ആപ്പിള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 16 അങ്ങനെ ലോഞ്ച് ചെയ്തിരിക്കുന്നു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ബേസ് മോഡലുകളില്‍ ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്ന പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമാണ് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് മോഡലുകള്‍. പുതിയ ചിപ്പ്, ക്യാമറ കണ്‍ട്രോള്‍ ബട്ടന്‍ ഒക്കെയുള്ള ഐഫോണ്‍ 16 അഞ്ച് കളര്‍ ഫിനിഷുകളില്‍ ലഭ്യമാണ്.

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ മികച്ച പെര്‍ഫോമന്‍സിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ക്യാമറ ശേഷി, ഗെയിമിങ് ശേഷി, സാറ്റലൈറ്റ് മെസേജിങ് സൗകര്യം, മികച്ച ബാറ്ററി എന്നിവയെല്ലാം ഇതോടെ ലഭിക്കും. ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയ എ18 ചിപ്പ്സെറ്റില്‍ എല്ലാ മോഡലുകളും പ്രവര്‍ത്തിക്കും.

48 എംപി ഫ്യൂഷന്‍ ക്യാമറയും, 12 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍ക്കുള്ളത്. ക്യാമറ കണ്‍ട്രോള്‍ ബട്ടന്റെ സഹായത്തോടെ എളുപ്പത്തില്‍ ക്യാമറ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ മോഡുകളില്‍ ഉപയോഗിക്കാം. ചിത്രം ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും സോഫ്റ്റ് ടച്ച് മാത്രം മതി. സ്പേഷ്യല്‍ ഇമേജ് ക്യാപ്ചര്‍, റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പ് എന്നിവ പുതിയ ഐഒഎസ് 18ല്‍ ലഭ്യമാണ്. ഐഫോണ്‍ 16, 128 ജിബി വേര്‍ഷന് 79900 രൂപയും ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89900 രൂപയുമാണ് വില.

ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും വലിയ ഐഫോണ്‍ സ്‌ക്രീനുമായാണ് ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് മോഡലുകള്‍ എത്തുന്നത്. 6.3 ഇഞ്ച്, 6.9 ഇഞ്ച് സ്‌ക്രീന്‍ വലിപ്പം. കൂടാതെ നാല് കളര്‍ ഓപ്ഷനുമുണ്ട്. 48 എംപി ഫ്യൂഷന്‍ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5 എക്സ്  12 എംപി ടെലിഫോട്ടോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണ് പ്രോമാക്‌സിലുള്ളത്. 120 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനും സ്ലോമോഷന്‍ വീഡിയോ ചിത്രീകരിക്കാനും എച്ച്ഡിആര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള കഴിവ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കുണ്ട്. മാത്രമല്ല മികച്ച സ്പേഷ്യല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും സാധിക്കും. ഐഫോണ്‍ 16 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ 16 മാക്സിന് 144900 രൂപയുമാണ് വില.

ഐഫോണ്‍ ലോഞ്ചിങ്ങിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2, എയര്‍പോഡ്സ് 4, എയര്‍ പോഡ്സ് മാക്സ് എന്നിവയും എത്തിയിട്ടുണ്ട്.

To advertise here,

Inshort: Apple unveils the iPhone 16 series featuring a new design, powerful A18 chip, enhanced camera system, and upgraded features. Explore the new iPhone 16, iPhone 16 Plus, iPhone 16 Pro, and iPhone 16 Pro Max models.