മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ തുടങ്ങി. ഇടവക വികാരി ഫാ. അബ്രഹാം ആകശാലയിൽ കൊടിയേറ്റി. സെയ്ന്റ് പോൾസ് മൈനർ സെമിനാരി റെക്ടർ ഫാ. റിജോയ് പാത്തിവയൽ ആഘോഷമായ ദിവ്യബലിയർപ്പിച്ചു.

To advertise here,

ഫാ. ലിബിൻ ജോസഫ്, ഫാ. വിൻസെന്റ് പുളിക്കൽ, ഫാ. ആന്റോ എസ്.ജെ, പാരിഷ് കൗൺസിൽ സെക്രട്ടറി ഷീജാ ഫ്രാൻസിസ്, ജോയിന്റ് കൺവീനർ മഹേഷ് ജോൺ, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ വി.സി. സ്റ്റെനിൻ, ജോയിന്റ് കൺവീനർ റോജസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ഡിസംബർ ഏഴ്, എട്ട് തീയതികളിലാണ് പ്രധാന തിരുനാൾ. ഏഴിനു രാവിലെ ഏഴിനും 10.30നും ദിവ്യബലി, നൊവേന. വൈകീട്ട് നാലിനു ജപമാല, സമൂഹബലി, നൊവേന. മംഗലാപുരം സെയ്ന്റ് ജോസഫ്‌സ് സെമിനാരിഗിരിയിലെ ഫാ. അലക്‌സ് കളരിക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 6.30-ന് നഗരപ്രദക്ഷിണം. ദിവ്യകാരുണ്യ ആശീർവാദത്തിനുശേഷം രാത്രി ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ലൈറ്റ് ഷോയുണ്ടാകും.

എട്ടിനു രാവിലെ രാവിലെ 10.30-ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ തിരുനാൾ സമൂഹബലിയർപ്പിക്കും. ദേവാലയം ചുറ്റി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിനുശേഷം നേർച്ചഭക്ഷണ വിതരണം.

ഡിസംബർ ഒൻപതിനു രാവിലെ ഏഴിനു ദിവ്യബലി. വൈകീട്ടുള്ള ജപമാല, ദിവ്യബലി, സെമിത്തേരി സന്ദർശനം എന്നിവയ്ക്കുശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.

1847 ൽ ഫ്രഞ്ച് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട അമലോത്ഭവമാതാ തീർഥാടനകേന്ദ്രം ജില്ലയിലെ രണ്ടാമത്തെ ക്രൈസ്തവദേവലയമാണ്. 2024 ഏപ്രിലിലാണ് ദേവാലയത്തിനു ഗോഥിക് മാതൃകയിലുള്ള പുതിയ കെട്ടിടം നിർമിച്ചത്.