അര നൂറ്റാണ്ടിന് ശേഷം സത്യം പുറത്തുവന്നു; പാബ്ലോ നെരൂദ മരിച്ചത് വിഷം ഉള്ളിൽച്ചെന്ന്
ആധുനിക ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ കവി പാബ്ലോ നെരൂദയുടെ മരണത്തിന്റെ ചുരുളഴിഞ്ഞു. അദ്ദേഹം മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് വിദഗ്ധർ കണ്ടെത്തി. നൊബേൽ സമ്മാനജേതാവായ കവിയുടേത് സ്വാഭാവിക മരണമല്ല, കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. നാഡീവ്യൂഹത്തെ തളർത്തി മരണത്തിലേക്കു നയിക്കുന്ന ബോട്ടുലിസം എന്ന രോഗാവസ്ഥയുണ്ടാക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങളിൽ കണ്ടെത്തിയത്.
1973 സെപ്റ്റംബർ 23-ന് സാന്തിയാഗോയിലെ ആശുപത്രിയിലാണ് നെരൂദ മരിച്ചത്. സുഹൃത്തും ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവുമായ ചിലിയൻ പ്രസിഡന്റ് സാൽവദോർ അല്യെന്ദെ അമേരിക്കയുടെ പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയിൽ പുറത്തായി 12 ദിവസം കഴിഞ്ഞായിരുന്നു നെരൂദയുടെ മരണം. പ്രോസ്ട്രേറ്റ് അർബുദവും പോഷകാഹാരമില്ലായ്മയുമാണ് മരണകാരണമെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. മരണത്തിനു രണ്ടുദിവസംമുമ്പ് ഏതാണ്ട് 100 കിലോഗ്രാമായിരുന്നു കവിയുടെ തൂക്കമെന്നിരിക്കെയായിരുന്നു ഈ വാദം.
അദ്ദേഹത്തിന്റെ അനന്തരവൻ റൊഡോൾഫോ റെയ്സുൾപ്പെടെ ഒട്ടേറെപ്പേർ ഇതു മുഖവിലയ്ക്കെടുത്തില്ല. ഏകാധിപതി അഗസ്റ്റോ പിനോഷെയെ എതിർത്തിരുന്ന നെരൂദയെ വധിച്ചതാണെന്ന് അവർ വിശ്വസിച്ചു. നെരൂദയുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു പരിശോധിക്കാൻ 10 വർഷംമുമ്പ് ചിലിയൻ ജഡ്ജി അനുമതി നൽകി. ഉറങ്ങുമ്പോൾ വയറ്റിൽ ആരോ കുത്തിവെച്ചെന്ന് മരണത്തിന് ഏതാനും മണിക്കൂർമുമ്പ് ആശുപത്രിയിൽനിന്ന് നെരൂദ തന്നെ ഫോണിൽ വിളിച്ചുപറഞ്ഞെന്ന ഡ്രൈവർ മാനുവൽ അരായയുടെ വെളിപ്പെടുത്തലിനെത്തുടർന്നായിരുന്നു ഈ ഉത്തരവ്.
പരിശോധിച്ചത് നാലു രാജ്യങ്ങളിൽ
നാലു രാജ്യങ്ങളിലെ ലബോറട്ടറികളിലാണ് അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങൾ പരിശോധിച്ചത്. ഡെൻമാർക്കിലെയും കാനഡയിലെയും ലാബുകളിൽ നടത്തിയ പരിശോധനയിലാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ അദ്ദേഹത്തിന്റെ എല്ലുകളിൽ കണ്ടെത്തിയതെന്ന് അഭിഭാഷകൻ കൂടിയായ റെയ്സ് കഴിഞ്ഞദിവസം സ്പാനിഷ് വാർത്താ ഏജൻസിയായ എഫെയോടു പറഞ്ഞു. 2017-ൽ ഇതേ വിദഗ്ധർ നെരൂദയുടെ പല്ലിലും ഈ ബാക്ടീരിയ കണ്ടെത്തിയിരുന്നു.
Content Highlights: Mystery behind the death of Pablo Neruda solved
Published: 16 Feb 2023, 07:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented