ഹാംബർഗർ, ഐസ്ക്രീം, കരോക്കെ.... ഉത്തരകൊറിയൻ ഈ വാക്കുകൾക്കെല്ലാം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പ്രസിഡന്റ് കിം ജോങ് ഉൻ. ഇത്തരം പാശ്ചാത്യ വാക്കുകളുടെ ഉപയോ​ഗം രാജ്യത്തെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിച്ചെന്നാണ് പ്രസിഡന്റിന്റെ വാദം. നിരോധിച്ച വാക്കുകൾക്ക് പകരം വാക്കും കണ്ടുപിടിച്ചിട്ടുണ്ട്. ഐസ്ക്രീം ഇനി മുതൽ എസ്യുക്കിമോ ആണ്. ഹാംബർഗർ എന്ന വാക്കിന് പകരം ഡാജിൻ-ഗോഗി ഗ്യോപ്പാങ് എന്ന് പയോ​ഗിക്കണം. പാശ്ചാത്യ വാക്കുകൾ ഒഴിവാക്കി ഉത്തരകൊറിയൻ പദാവലി പ്രോത്സാഹിപ്പിക്കുക, ഭാഷയിലെ സാംസ്കാരിക കടന്നുകയറ്റം തടയുക എന്നിവയൊക്കെയാണ് പുതിയ നിർദേശത്തിന് പിന്നിലെ കാരണമായി ഉദ്യോ​ഗസ്ഥർ പറയുന്നത്. 

To advertise here,

ഉത്തരകൊറിയയിൽ അടുത്തിടെ തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിലെ ടൂർ ഗൈഡുകൾ സന്ദർശകരോട് സംസാരിക്കുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കണമെന്ന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അംഗീകൃതമായ പദപ്രയോഗങ്ങൾ മനസിലാക്കാനായി ടൂർ ഗൈഡുകൾ സർക്കാർ നടത്തുന്ന പരിശീലന പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഇത്തരം വിചിത്ര ഉത്തരവുകൾ ആദ്യമായല്ല രാജ്യത്ത് കൊണ്ടുവരുന്നത്. വിദേശ സിനിമകളോ ടെലിവിഷൻ ഡ്രാമ​കളോ കാണുകയോ പങ്കുവെക്കുകയോ ചെയ്യുന്നവർക്ക് ഭരണകൂടം വധശിക്ഷ പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു. 2015 മുതൽ ഉത്തരകൊറിയയിൽ ശത്രു രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമാക്കുന്ന കർശന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്.