വാണിയംകുളം: കന്നുകാലി ചന്തയില്‍ എത്തുന്ന കാലികളെ സുന്ദരന്‍മാരാക്കാനുണ്ട് ഒരു 'ബ്യൂട്ടീഷ്യന്‍'. ആറ് പതിറ്റാണ്ടിലേറെയായി ഈ പണി ചെയ്യുന്ന തമിഴ്‌നാട് ഒട്ടന്‍ചത്രം സ്വദേശി കറുപ്പുസ്വാമി (78)യാണ് ഈ ബ്യുട്ടീഷ്യന്‍. പെരുന്നാള്‍ ചന്തയോടുബന്ധിച്ച് വാണിയംകുളം ചന്തയില്‍ കന്നുകാലികളുടെ ഈ 'ബ്യുട്ടീഷ്യന്‍' തിരക്കോട് തിരക്കിലായിരുന്നു. മകന്‍ ചെല്ല ദുരൈയും പെരിയദുരൈയും അച്ഛനോടൊപ്പമുണ്ട്. ചന്തയില്‍ വില്‍പ്പനക്കായി എത്തുന്ന കാളകളുടെ കൊമ്പ് മുറിച്ച് ചെത്തിമിനുക്കി ഭംഗിയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ ഭംഗിയാക്കി നിര്‍ത്തിയാലാണ് കൂടുതല്‍ ആകര്‍ഷണവും വിലയും ലഭിക്കുകയെന്ന് കച്ചവടക്കാര്‍ പറഞ്ഞു. സാധാരണയായി കൂടുതലും കാളകളുടെ കൊമ്പാണ് വൃത്തിയാക്കാന്‍ വരിക.

To advertise here,

ഓരോ കാളകളുടെയും പ്രായത്തിനുസരിച്ചാണ് കൊമ്പുകള്‍ മുറിക്കുക. തുടര്‍ന്ന് കത്തി കൊണ്ട് ചെത്തിമിനുക്കി കൊമ്പ് ഭംഗിയാക്കും. ഒരു കാളയെ കൊമ്പ് മുറിച്ച് ഭംഗി വരുത്താന്‍ 150 രൂപയാണ് ഈടാക്കുന്നത്. അരമണിക്കൂറിലേറെ സമയം വേണം ഇങ്ങനെ കൊമ്പൊരുക്കാന്‍.

പാരമ്പര്യമായി കിട്ടിയ കുലതൊഴിലാണിത്. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് കാളകളുടെ കൊമ്പുകള്‍ ഒരുക്കുകയും ചെയ്യാറുണ്ടെന്ന് കറുപ്പുസ്വാമി പറഞ്ഞു. നീളമുള്ളതും, വളഞ്ഞതുമൊക്കെയായ കൊമ്പുകള്‍ മുറിച്ചാണ് ഭംഗിയുള്ള കൊമ്പാക്കുക. കന്നുകാലി ചന്തയുടെ തലേ ദിനമാണ് കാലികളുടെ കൊമ്പുകള്‍ ചെത്തിമിനുക്കി വൃത്തിയാക്കുന്നത്. പിറ്റെ ദിവസം നടക്കുന്ന ചന്തയില്‍ ഇങ്ങനെ കൊമ്പെല്ലാം ഒരുക്കി ചന്തത്തോടെയാണ് കാലികളുണ്ടാകുക. 

വാണിയംകുളത്തിന് പുറമെ പെരുമ്പിലാവ്, കുഴല്‍മന്ദം ചന്തകളിലും കറുപ്പുസ്വാമിയും മക്കളും സജീവമാണ്. ഓരോ കാളകളുടെ വലുപ്പത്തിനും, മുഖത്തിനും ചേര്‍ന്ന രീതിയിലാണ് കൊമ്പുകള്‍ ഒരുക്കുകയെന്ന് കറുപ്പുസ്വാമി പറഞ്ഞു. ചിലപ്പോള്‍ അപകടങ്ങളും പതിവാണ്. കൊമ്പ് മുറിക്കുന്നതിനിടെ കാളകള്‍ കുത്തുന്ന സ്ഥിതിയുണ്ട്. കൊമ്പ് മുറിക്കാനും, മിനുക്കാനും, ഭംഗിയാക്കാനുമൊക്കെ പ്രത്യേക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. കറുപ്പുസ്വാമിയെ തേടിയെത്തുന്ന സ്ഥിരം കന്നുകാലി കച്ചവടക്കാരുണ്ട്.