ഒരു തീപ്പിടിത്തമുണ്ടായാല്‍ അതും അഗ്നിശമനസേനയ്ക്ക് പെട്ടെന്നൊന്നും എത്തിപ്പെടാനാകാത്ത ഇടത്താണെങ്കില്‍ അവിടേക്ക് ഒരു ഡ്രോണ്‍ പറന്നെത്തി ആ തീയണച്ചാല്‍ എങ്ങനെയിരിക്കും? എത്ര നടക്കാത്ത സ്വപ്‌നമെന്നൊന്നും പറയാന്‍ വരട്ടെ. വേഗത്തില്‍ തീയണയ്ക്കാന്‍ ലോകത്തിലെ ആദ്യ ജെറ്റ് പവേര്‍ഡ് അഗ്നിശമന ഡ്രോണ്‍ പുറത്തിറക്കിയിരിക്കുകയാണ് യുഎഇ. ഡ്രോണിന്റെ പേര് സുഹൈല്‍. 

To advertise here,

ജപ്പാനിലെ ഒസാക്കയില്‍നടന്ന എക്സ്‌പോ 2025-ലെ യുഎഇ പവിലിയനിലാണ് സുഹൈല്‍ ഡ്രോണ്‍ അവതരിപ്പിച്ചത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ഫസ്റ്റ് ബില്‍ഡിങ് സര്‍വ്വീസസ് കമ്പനിയുമായി ചേര്‍ന്നാണ് ഇത്തരമൊരു ഡ്രോണ്‍ വികസിപ്പിച്ചത്. 

അഗ്നിശമനരംഗത്തെ വെല്ലുവിളികളെ നേരിടാന്‍ സുഹൈലിന് നിഷ്പ്രയാസം കഴിയും. മുന്നിലുള്ള തടസ്സങ്ങളെല്ലാം അതിജീവിച്ച് നിര്‍മിതബുദ്ധിയുടെ പിന്തുണയോടെയാണ് ഡ്രോണ്‍ ദൗത്യം നിര്‍വഹിക്കുക. തീപ്പിടിത്തമുണ്ടാകുമ്പോള്‍ മനുഷ്യന് എത്തിച്ചേരാന്‍ സാധിക്കാത്തയിടങ്ങളില്‍ അതിവേഗത്തിലെത്തി തീയണയ്ക്കും. അപകടമേറിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനസേനാംഗങ്ങള്‍ നേരിടുന്ന അപകട സാധ്യത കുറയ്ക്കാനും ഇതുവഴി സാധിക്കും. 

സാധാരണ അഗ്നിശമനപ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് വേഗവും ഫലപ്രാപ്തിയും കൂടുതലുണ്ടെന്നതാണ് ജെറ്റ് പവേര്‍ഡ് അഗ്നിശമനഡ്രോണുകളുടെ പ്രത്യേകത. തിരക്കേറിയപ്രദേശങ്ങള്‍, വ്യാവസായികമേഖലകള്‍, ബഹുനിലക്കെട്ടിടങ്ങള്‍, ജിപിഎസ് പ്രവര്‍ത്തിക്കാത്തയിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുതിയസംവിധാനം സഹായകരമാകും. ഉയര്‍ന്നശക്തിയുള്ള ജലപീരങ്കിയാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈവര്‍ഷം തന്നെ ഈ നൂതന ഡ്രോണുകള്‍ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമാകും.