മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാധാരണകള്‍ സമൂഹത്തിലുണ്ട്. മിക്കവരുടെയും കണ്ണില്‍  മുടി കൊഴിച്ചിലിന്റെ പ്രധാന പ്രശ്‌നക്കാരാണ് ഹെല്‍മെറ്റും ക്ലോറിന്‍ വെള്ളവും. വാസ്തവത്തില്‍ ഇവരണ്ടും മുടി കൊഴിച്ചിലിന് കാരണമാകില്ല. പല പുരുഷന്‍മാരും കരുതുന്നത് ഹെല്‌മെറ്റ് ഉപയോഗിക്കുന്നത് മൂലമാണ് മുടി കൊഴിയുന്നത് എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ കഷണ്ടിയാണ് വില്ലന്‍. അത്തരം കഷണ്ടിക്ക് പലതരം ചികിത്സകളും ലഭ്യമാണ്.

To advertise here,

എങ്കിലും വൃത്തിഹീനമായ ഹെല്‍മെറ്റ് ധരിക്കുന്നത് ഫംഗസ് അണുബാധകള്‍ക്ക് കാരണമാകും. ഇത് തലയോട്ടിയെയും മുടിയെയും ദുര്‍ബലപ്പെടുത്തും. ഈര്‍പ്പം കുറയ്ക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഹെല്‍മെറ്റ് ലൈനറുകള്‍ പതിവായി വൃത്തിയാക്കുകയോ സ്‌കാര്‍ഫ് പോലുള്ളവ ധരിക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്. ഹെല്‍മെറ്റ് തലയോട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ലെന്ന് ഇതുറപ്പാക്കും.

ക്ലോറിന്‍ വെള്ളത്തിലുള്ള കുളിയും മുടി കൊഴിച്ചിലിന് കാരണമാകില്ല. വെള്ളത്തിന്റെ ഗുണനിലവാരം  മുടിയുടെ ഘടനയെ ബാധിക്കുമെങ്കിലും മുടി കൊഴിച്ചിലിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പലപ്പോഴും ശിരോചര്‍മത്തിന്റെ ആരോഗ്യം, അനുചിതമായ പരിചരണം അല്ലെങ്കില്‍ മറ്റ്  അസുഖങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. 

താരന്‍, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പിസിഒഡി മുതലായ ഹോര്‍മോണ്‍ തകരാറുകള്‍, വിറ്റാമിന്‍ ഡിയുടെ കുറവ്, ഹീമോഗ്ലോബിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥകളെല്ലാം മുടി കൊഴിച്ചിലിന് കാരണമാകും. മുടിയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ , സ്‌ട്രെയിറ്റിനിങ് , ചില മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവയും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും

ഷാംപൂ ചെയ്യുമ്പോഴുള്ള കരുതല്‍ മുടികൊഴിച്ചില്‍ തടയുന്നതില്‍ പ്രധാനമാണ്. സള്‍ഫേറ്റ് പോലുള്ള കഠിനമായ രാസവസ്തുക്കള്‍ ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കണം. ഷാംപൂ ചെയ്തതിനുശേഷം കണ്ടീഷണര്‍ ഉപയോഗിക്കുന്നതും ശീലമാക്കണം.

Content Credit: Dr.Soumya Jagadeeshan