36 വർഷമായി രണ്ടായിരം പേർക്ക് ഔഷധക്കഞ്ഞിയൊരുക്കി കൽമണ്ഡപം ഹനഫി ജുമാ മസ്ജിദ്
ഔഷധക്കഞ്ഞി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. ആവശ്യമുള്ളത്ര ഔഷധക്കഞ്ഞി പാത്രത്തിൽ സ്നേഹത്തോടെ വിളമ്പും. കഴിക്കുന്നവരുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന ഇൗ ഔഷധക്കഞ്ഞി വിതരണത്തിന് 36 വർഷത്തിലധികം പഴക്കമുണ്ട്.
ജാതി മത വ്യത്യാസങ്ങളില്ല. നോന്പുകാലത്ത് ദിവസവും വൈകീട്ട് നാലുമുതൽ ആറുമണി വരെ പള്ളിയിൽ പാത്രങ്ങളുമായെത്തുന്നവർക്കെല്ലാം കഞ്ഞി ലഭിക്കും. വ്രതാനുഷ്ഠാന പുണ്യത്തിൽ സ്നേഹവും സാഹോദര്യവും നിറച്ചാണ് കൽമണ്ഡപം ഹനഫി ജുമാ മസ്ജിദിലെ ഔഷധക്കഞ്ഞി വിതരണം. എല്ലാ നോമ്പുകാലത്തും നോമ്പിന്റെ തുടക്കം മുതൽ അവസാനദിവസം വരെ കരുതലും സ്നേഹവും പോലെ ഈ ഔഷധക്കഞ്ഞി വിതരണമുണ്ടാകും. ഇന്നുവരെ ഇതിന് മുടക്കം സംഭവിച്ചിട്ടില്ലെന്ന് പള്ളി കമ്മിറ്റിയംഗം ബദറുദ്ദീൻ പറയുന്നു.
ദിവസവും 90 - 100 കിലോ അരിയുടെ കഞ്ഞിയാണ് പാകം ചെയ്യുന്നത്. നാലുവലിയ ചെമ്പുകളിലായിപ്രത്യേക കൂട്ടുകളൊക്കെയിട്ട് രാവിലെ ഒമ്പതിന് പാചകം തുടങ്ങിയാൽ വൈകീട്ട് മൂന്നുമണിയോടെ എല്ലാം തയ്യാറാകും. ഫിറോസ് പുതുനഗരമാണ് കഞ്ഞി തയ്യാറാക്കുന്നത്. സഹായിയായി എസ്. സീനത്തുമുണ്ട്.
ജീരകശാല അരി, നെയ്യ്, ഏലം, പട്ട, തേങ്ങയും ജീരകവും അരച്ചെടുത്തത്, തക്കാളി, ഉള്ളി, മല്ലിയില, പുതിന തുടങ്ങിയവും ഏതാനും ഔഷധക്കൂട്ടുകളും ചേരുവയിലുൾപ്പെടും. കഞ്ഞി ബാക്കി വരാറില്ല. പള്ളിയ്ക്ക് സമീപത്തെ ഭൂരിഭാഗം വീടുകളിലേക്കും കഞ്ഞിയെത്തും. രണ്ടായിരത്തോളം പേർക്കാണ് ദിവസവും കഞ്ഞി നല്കുക. വിതരണസമയത്ത് എത്തുന്നവർക്കെല്ലാം കഞ്ഞി ലഭിക്കാറുണ്ടെന്ന് നഗരസഭാ കൗൺസിലർ ഉദയകുമാർ പറഞ്ഞു. നോമ്പുകാലത്ത് വ്രതാനുഷ്ഠാനം നടത്തുന്നവർക്ക് ക്ഷീണമകറ്റാനും ശരീരത്തിന്റെ പ്രതിരോധ ശക്തി വർധിപ്പിക്കാനും ഉതകുന്നതാണ് ഔഷധക്കഞ്ഞി . പള്ളിയിൽ നോമ്പ് തുറക്കാനെത്തുന്ന 300 ഓളം പേർക്ക് ചെറുപയറും ചേനയും ചേർത്തുണ്ടാക്കിയ കറിയും ഔഷധക്കഞ്ഞിക്കൊപ്പം വിളമ്പും. സമീപത്തെ നെഹ്റുകോളനി ചെറിയപള്ളിയിലേക്കും നോമ്പുതുറക്കാൻ ഇവിടെനിന്നും കഞ്ഞി നൽകാറുണ്ട്.
Content Highlights: Palakkad Mosque Serves Medicinal Porridge to 2000 Daily for Iftar
Published: 02 Mar 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented