മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം ഇന്ത്യയില്‍ നിരോധിച്ചേക്കുമോ? കോടിക്കണക്കിന് വരുന്ന ടെലഗ്രാം ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന ചോദ്യം. ടെലഗ്രാം സഹസ്ഥാപകനും സി.ഇ.ഒയുമായ പാവേല്‍ ദുറോവ് ഓഗസ്റ്റ് 24ന് പാരീസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ടെലഗ്രാമിന്റെ ഭാവി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നുതുടങ്ങിയത്. 

To advertise here,

ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതായിരുന്നു ദുറോവിനെതിരായ പ്രധാന ആരോപണം. ചൈല്‍ഡ് പോണോഗ്രഫി, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വേദിയാവുന്നുവെന്നും അത് തടയാനുള്ള ആവശ്യത്തോട് ദുറോവ് സഹകരിക്കുന്നില്ല എന്നതുമായിരുന്നു അറസ്റ്റിനുകാരണം. നാലുദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷം ഓഗസ്റ്റ് 28-നു രാത്രി അദ്ദേഹത്തിനുമേല്‍ പ്രാഥമിക കുറ്റം ചുമത്തി, 50 ലക്ഷം യൂറോയുടെ ജാമ്യത്തില്‍വിട്ടു. ഫ്രാന്‍സ് വിടാന്‍ പാടില്ല, രണ്ടാഴ്ചകൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നീ നിബന്ധനകളോടെയായിരുന്നു ജാമ്യം.  

എന്തായാലും ദുറോവിന്റെ അറസ്റ്റിന് പിന്നാലെ ഇന്ത്യയിലും ടെലഗ്രാം ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ടെലഗ്രാമിനെതിരേ തീര്‍പ്പുകല്‍പ്പിക്കാത്ത പരാതികളുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ഐ.ടി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. ഈ അന്വേഷണം ചിലപ്പോള്‍ ടെലഗ്രാമിന്റെ നിരോധനത്തിലേക്ക് നയിച്ചേക്കാമെന്നുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം ടെലഗ്രാമിന് ഇന്ത്യയില്‍ നിരോധനം വരില്ലെന്ന് വാദിക്കുന്നവരും ഏറെയാണ്. 

2013-ല്‍ ആരംഭിച്ച ടെലഗ്രാമിന് ഇന്ത്യയില്‍ ഉള്‍പ്പെടെ 90 കോടിയോളം ഉപയോക്താക്കളുണ്ട്. പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടതാണ് ഇതിലെ സന്ദേശ കൈമാറ്റ സോഫ്റ്റ്‌വെയർ. ഒരു ഏജന്‍സികള്‍ക്കോ സര്‍ക്കാരിനോ ടെലഗ്രാം ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകില്ല. ഇത് ഭീകരവാദികള്‍ മുതലെടുക്കുമെന്ന ആക്ഷേപവും ശക്തമാണ്. എന്തായാലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക് അനുസരിച്ച് ടെലഗ്രാം നിരോധിക്കുന്ന കാര്യം അധികൃതര്‍ പരിശോധിച്ചേക്കുമെന്നാണ് വിവരം.