നിയമങ്ങളും ശിക്ഷയുമെല്ലാം ശക്തമാവുമ്പോഴും കലാലയങ്ങളില്‍ നിന്ന് റാഗിങ് ക്രൂരതകളുടെ മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ വര്‍ഷവും ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി സര്‍വകലാശയിലെ സിദ്ധാര്‍ഥനായിരുന്നു റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെങ്കില്‍ അതിന് ഒരു വര്‍ഷം തികയുന്നതിന് മുന്നെയാണ് കോട്ടയം ഗവ.നഴ്സിങ് കോളേജില്‍ നിന്നും അതിക്രൂരമായ റാഗിങ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തും താല്‍ക്കാലികമായി അറസ്റ്റ് ചെയ്തും അധികാരികള്‍ നിലവിലെ പ്രതിഷേധത്തിന് തടയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈ കാടത്തം കുറച്ചു കൊണ്ടുവരാന്‍ സാധിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടകരമായ വസ്തുത.
റാഗിങ്ങിനെതിരേ യു.ജി.സിയുടെ ശക്തമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാമുണ്ടെങ്കിലും കേരളത്തില്‍ ഇക്കാലമത്രയും ഒരു കേസില്‍ മാത്രമാണ് പ്രതികളെ തടവിന് ശിക്ഷിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ഥ്യം. അതും കോട്ടയത്തായിരുന്നു. 2005 ല്‍ കോട്ടയം എസ്.എം.ഇ കോളേജില്‍ നടന്ന റാഗിങ്ങും അതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടതുമായിരുന്നു കേസ്. കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവും ഒരു വിദ്യാര്‍ഥിക്ക് മൂന്നുവര്‍ഷം തടവുമായിരുന്നു ലഭിച്ചത്. പക്ഷെ അതില്‍ നിന്നൊന്നും കലാലയങ്ങള്‍ പാഠം പഠിച്ചില്ല.
1998-ലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റാഗിങ് നിരോധനനിയമം പാസാക്കുന്നത്. ഇതിലെ വകുപ്പ് നാലിലാണ് പ്രതികളെ രണ്ടുവര്‍ഷംവരെ തടവിന് ശിക്ഷിക്കാമെന്നു പറയുന്നത്. 2001-ല്‍ റാഗിങ് നിരോധിച്ച് സുപ്രീംകോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009-ല്‍ റാഗിങ് തടയുന്നതിനായി യു.ജി.സി. ചട്ടങ്ങളും നിലവില്‍വന്നു.
കലാലയങ്ങളില്‍ ആന്റി റാഗിങ് സ്‌ക്വാഡും ആന്റി റാഗിങ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രാഥമികാന്വേഷണത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ പരാതി പോലീസിന് കൈമാറണമെന്ന് യു.ജി.സി. ചട്ടത്തില്‍ പറയുന്നുണ്ട്. നിയമം ഇത്രയും ശക്തമായിട്ടും എന്തുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെട്ട് പോവുന്നുവെന്ന് ആലോചിക്കുമ്പോഴാണ് അവിടെ രാഷ്ട്രീയത്തിന്റേയും പണത്തിന്റേയും സ്വധീനം കൃത്യമായി തടസ്സം നില്‍ക്കുന്നുവെന്ന കാര്യം നമുക്ക് ബോധ്യമാവുന്നത്.
2022 ഏപ്രില്‍ ഒന്നുമുതല്‍ 2025 ഫെബ്രുവരി 14 വരെയു യു.ജി.സി ആന്റി റാഗിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുപ്രകാരം മൊത്തം 103 റാഗിങ് കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് വയനാട് പൂക്കോട് വെറ്ററിനെറി സര്‍വകലാശയിലെ സിദ്ധാര്‍ഥന്റെ മരണം. അന്നും വലിയ കോലാഹലങ്ങളുണ്ടായെങ്കിലും പിന്നീട് പ്രതികളായവര്‍ക്ക് കോളേജില്‍ പ്രവേശിക്കാനുള്ള സാഹചര്യംവരെയുണ്ടാവുന്നത് കണ്ടു. പക്ഷെ കുടുംബം കോടതിയെ സമീപിച്ചതോടെയാണ് അതില്ലാതായത്.
പലപ്പോഴും പരാതി പോലീസിന് കൈമാറുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ ഒത്തുതീര്‍പ്പില്‍ ഒതുങ്ങുകയാണ് പതിവ്. വിദ്യാര്‍ഥിസംഘടനകള്‍ തമ്മിലുള്ള വൈരാഗ്യവും വ്യക്തിവിരോധവും പലപ്പോഴും റാഗിങ് പരാതികള്‍ക്കുപിന്നിലുണ്ടാവുന്നുണ്ട്. ഇത് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പോലീസിനും കഴിയുന്നില്ല. ഇരകളാവുന്ന വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിന് തടസ്സമാകുമോ എന്ന ഭയവും പരാതിയുമായി മുന്നോട്ടുപോവുന്നതില്‍ നിന്നും പരാതിക്കാരെ തടയ്യുന്നുണ്ട്.
പ്രതികള്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകളുടെ ഭാഗമാണെങ്കില്‍ മാതൃസംഘടനകളുടെയടക്കം പിന്തുണയും ഭീഷണിയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളേയും പരാതി കൊടുക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവുന്നതിന് പ്രേരിപ്പിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്താണ് റാഗിങ്ങിന് യു.ജി.സി നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങളെന്ന് നോക്കാം. കോളേജ് മാത്രമല്ല ഹോസ്റ്റല്‍ അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളും റാഗിങ് നിരോധന നിയമത്തിന്റെ പരിധിയില്‍വരുന്നുണ്ട്. റാഗിങ്ങ് നടന്നാല്‍ പ്രാഥമികാന്വേഷണംപോലുമില്ലാതെ വാര്‍ഡന്‍ പ്രിന്‍സിപ്പല്‍ മുഖേന പോലീസില്‍ വിവരം നല്‍കണമെന്നാണ് നിയമം. ഇതിന് പുറമെ യു.ജി.സിയുടെ 1800-180-5522 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും വിവരമറിയിക്കുകയും ചെയ്യാം.
പരാതികിട്ടിയാല്‍ യു.ജി.സി. ഉടന്‍ ലോക്കല്‍ പോലീസിലും കോളേജിലും സര്‍വകലാശാലയിലും വിവരമറിയിക്കും. തുടര്‍നടപടികള്‍ അറിയാന്‍ എല്ലാ ദിവസവും പോലീസിനെയടക്കം ബന്ധപ്പെടുകയും ചെയ്യും.
ശിക്ഷാ നടപടികള്‍ ഇങ്ങനെയാണ്
- റാഗിങ്ങ് തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
- മൂന്നുവര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാനാവില്ല
- സ്‌കോളര്‍ഷിപ്പും പരീക്ഷാ ഫലവും തടഞ്ഞുവെക്കും
- കേസ് മറച്ചുവെച്ചാല്‍ സ്ഥാപന മേധാവിയിടക്കം പ്രതികളാവുകയും ചെയ്യും.
മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍. വാക്കുകള്‍കൊണ്ടുള്ള കളിയാക്കല്‍, വിദ്യാര്‍ഥികളോട് അപമര്യാദയോടെയുള്ള പെരുമാറ്റം, അന്തസ്സിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാക്കുകളുടെ ഉപയോഗം, സാമ്പത്തിക ദുരുപയോഗം, കവര്‍ച്ച എന്നിവയെല്ലാം റാഗിങ്ങ് പരിധിയില്‍ വരികയും ചെയ്യും. അത്രമാത്രം ശക്തമാണ് നിയമങ്ങളും നിര്‍ദേശങ്ങളും. പക്ഷെ ഓരോ വര്‍ഷവും കാലലയങ്ങളില്‍ റാഗിങ് പരാതികളുടെ എണ്ണം വര്‍ധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് കണക്കുകള്‍ നല്‍കുന്ന വിവരം.
നമ്മുടെ നിയമങ്ങളെ നോക്കി റാഗിങ്ങിന് ഇരകളായവര്‍ ഇന്നും അതീജിവനവും ജീവനവും നഷ്ടപ്പെട്ട് നിസ്സഹായരായി നില്‍ക്കുന്നുണ്ട്. പലര്‍ക്കും ആരോഗ്യം പോലും നഷ്ടപ്പെട്ടു. മറ്റ് ചിലര്‍ക്ക് അവരുടെ കരിയറും സ്വപ്നങ്ങളും അപ്പാടെ ഇല്ലാതായി. എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും റാഗിങ് വാര്‍ത്തകള്‍ ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെ തന്നെ നടക്കുമെന്ന് പറയുന്നു ഇരകളും കുടുംബങ്ങളും.
Content Highlights: despite strict anti ragging laws ragging cases continues in kerala
Published: 17 Feb 2025, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented