാലയിലെത്തിച്ച പശുക്കള്‍ വെച്ചൂരല്ലെന്ന കുപ്രചാരണം എന്നിവയും നേരിട്ടു. വെച്ചൂര്‍ പദ്ധതിക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അംഗീകാരം നേടി മുന്നോട്ടുനീങ്ങിയപ്പോഴാണ് ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത 19 എണ്ണം വിഷബാധയേറ്റ് കൊല്ലപ്പെട്ടത്.

ആരോ വിഷം നല്‍കിയതാണെന്ന് ഉറപ്പായിരുന്നു. പക്ഷേ, അതിന്റെ അന്വേഷണത്തിന് പദ്ധതി മേധാവിയെ മാറ്റിനിര്‍ത്തണം എന്ന കാര്യത്തിലാണ് ഊന്നലുണ്ടായത്. ഇതിനെതിരായി കേരള ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് നേടിയശേഷമേ ഞങ്ങള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞുള്ളൂ. പദ്ധതിക്കായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു. ഒടുവില്‍ 'ഡാറ്റാ സ്റ്റോറേജ് കാബിനറ്റ്' എന്ന പേരിലാണ് അത് വാങ്ങിയത്. തുടരന്വേഷണങ്ങള്‍ മൂലം അക്കാലത്ത് ഏറെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ചു. അന്ന് ഞങ്ങളോടൊപ്പംനിന്ന വൈസ് ചാന്‍സലര്‍മാരായ ഡോ. സൈലാസ്, ഡോ. മൈക്കിള്‍, ഡീന്‍ ഡോ. രാധാകൃഷ്ണ കൈമള്‍, ഡോ. കെ.സി. രാഘവന്‍, ഡോ. അരവിന്ദാക്ഷന്‍, ഡോ. എ.പി. ഉഷ, ഡോ. തിരുപ്പതി തുടങ്ങിയവരോട് വളരെ നന്ദിയുണ്ട്്.

വെച്ചൂര്‍ പശുവിന്റെ പേറ്റന്റ് ഒരു വിദേശ സര്‍വകലാശാല നേടിയെന്നും കേട്ടിരുന്നു

ഇവിടത്തെ സര്‍വകലാശാലയിലെ വിവാദം അല്പം ശമിച്ചപ്പോഴായിരുന്നു അതുണ്ടായത്. വെച്ചൂര്‍ പശുക്കളുടെ ജനിതകഘടന കണ്ടെത്തുന്നതില്‍ സ്‌കോട്ട്‌ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേറ്റന്റ് നേടിയെന്ന് പരിസ്ഥിതിപ്രവര്‍ത്തക വന്ദനാശിവയാണ് ആരോപിച്ചത്. ഇ.പി. 765390 എന്നതാണ് പേറ്റന്റ് നമ്പറെന്നും പദ്ധതിയിലെ ശാസ്ത്രജ്ഞരാണ് ഇതിനുപിന്നിലെന്നും വന്ദനാശിവ പറഞ്ഞു. ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ജേണലായ 'നേച്ചറു'മൊക്കെ അത് വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതോടെ വെച്ചൂരിനെ എതിര്‍ക്കുന്നവര്‍ പൂര്‍വാധികം ശക്തിയോടെ വീണ്ടും രംഗത്തെത്തി.

വൈസ് ചാന്‍സലര്‍ ഡോ. ശ്യാമസുന്ദരന്‍ നായര്‍ ലോകത്തുള്ള വെച്ചൂരിന്റെ പേറ്റന്റ് ഉറവിടങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, റാഫി കാനഡ തുടങ്ങിയ എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ പേറ്റന്റ് തിരച്ചില്‍ ഊര്‍ജിതമാക്കി. വന്ദനാശിവയ്ക്ക് ഇന്റര്‍നെറ്റില്‍നിന്നാണ് പേറ്റന്റിനെക്കുറിച്ച് അറിവുലഭിച്ചതെന്ന വാദം ഇതിനകം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. 1998-ല്‍ തുടങ്ങിയ വിവാദം തീരാന്‍ രണ്ടുവര്‍ഷങ്ങളെടുത്തു. ഇ.പി. 765390 എന്ന പേറ്റന്റ് നമ്പര്‍ തെറ്റാണെന്നും അത് റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതല്ല മറിച്ച് പി.പി.എല്‍. തെറാപ്യൂട്ടിക്സിന്റെ മനുഷ്യരുടെയും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ പശുക്കളുടെയും ജീനുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റേതാണെന്നും തെളിഞ്ഞു. കാര്‍ഷിക സര്‍വകലാശാല ധവളപത്രമിറക്കി വിവാദം അവസാനിപ്പിച്ചു.

ഗവേഷണത്തില്‍ പങ്കാളിത്തമുണ്ടാകുമല്ലോ

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, നബാര്‍ഡ്, നാഷണല്‍ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ്, നാഷണല്‍ ബ്യൂറോ ഓഫ് ആനിമല്‍ ജനറ്റിക് റിസോഴ്‌സസ്, കേരള സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്, ലോക ഭക്ഷ്യകാര്‍ഷിക സംഘടന, യു.എന്‍.ഡി.പി. എന്നിവയുടെ സഹകരണമുണ്ട്.

വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റിനെക്കുറിച്ച്

വെച്ചൂര്‍ പശു സംരക്ഷണത്തില്‍ കര്‍ഷകരുടെയും ശാസ്ത്രജ്ഞരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയുമൊക്കെ സഹകരണം ആവശ്യമുണ്ടായിരുന്നു. ഒരു കൂട്ടായ്മയിലൂടെ സുസ്ഥിരപരിരക്ഷ ഉറപ്പുവരുത്താനാണ് ട്രസ്റ്റിന് രൂപംനല്‍കിയത്. വെച്ചൂര്‍ പശുവിനെ തിരിച്ചറിയാന്‍ മൈക്രോ ചിപ്പിങ് രീതിയും ഉടന്‍ നടപ്പാക്കും.

മറ്റ് പദ്ധതികള്‍

കാസര്‍കോട് പശുക്കള്‍, അട്ടപ്പാടി ബ്ലാക്ക് ആടുകള്‍, കുട്ടനാട് എരുമകള്‍, ഹൈറേഞ്ച് കുറിയ കന്നുകാലികള്‍, അങ്കമാലി പന്നികള്‍ എന്നിവയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളുണ്ട്. കാസര്‍കോട് പശുക്കളെ ഇന്ത്യയുടെ തനത് ജനുസ്സായി അംഗീകരിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

തിരിഞ്ഞു നോക്കുമ്പോള്‍

ഒരുപാട് പ്രതിബന്ധങ്ങള്‍ നേരിട്ടെങ്കിലും ഇന്ന് വെച്ചൂര്‍ പശു രാജ്യത്തിന്റെ തനത് ജനുസ്സായി മാറിക്കഴിഞ്ഞു. വെച്ചൂരിനെ വിമര്‍ശിച്ചവര്‍ അതിന്റെ ആരാധകരായി! പശുക്കളുടെ എണ്ണം ഇന്ന് കേരളത്തില്‍ 3000-ത്തിലധികമായി. വെച്ചൂര്‍ പശുക്കളെ വെറ്ററിനറി സര്‍വകലാശാലയില്‍നിന്ന് ലഭിക്കാന്‍ കര്‍ഷകര്‍ കാത്തിരിക്കുന്നു.

പുതിയ തലമുറയോട്...

വെച്ചൂര്‍ പശുക്കളെ കണ്ടെത്തുന്നതില്‍ വിദ്യാര്‍ഥികളുടെ സഹായം വളരെ വലുതായിരുന്നു. നമ്മുടെ യുവാക്കളുടെ കഴിവുകള്‍ അധ്യാപകര്‍ തിരിച്ചറിയണം. കര്‍ഷകര്‍ക്കിണങ്ങിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കണം.

കുടുംബം, പുരസ്‌കാരം

പദ്മശ്രീക്ക് മുമ്പ് ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും (എഫ്.എ.ഒ.), ഐക്യരാഷ്ട സംഘടനയുടെ വികസന പ്രോജക്ടിന്റെയും (യു.എന്‍.ഡി. പി.) അംഗീകാരങ്ങള്‍ ലഭിച്ചു. മണ്ണുത്തിയില്‍ ഇന്ദിരാനഗറിലാണ് താമസിക്കുന്നത്. പരേതനായ എബ്രഹാം വര്‍ക്കി (റിട്ട. പ്രൊഫസര്‍, കാര്‍ഷിക സര്‍വകലാശാല)യാണ്. ഡോ. മിനിയും ജോര്‍ജുമാണ് മക്കള്‍.

(പുനപ്രസിദ്ധീകരണം )

Content Highlights: Dr Sosamma Iype who preserves Vechoor Cows Padma Shri

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
apple peach

1 min

കാന്തല്ലൂര്‍ മലനിരകളില്‍ ഇനി ആപ്പിള്‍ പീച്ച് മധുരം

Jun 5, 2023


rabiya

1 min

പത്ത് ഏക്കറിൽ ഒറ്റയ്ക്ക് നെൽകൃഷി; ഇത് റാബിയയ്ക്ക് 'ഉമ' നല്‍കിയ നൂറുമേനി

Apr 30, 2022


mathrubhumi

2 min

സാംക്രമിക ചര്‍മമുഴ രോഗം: അറിയേണ്ടതെല്ലാം

Jan 11, 2020


Most Commented