പൊതുജനങ്ങൾക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഓപ്പൺ ഡബിൾ ഡക്കർ ബസൊരുങ്ങി. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് സർവീസിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് തുടങ്ങി സരോവരം ബയോപാർക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സർവീസ്. രണ്ടാം ഘട്ടത്തിൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂർ, ചാലിയം, കാപ്പാട് തുടങ്ങിയ ഇടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. പരിസ്ഥിതി സൗഹൃദ യാത്ര ലക്ഷ്യമിട്ട് ഇലക്ട്രിക് ബസാണ് സർവീസിനെത്തിച്ചത്. മുകളിൽ 36 സീറ്റും താഴെ 28 സീറ്റുകളുണ്ട്. ഓൺലൈൻ വഴിയും ഫോൺ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 4.7 മീറ്റർ ഉയരമുള്ള ബസ് താഴ്ന്നുനിൽക്കുന്ന മരച്ചില്ലകളും ഇലക്ട്രിക് ലൈനുകളും കേബിളുകളുമെല്ലാം നീക്കിയ ശേഷമായിരിക്കും സ്ഥിരം ട്രിപ്പുകൾ ആരംഭിക്കുക. 

To advertise here,