ഓണ്‍ലൈനില്‍ വാതുവെച്ചാല്‍ ഇനി പണികിട്ടും. ഓണ്‍ലൈന്‍ വാതുവെപ്പ് തടയുന്ന ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ കനത്തശിക്ഷയാണ് കുറ്റക്കാരെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് അതിവേഗത്തില്‍ വളരുന്ന സാഹചര്യം പരിഗണിച്ചാണ് ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്ലുമായിയെത്തിയിരിക്കുന്നത്.

To advertise here,

ഓണ്‍ലൈന്‍ വാതുവെപ്പ്/ഗെയിമിങ് ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി നിരന്തരം നിരീക്ഷിച്ചിരുന്നു. ടെക് ഭീമന്മാരായ ഗൂഗിളിനും മെറ്റയ്ക്കുംവരെ ഇഡി നോട്ടീസും അയച്ചു.

നിയമവിരുദ്ധ ഓണ്‍ലൈന്‍ വാതുവെപ്പുംഗെയിമിങും നടത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും ഒരുകോടിരൂപ വരെ പിഴയും ലഭിയ്ക്കും. പരസ്യങ്ങളുടെയും പ്രമോഷനുകളുടെയും ഭാഗമാകുന്നവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെയുമാണ് പിഴ. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ മൂന്നുവര്‍ഷംവരെ തടവും ഒരുകോടി രൂപവരെ പിഴയും. കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും ഉയര്‍ന്നപിഴയും ശിക്ഷ ലഭിയ്ക്കും.