നിങ്ങള്‍ക്ക് റീലുകളും സിനിമകളും സൃഷ്ടിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും കാര്യമായ ക്യാഷ് അവാര്‍ഡുകള്‍ നേടാനുമുള്ള അവസരം ഇതാ. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍സിആര്‍ടിസി) ഈ മാസം ആദ്യം പ്രഖ്യാപിച്ച നമോ ഭാരത് ഷോര്‍ട്ട് ഫിലിം മേക്കിങ് മത്സരം. സൗഹൃദം, പ്രണയം, ത്രില്ലര്‍ തുടങ്ങി എന്ത് പ്രമേയം വേണമെങ്കിലും റീല്‍സ് വിഷയമായി തിരഞ്ഞെടുക്കാം. പക്ഷേ ഒറ്റ കണ്ടീഷന്‍ മാത്രം നമോ ഭാരത് ട്രെയിനുകളും റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം സ്റ്റേഷനുകളുമായിരിക്കണം ലൊക്കേഷന്‍. 

To advertise here,

നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ സ്വതന്ത്ര സിനിമാ നിര്‍മാതാക്കള്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ആര്‍ക്കുവേണമെങ്കിലും പങ്കെടുക്കാം.  കുറഞ്ഞ് 1080p റെസല്യൂഷനില്‍ MP4, MOV ഫോര്‍മാറ്റുകളില്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയിലായിരിക്കണം വീഡിയോ ചിത്രീകരിക്കേണ്ടത്. ഒന്നരലക്ഷം രൂപയാണ് വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപ, മൂന്നാം സ്ഥാനത്തിന് അരലക്ഷം എന്നിങ്ങനെ മറ്റ് സമ്മാനങ്ങളുമുണ്ട്. സിനിമയടക്കമുള്ള മാധ്യമങ്ങള്‍ക്ക് മികച്ച ലൊക്കേഷനാണ് നമോഭാരതെന്ന് അറിയിക്കുന്നതിനാണ് എന്‍സിആര്‍ടിസി മത്സരം സംഘടിപ്പിക്കുന്നത്.