ട്രംപിന്റെ എഐ അഡ്വൈസർ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരനെത്തുകയാണ്. ഇന്ത്യൻ-അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണൻ. നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. സർക്കാർ മേഖലകളിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക, എഐയിൽ അമേരിക്കൻ നേതൃത്വം ഉറപ്പാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിൽ ഓഫ് അഡ്വൈസേഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുക എന്നിവയാണ് ശ്രീറാം കൃഷ്ണന്റെ ചുമതലകൾ. 

To advertise here,

ചെന്നൈയിൽ ജനിച്ച ശ്രീരാം കൃഷ്ണൻ കാഞ്ചീപുരത്തെ കാട്ടാൻകുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കുന്നത്. പിന്നീട് 2005-ൽ തന്റെ 21-ാം വയസ്സിൽ അദ്ദേഹം യു.എസിലേക്ക് താമസം മാറി. അച്ഛൻ ഇൻഷുറൻസിലാണ് ജോലി ചെയ്തിരുന്നത്. അമ്മ വീട്ടമ്മയായിരുന്നു. 

2005-ൽ മൈക്രോസോഫ്റ്റിൽ നിന്നാണ് ശ്രീറാം കൃഷ്ണൻ ടെക് ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. പിന്നീട് എക്സ്, യാഹൂ, ഫേസ്ബുക്ക്, സ്‌നാപ് എന്നിവയുടെ പ്രൊഡക്ട് ടീമുകളെ നയിച്ചു. ഫേസ്ബുക്കിലും സ്നാപ്പിലും ശ്രീറാം കൃഷ്ണൻ പ്രവർത്തിച്ചിരുന്ന കാലത്ത് മൊബൈൽ ആഡ് പ്രൊഡക്ട് വികസിപ്പിച്ചിരുന്നു. 2022-ൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇലോൺ മസ്കിനൊപ്പവും കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം ഉയര്‍ത്തുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. മസ്‌കുമായി ശ്രീറാമിന് അടുത്ത ബന്ധമാണുള്ളത്. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ് അസൂർ ടീമിൻ്റെ സ്ഥാപക അംഗമായിരുന്ന ശ്രീറാം കൃഷ്ണൻ 'പ്രോഗ്രാമിങ് വിൻഡോസ് അസ്യൂർ' എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. 

2021 ഫെബ്രുവരിയിൽ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ ശ്രീറാം കൃഷ്ണനും പൊതുപങ്കാളിയായിരുന്നു. 2023 ആയപ്പോഴേക്കും അദ്ദേഹം കമ്പനിയുടെ ലണ്ടൻ ഓഫീസിനെ നയിച്ചു. എന്നാൽ 2023 നവംബറിൽ സ്ഥാപനം വിട്ടു. നോഷന്‍, കാമിയോ, കോഡ, സ്‌കേല്‍.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉള്‍പ്പടെയുള്ള കമ്പനികളില്‍ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുണ്ട്.  2021-ൽ 'ദ ഗുഡ് ടൈം ഷോ' എന്ന് മുൻപ് അറിയപ്പെട്ടിരുന്ന 'ദി ആരതി ആൻഡ് ശ്രീറാം ഷോ' എന്ന പോഡ്‌കാസ്റ്റിൻ്റെ അവതാരകനായും അദ്ദേഹം അംഗീകാരം നേടി. ശ്രീറാം കൃഷ്ണൻ ഭാര്യ ആരതി രാമമൂർത്തിയ്‌ക്കൊപ്പമായിരുന്നു പോഡ്കാസ്റ്റ് ചെയ്തിരുന്നത്.

Inshort: Sreeram Krishnan, an Indian-American entrepreneur, appointed as senior White House policy advisor for Artificial Intelligence under President Trump.  His roles involve shaping AI policy and ensuring American leadership.