പണ്ട് പാകിസ്താനോട് ഇന്ത്യ ഒരു കളി തോറ്റു. അന്ന് തോറ്റ ടീമിലെ പതിനൊന്ന് പേരിൽ ഒരാളെമാത്രം ഗ്രൗണ്ടിൽ ഒറ്റയ്ക്ക് നിർത്തി സകലരും ക്രൂരമായി കല്ലെറിഞ്ഞു. അയാളെ വഞ്ചകനെന്ന് അധിക്ഷേപിച്ചു. കളിയിൽനിന്നുതന്നെ പടിയടച്ച് പിണ്ഡം വെച്ച് പുറത്താക്കി. കടുത്ത വിഷാദത്തിന്റെ ഇരുട്ടിലേക്ക് തള്ളിയിട്ടു. അയാൾ ആ കൊടിയ മാനക്കേടിന്റെ ഏകാന്തതയിൽ വർഷങ്ങളോളം ഉൾവലിഞ്ഞ് കഴിഞ്ഞു. പതിറ്റാണ്ടുകൾക്കുശേഷം... ചോര പൊടിഞ്ഞ ആ ദുരന്തജീവിതത്തിൽനിന്ന് തീർത്തും അപ്രതീക്ഷിതമായി ഒരു സിനിമ പിറന്നു, ഒരു പാട്ടും.

To advertise here,

ആ പാട്ട് പിന്നെ ഇന്ത്യൻ കായികരംഗത്തിന്റെതന്നെ ഉണർത്തുപാട്ടാകുന്നതിനും സകല കളികൾക്കുമുള്ള വിജയഗീതമാകുന്നതിനും നമ്മൾ സാക്ഷികളായി. എന്തൊരു കാവ്യനീതി. ആ സിനിമയും പാട്ടും കാരണം എത്രവട്ടം നമ്മൾ അയാളോട് ക്ഷമാപണം നടത്തിക്കഴിഞ്ഞു. എത്രയെത്ര പോരാട്ടങ്ങൾക്ക് അയാളുടെ ആ ജീവിതവും, അയാളോട് കാട്ടിയ നന്ദികേടിനുള്ള പ്രായശ്ചിത്തമായി പിറന്ന, ആ പാട്ടും നമ്മൾ ഊർജമാക്കിക്കഴിഞ്ഞു. അതെ, ഇന്ത്യയുടെ ഓരോ പോരാട്ടത്തിനും ഓരോ വിജയത്തിനും ആ ഓർമകൾ പേറുന്ന പാട്ടാണ് ഇന്ന് അകമ്പടി. ലോകകപ്പിൽ, ഒളിമ്പിക്‌സിൽ, ഏഷ്യൻ ഗെയിംസിൽ... ഇപ്പോഴിതാ ഇക്കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലെ സ്വപ്നസമാനമായ ഫൈനലിൽ പാകിസ്താനെ തകർത്തപ്പോഴും ഗ്യാലറികളിൽ മുഴങ്ങിയത്, നമ്മുടെ റീലുകളിൽ നിറഞ്ഞതൊക്കെ ആ പാട്ടാണ്. ചാക് ദേ... ഓ ചക് ദേ ഇന്ത്യാ... ഷാരൂഖ് ഖാന്റെ ‘ചക് ദേ ഇന്ത്യ’യെന്ന ഓൾ ടൈം ഹിറ്റ് സിനിമയിൽ സുഖ്‌വീന്ദർ സിങ് പാടി അനശ്വരമാക്കിയ പാട്ട്. ഒരിക്കലല്ല, ഏഴുവട്ടം തിരസ്‌കരിക്കപ്പെട്ടശേഷം സിനിമയിൽ ഉൾപ്പെടുത്തപ്പെട്ട പാട്ടാണ്.