ലോക്ഡൗൺ ഇനി ഞായർ മാത്രം, കടകൾ ആറ് ദിവസം; പ്രഖ്യാപനം ഇന്ന്
എല്ലാ കടകളും ആഴ്ചയിൽ ആറുദിവസവും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാൻ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കും. ഇത് ഞായറാഴ്ച മാത്രമാക്കും.
കടകളിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും പ്രവേശിക്കാൻ ഒരു ഡോസ് വാക്സിൻ അല്ലെങ്കിൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് പോലുള്ള നിബന്ധനകൾ ഏർപ്പെടുത്തും. മാറ്റങ്ങൾ വ്യാഴാഴ്ച പ്രാബല്യത്തിൽവരും. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ഞായറാഴ്ചയും അവിട്ടം നാളായ 22 ഞായറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ മുഴുവനായി നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉപേക്ഷിക്കും.
ഓരോ മേഖലയിലും ആയിരം പേരിൽ എത്ര രോഗികൾ എന്നതിനെ ആധാരമാക്കി ക്ലസ്റ്റർ അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഒരാഴ്ചയിലെ രോഗികളുടെ കണക്കാണ് ഇതിനായി ഉപയോഗിക്കുക. വിദഗ്ധസമിതി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പ്രഖ്യാപിക്കും.
Published: 04 Aug 2021, 07:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented